ജീവന്റെ മൂല്യം പ്രഘോഷിച്ചു കൊണ്ട് അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധേയമായ പ്രൊ ലൈഫ് മാർച്ചിന് തയ്യാറെടുത്ത് ഭാരതo.ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രോ ലൈഫ് മാർച്ചിന് രാജ്യതലസ്ഥാനമായ ഡൽഹിയാണ് വേദിയാകുന്നത്.
ഭരണസിരാകേന്ദ്രമായ പാർലമെന്റിന്റെ ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രധാന്യം ഏറെയുള്ള ജന്തർമന്ദിറിൽ നിന്ന് ഓഗസ്റ്റ് 10 വൈകിട്ട് 4.00നാണ് പ്രോ ലൈഫ് മാർച്ചിന് തുടക്കം കുറിക്കുക. ഏതാണ്ട് 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡൽഹി അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മാർച്ച് എത്തിച്ചേരും. തുടർന്ന് ദിവ്യബലി അർപ്പണം ആർച്ച്ബിഷപ്പ് അനിൽ കൂട്ടോയുടെയോ സഹായമെത്രാൻ ദീപക് വലേറിയൻ ടൗറോയുടെയോ കാർമ്മികത്വത്തിലായിരിക്കും. അതിനുശേഷം കത്തീഡ്രൽ ഹാളിൽ പ്രോ ലൈഫ് സംഘടനകളുടെ നേതൃത്വത്തിൽ പ്രോ ലൈഫ് എക്സിബിഷനും ക്രമീകരിച്ചിട്ടുണ്ട്.
ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിട്ട് 50 വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ, ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യ’യാണ് ദേശീയ തലത്തിലുള്ള പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കുന്നത്. ‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എം.ടി.പി) ആക്ടി’ലൂടെ 1971 ഓഗസ്റ്റ് 10നാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭാരതത്തിൽ ഓരോ വർഷവും 15.5 ദശലക്ഷത്തിൽപ്പരം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ഛിദ്രത്തിന് ഇരയാകുന്നുണ്ട്.
‘നാഷനൽ മാർച്ച് ഫോർ ലൈഫ്’ ഒരു ദേശീയ മുന്നേറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഗർഭസ്ഥ ശിശുക്കളുടെ അവകാശത്തിനായി ശബ്ദമുയർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരോഹിതരും പങ്കെടുക്കും. വിവിധ പ്രോ ലൈഫ് സംഘടനകളുടെ പങ്കാളിത്തവും സംഘാടകർ ഉറപ്പാക്കിക്കഴിഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group