മാതൃകാപരമായ കേരള ക്രൈസ്തവ സഭകളുടെ “മെഡിക്കൽ വിദ്യാഭ്യാസ ” നിലപാട്

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

കേരളം സാക്ഷരതയിൽ ഭാരതത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി പോകുന്ന സംസ്ഥാനമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ജാതി വിവേചനത്തിന്റെ അയിത്തം പേറിയ മണ്ണിൽ വിദ്യ അഭ്യസിക്കുവാൻ ജാതിയുടെ അതിർത്തി വരമ്പുകൾ വിഘ്നങ്ങൾ തീർത്തിരുന്ന ഒരു ഇരുട്ട അധ്യായം നിറഞ്ഞ ഭൂതകാലം കേരളത്തിന്റെ മണ്ണിനുണ്ടായിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ട , ഒരാൾക്ക് വിദ്യ അഭ്യസിക്കുവാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ അത് മുളയിലെ നുള്ളപ്പെടുന്ന കാലം. ഉയർന്ന ജാതിയിൽപ്പെട്ടവർ വിദ്യ അഭ്യസിക്കുന്നയിടത്ത് ഒളിച്ചും പതുങ്ങിയും ഒരു താഴ്ന്ന ജാതിക്കാരനായ അവർണ്ണനെന്ന് മുദ്രകുത്തപ്പെടുന്ന ഒരാൾ കേട്ടു പഠിക്കുന്നത് സവർണ്ണ മേലാളൻമാർ കണ്ടെത്തിയാൽ പിന്നെ ഏതു കാതുകൊണ്ടാണോ അവയൊക്കെ കേട്ടു പഠിച്ചത് ആ കാതിലേയ്ക്ക് ഈയം ഉരുക്കി ഒഴിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു അന്ന് നിലനിന്നിരുന്ന രീതി. അതിനെക്കാൾ ഏറെ കഠിനമായിരുന്നു ഒരു താഴ്ന്ന ജാതിക്കാരൻ അവ ഉച്ചരിച്ചാൽ നേരിടേണ്ടിയിരുന്നത് കഠിനമായ ശിക്ഷാരീതികൾ തന്നെയായിരുന്നു. അതിൽ നിന്നെല്ലാം മോചനം നൽകീടാനായി കേരള മണ്ണിലേയ്ക്ക് കടന്നു വന്നത് ക്രൈസ്തവ മിഷ്നറിമാരായിരുന്നു.

മതം പ്രചരിപ്പിക്കാൻ വന്നവരെന്ന കാഴ്ച്ചപ്പാടിൽ നിന്നും കേരള നവോത്ഥാന ചരിത്രത്തിൽ സാമൂഹിക പരിഷ്ക്കരണത്തിന്റെ വക്താക്കളായി നിലകൊണ്ടവർ എന്നു തന്നെ വിലയിരുത്തപ്പെട്ടേണ്ടവരാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും ജാതീയ ചിന്ത അയിത്തം പേറി അതിർത്തി വരമ്പുകൾ തീർത്ത് അരിക് വൽക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് അവർ മോചനം നൽകി. വിശ്വാസ സമൂഹത്തിന് ആത്മീയമായി വളർന്നീടാൻ അവർ പള്ളികൾ തീർത്തപ്പോൾ അവയോടൊപ്പം അവരുടെ ഭൗതികവും സാമൂഹികവുമായ നവോത്ഥാന മാറ്റൊലിയ്ക്ക് പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. അങ്ങനെ താഴ്ന്ന ജാതിയിൽപ്പെട്ടവരെ തൊടീലിന്റെയും തീണ്ടലിന്റെയും മതിലുകൾ തകർത്തെറിഞ്ഞ് വിദ്യാഭ്യാസം നൽകി ഉയർച്ചയുടെ സാമൂഹിക പരിവർത്തനം നൽകി അവരെ മുഖ്യധാരയിൽ എത്തിച്ചു.


ഇന്നും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മതേതരമൂല്യങ്ങൾ ഉയർത്തിപ്പിച്ച് യുവത്വത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെയ്ക്ക് ഭാവി പൗരൻമാരാക്കി ഉയർത്തുന്ന വിപ്ലവാത്മകമായ പ്രക്രിയയുടെ ഭാഗമായി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്നു. എന്നും നിലപാടുകളുമായി കേരള സമൂഹത്തിനു മുൻപിൽ വേറിട്ട ശബ്ദമായി പലയവസരങ്ങളിലും സഭകൾ നില കൊള്ളാറുണ്ട്. പ്രളയങ്ങളുടെ കാലത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളായി സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് നൽകപ്പെട്ടു. തുടർന്ന് പ്രളയബാധിതമായ ഇടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


പ്രളയങ്ങൾക്കു ശേഷം ആഗോള തലത്തിൽ ലോകത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഭാരതത്തെയും കേരളത്തെയും ബാധിച്ചിരിക്കുകയാണ്. തൊഴിൽ – സാമ്പത്തിക പ്രതിസന്ധി മനുഷ്യരെ വലയ്ക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും ഗ്ലാമറസ് ജോബ് എന്നത് പരമ്പരാഗതമായി തന്നെ മെഡിക്കൽ രംഗം തന്നെയാണ്. അതിൽ തന്നെ ഡോക്ടറായി തീരുക എന്നത് വിദ്യാർത്ഥികളുടെ സ്വപ്നവും തങ്ങളുടെ മക്കളെ ഡോക്ടറാക്കുക എന്നത് മാതാപിതാക്കളുടെ ആഗ്രഹവുമായി നിലകൊള്ളുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ ഉള്ളതിനോടൊപ്പം തന്നെ സ്വകാര്യ മേഖലയും മാനേജ്മെന്റ് മെഡിക്കൽ കോളേജുകളുമുണ്ട്. മെരിറ്റ് അടിസ്ഥാനത്തിൽ നൽകുന്ന സീറ്റുകൾക്ക് ഒപ്പം മാനേജ്മെന്റ് സീറ്റുകളുമുണ്ട്. ഇത്തവണ ക്രൈസ്തവ സഭകളുടെ മാനേജ്മെന്റുകൾ നേരിട്ട് നടത്തുന്ന നാല് മെഡിക്കൽ കോളേജുക ഒഴികെയുള്ള മറ്റു മാനേജുമെന്റുകൾ മാനേജ്മെന്റ് സീറ്റിൽ കഴിഞ്ഞ വർഷത്തെക്കാൾ രണ്ടും മൂന്നും ഇരിട്ടി വർധിപ്പിച്ചു. എന്നാൽ കഴിഞ്ഞ തവണ പ്രളയം മൂലം ക്രൈസ്തവ സഭകൾ ആറരലക്ഷമായി നിശ്ചയിച്ച ഫീസ് ഇത്തവണ എട്ടു ലക്ഷത്തിനു താഴെ മാത്രം വർദ്ധിപ്പിച്ചു. ഫീസ് നിശ്ചയിക്കുന്ന ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പുറത്തു വിട്ട മാനേജ്മെന്റ് ഫീസ് പട്ടികയിൽ ഏറ്റവും കുറവ് ഫീസ് രേഖപ്പെടുത്തിയിരിക്കുന്നത് കാത്തോലിക്കാ സഭയുടെ ഭാഗമായ അമല , ജൂബിലി , പുഷ്പഗിരി മെഡിക്കൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലെ മെഡിക്കൽ കോളേജ് എന്നിവയാണ്.


ഒരു മെഡിക്കൽ കോളേജ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നതു തന്നെ വളരെ ചിലവേറിയതാണ്. ശമ്പളം, അവസാന വർഷ വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി സ്റ്റെപെൻഡ് മറ്റു ചിലവുകൾ എന്നിങ്ങനെ വിവിധ കടമ്പകൾക്കിടയിലാണ് ക്രൈസ്തവ മാനേജുമെന്റുകൾ ഫീസ് കുറച്ചു കൊണ്ട് മുനോട്ട് വന്നത്. കൊറോണക്കാലത്ത് ക്രൈസ്തവ സഭകളുടെ ഭാഗത്തു നിന്നും വിദ്യാർത്ഥികളോട് പക്ഷം പിടിക്കുന്ന ഈ നിലപാട് അഭിനന്ദാർഹമാണ്. എന്നാൽ മുഖ്യധാര മാധ്യമങ്ങൾ ഈ നല്ല വാർത്തയെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതിയൊരു എടായി സഭകളുടെ ഈ നിലപാട് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടും. കേരളത്തിലെ ഓരോ ക്രൈസ്തവനും അഭിമാനപൂർവ്വം ശിരസ്സ് ഉയർത്തി നിൽക്കാം…… ഈ മാതൃകപരമായ നിലപാടിനു മുൻപിൽ അ ആവേശത്താൽ ആമോദത്താൽ ശിരസ്സ് നമിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group