3 വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും 10 വര്‍ഷം തടവുശിക്ഷ വിധിച്ച് നിക്കരാഗ്വേ ഭരണകൂടo

നിക്കരാഗ്വേയിലെ ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധത തുടര്‍ക്കഥയാവുന്നു.

മതഗല്‍പ്പ രൂപതയില്‍പ്പെട്ട മൂന്ന്‍ കത്തോലിക്കാ വൈദികര്‍ക്കും ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും
10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു കൊണ്ടാണ് പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത തുടരുന്നത്.

ദേശീയ അഖണ്ഡതയേ ബാധിക്കുന്ന ഗൂഡാലോചന നടത്തി എന്ന കുറ്റത്തിന് 5 വര്‍ഷവും, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണ മറവിൽ 5 വര്‍ഷവും ചേര്‍ത്ത് മൊത്തം 10 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിനുപുറമേ, 800 ദിവസത്തെ പിഴയും വിധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 6-ന് സെക്കന്‍ഡ് ക്രിമിനല്‍ ട്രയല്‍ ജില്ലാ കോടതി ജഡ്ജി നാദിയ ടാര്‍ഡെന്‍സിന്റേതാണ് വിധി.

ജുവാന്‍ പാബ്ലോ II സര്‍വ്വകലാശാലയുടെ റെക്ടറായ ഫാ. റാമിറോ റെയ്നാള്‍ഡോ ടിജേരിനോ ഷാവേസ് (50), മതഗല്‍പ്പ കത്തീഡ്രലിന്റെ മുന്‍ വികാരിയായിരുന്ന ഫാ. സാദിയേല്‍ അന്റോണിയോ യൂഗാരിയോസ് കാനോ (35), മതഗല്‍പ്പ കത്തീഡ്രലിന്റെ വികാരിയായ ജോസ് ലൂയിസ് ഡയസ് ക്രൂസ് എന്നീ വൈദികര്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റാവൂള്‍ അന്റോണിയോ വെഗാ ഗോണ്‍സാലസ് (27) എന്ന ഡീക്കനും, ഡാര്‍വിന്‍ എസ്റ്റെലിന്‍ ലെയിവാ മാന്‍ഡോസ (19), മെല്‍ക്കിന്‍ അന്റോണിയോ സെന്റെനോ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, സെര്‍ജിയോ ജോസ് കാര്‍ഡെനാസ് ഫ്ലോറസ് എന്ന 32 കാരനായ അത്മായനുമാണ് വൈദികര്‍ക്ക് പുറമേ തടങ്കലിലാക്കപ്പെട്ടിരിക്കുന്നവര്‍. മറ്റൊരു വൈദികനായ ഫാ. ഓസ്കാര്‍ ബെനാവിദെസിന് ഇക്കഴിഞ്ഞ ഫെബ്രുവരി 4-ന് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group