കാലടി സര്‍വകലാശാല അടച്ചുപൂട്ടുമോ? ആശങ്കയില്‍ ജീവനക്കാർ

കൊച്ചി : സാമ്പത്തിക പ്രതിസന്ധിയും തുടര്‍ച്ചയായ വിവാദങ്ങളും മൂലം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല അടച്ചുപൂട്ടുമോ എന്ന ആശങ്കയില്‍ അധ്യാപകരും ജീവനക്കാരും.

മേയ് അഞ്ചിന് ചേര്‍ന്ന സിൻഡിക്കേറ്റ് യോഗത്തില്‍ സര്‍വകലാശാലയുടെ തുറവൂര്‍ ക്യാമ്പസ് അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തിരുന്നു. പാലക്കാട്, തിരുവല്ല, തൃശൂര്‍ സെന്‍ററുകള്‍ നേരത്തേ പൂട്ടിയിരുന്നു. വിവാദ പി.എച്ച്‌.ഡി പ്രവേശനവുമായി ബന്ധപ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് ഡോ. ബിച്ചു എക്സ്. മലയില്‍ കൂടി പങ്കെടുത്ത സിൻഡിക്കേറ്റ് യോഗമാണ് തുറവൂര്‍ സെന്‍റര്‍ പൂട്ടാനുള്ള തീരുമാനമെടുത്തത്.

ഇതിന്റെ ആദ്യപടിയായി തുറവൂര്‍ കേന്ദ്രത്തില്‍ ഈ വര്‍ഷം മുതല്‍ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തേണ്ടെന്നാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്. എം.എസ്.ഡബ്ല്യു. ഉള്‍പ്പെടെ നാല് പി.ജി പ്രോഗ്രാമുകളും സംസ്കൃതത്തില്‍ ബിരുദ കോഴ്സുമാണ് തുറവൂര്‍ ക്യാമ്പസിലുണ്ടായിരുന്നത്. വിവാദങ്ങളും രാഷ്ട്രീയ അതിപ്രസരവും കാലാനുസൃതമായ നൂതന കോഴ്സുകളുടെ അഭാവവും രാഷ്ട്രീയ റിക്രൂട്ട്മെന്‍റില്‍ നിയമനം ലഭിച്ച അധ്യാപകരുടെ ഗുണമേന്മയില്ലായ്മയും മൂലം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പഠിക്കാൻ എത്തുന്നില്ലെന്നത് വലിയ തിരിച്ചടിയാണ്.

കേവലം ആയിരത്തോളം കുട്ടികള്‍ക്ക്, അധ്യാപകര്‍ ഉള്‍പ്പെടെ 800ഓളം ജീവനക്കാര്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ സ്ഥിരം ജീവനക്കാരും കരാര്‍, ദിവസവേതന ജീവനക്കാരുമുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം സംസ്കൃത സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. ഒരുമാസം ശമ്പളം നല്‍കാൻ ഏഴുകോടി രൂപ ആവശ്യമാണ്. പ്ലാൻ ഫണ്ടും യു.ജി.സി, റൂസ ഫണ്ടുകള്‍ വകമാറ്റിയുമാണ് സര്‍വകലാശാല ശമ്പളം നല്‍കിവരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group