യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവൻ പറഞ്ഞു, സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ”(മർക്കോ.1,14-15).
നോന്പാചരണത്തിന്റെ ഒരു അവശ്യഘടകമാണ് അനുതാപം. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള അവബോധമാണ് അനുതാപത്തിലേക്കു നയിക്കുന്നത്. നാല്പതു ദിവസം ദീർഘിച്ച മരുഭൂമിയിലെ ഉപവാസത്തിനുശേഷം സ്വന്തം നാടായ ഗലീലിയിലേക്കു തിരിച്ചുവന്നശേഷം പ്രഘോഷിച്ച സന്ദേശം മർക്കോസ് നാലു വാക്കുകളിൽ ചുരുക്കി പറയുന്നു; രണ്ടു പ്രസ്താവനകളും തുടർന്ന് രണ്ട് ആഹ്വാനങ്ങളും. വാക്കും പ്രവൃത്തിയും, സർവോപരി സ്വന്തം ജീവിതവുംവഴി യേശു നൽകിയ സുവിശേഷത്തിന്റെ രത്നച്ചുരുക്കമാണ് ഈ നാലു വാക്കുകൾ.
നൂറ്റാണ്ടുകളായി ഇസ്രയേൽ ജനം കാത്തിരുന്ന രക്ഷയുടെ സമയം പൂർത്തിയായി. ദൈവരാജ്യം ഇതാ വാതിൽക്കൽ എത്തിയിരിക്കുന്നു. ഇതാണ് പ്രസ്താവനകൾ. ദൈവം തന്റെ ഹിതം ഭൂമിയിൽ നടപ്പാക്കുന്ന അവസ്ഥയെ ദൈവരാജ്യം അഥവാ ദൈവഭരണം എന്നു വിശേഷിപ്പിക്കുന്നു. ദൈവരാജ്യാനുഭവം സ്വന്തമാക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ ആവശ്യമാണ്. അനുതപിക്കണം; സുവിശേഷത്തിൽ വിശ്വസിക്കണം. യേശുവിനെ ദൈവപുത്രനും രക്ഷകനുമായി സ്വീകരിച്ച് ഏറ്റുപറയുന്നതാണു വിശ്വാസം. അതിന് അവശ്യം വേണ്ട മനോഭാവമാണ് അനുതാപം.
സ്നാപകയോഹന്നാനും അവനു മുന്പേ വന്ന നിരവധി പ്രവാചകന്മാരും ആവർത്തിച്ച ആഹ്വാനമാണ്: “”അനുതപിക്കുവിൻ’’! കടന്നുപോന്ന വഴികൾ പരിശോധിക്കണം. ദൈവകല്പനകളുടെ പശ്ചാത്തലത്തിൽ സ്വന്തം ജീവിതത്തെ അപഗ്രഥിക്കണം. എവിടെയാണ് വഴിതെറ്റിയത് എന്നു മനസിലാക്കണം, ഏറ്റുപറയണം. ഇതാണ് അനുതാപത്തിന്റെ ഒരു മാനം.
ഇപ്രകാരമുള്ള അനുതാപത്തിനു പ്രത്യേകമായി ആഹ്വാനം ചെയ്യുന്നതാണ് നോന്പുകാലം. അനുതാപത്തിന്റെ അനേകം അടയാളങ്ങൾ ബൈബിളിൽ കാണാം. വസ്ത്രം വലിച്ചുകീറുക, കീറിയ വസ്ത്രം ധരിക്കുക, ചാക്കുടുക്കുക, ചാരത്തിൽ ഇരിക്കുക, തലയിൽ ചാരം വിതറുക, ഉച്ചത്തിൽ വിലപിക്കുക, ഭക്ഷണം ഉപേക്ഷിക്കുക, ദേഹത്ത് മുറിവുണ്ടാക്കുക എന്നിങ്ങനെ നിരവധി ആചാരാനുഷ്ഠാനങ്ങൾ അനുതാപത്തിന്റെ പ്രകടനമാണ്.
പ്രവാസത്തിൽനിന്നു മടങ്ങിവന്ന നിയമജ്ഞനായ എസ്രാ, ഇസ്രയേൽ ജനങ്ങൾക്കിടയിൽ നിലവിലിരുന്ന മിശ്രവിവാഹങ്ങളെക്കുറിച്ച് കേട്ടപ്പോൾ പ്രതികരിച്ച വിധം ഒരു ഉദാഹരണമാണ്, “ഇതു കേട്ടു ഞാൻ വസ്ത്രവും മേലങ്കിയും കീറി, മുടിയും താടിയും വലിച്ചുപറിച്ചു. കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിന്മേൽ വീണ്, എന്റെ ദൈവമായ കർത്താവിന്റെ നേർക്ക് കൈകളുയർത്തി പ്രാർഥിച്ചു’’(എസ്രാ 9,3-5).
ചെയ്തുപോയ പാപങ്ങളെക്കുറിച്ച് അവബോധമുണ്ടാകുക, പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പിരക്കുക, പരിഹാരമായി ത്യാഗങ്ങൾ അനുഷ്ഠിക്കുക, ദൈവത്തിന്റെ കരുണയ്ക്കുവേണ്ടി യാചിക്കുക ഇതൊക്കെ നോന്പാചരണത്തിന്റെ ഭാഗങ്ങളാണ്. ഉപവാസം, പ്രാർഥന, ധർമദാനം എന്നീ മൂന്നു കാര്യങ്ങൾ നോന്പിന്റെ മൂന്നു തൂണുകളായി കരുതപ്പെടുന്നു. സഭാപിതാക്കന്മാരും മാർപാപ്പമാരും ആവർത്തിച്ച് ഇതിനായി ആഹ്വാനം ചെയ്യുന്നു. കാതോർക്കാം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group