ഫാ. സ്റ്റാൻ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടുക്കം ഉളവാക്കുന്നത്

അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണ്. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു. ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന കണ്ടെത്തൽ ഭീതിജനകമാണ്. താൻ ആർക്കുവേണ്ടി സംസാരിച്ചുവോ, ആ പാവപ്പെട്ടവരുടെ ഉന്നതി കാംക്ഷിക്കാത്ത ഒന്നായി ഇന്നത്തെ ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ വെളിപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമിയെ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ള സകലരും മനസ്സിലാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ആദർശ ശുദ്ധിയും ലോകം തിരിച്ചറിയേണ്ടതുണ്ട്. ഫാ. സ്റ്റാനിന്റെ മരണശേഷവും തുടരുന്ന നിയമയുദ്ധത്തിൽ അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഒപ്പം നിന്നവർക്കും നീതിലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഫോറൻസിക്ക് ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ വെളിപ്പെടുത്തലുകൾ വിശദമായി പരിശോധിക്കുകയും, ഇത്തരമൊരു ഹീനമായ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടുകയും വേണം. ഫാ. സ്റ്റാൻ സ്വാമിക്കൊപ്പം പ്രതിചേർക്കപ്പെട്ടവർക്കെതിരെയും ഇത്തരത്തിൽ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാർക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾവഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണം.

കടപ്പാട് :
കെസിബിസി കമ്മീഷൻ ഫോർ സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group