ഭരണകൂട നിസംഗതയുടെ ബലിയാടുകളായി മണിപ്പുരിലെ ജനത രണ്ടുമാസമായി പീഡനമനുഭവിക്കുന്ന സാഹചര്യത്തിലാണ് നീതിനിഷേധത്തിനിരയായി, മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട്, തടവറയിൽ മരിച്ച ഒരു മഹാത്മാവിന്റെ ഓർമയും വന്നെത്തുന്നത്. മർദിതർക്കും ചൂഷിതർക്കുംവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട് മതിയായ ചികിത്സപോലും ലഭിക്കാതെ 84-ാം വയസിൽ ജീവൻ വെടിഞ്ഞ ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ രണ്ടാം ചരമവാർഷിക ദിനമാണിന്ന്.
സ്വജീവിതം ആദിവാസികളുടെ സമുദ്ധാരണത്തിനായി മാറ്റിവച്ച് അവരിലൊരുവനായി ജീവിച്ച ഈ വന്ദ്യവൈദികന്റെ അറസ്റ്റും അദ്ദേഹത്തെ ഇല്ലാതാക്കാൻ കോർപറേറ്റ് ലോബിയുടെ ഒത്താശയോടെ ഭരണകൂടം വ്യാജമായി ചുമത്തിയ കൊടുംകുറ്റങ്ങളും വൃദ്ധനും രോഗിയുമെന്ന പരിഗണന പോലും നൽകാതെ അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്ത ക്രൂരതയും കാലം പൊറുക്കാത്ത തെറ്റുകളാണ്.
സമാധാനജീവിതത്തിനായി, സമാശ്വാസത്തിനായി കേണുകൊണ്ടിരിക്കുന്ന മണിപ്പുരി ജനതയെപ്പോലെ ഫാ.സ്റ്റാൻ സ്വാമിയും കേണു, കാത്തിരുന്നു. എന്നാൽ ഉറക്കം നടിച്ച ഭരണകൂടം ജയിലറയ്ക്കുള്ളിൽനിന്ന് ഉയർന്ന ഈ വൃദ്ധപുരോഹിതന്റെ ദീനവിലാപം കേൾക്കാൻ കൂട്ടാക്കിയില്ല. തങ്ങളുടെ വർഗീയ അജൻഡകൾ നടപ്പാക്കുന്നതിലും കോർപറേറ്റ് മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിലും വ്യാപൃതരായിരുന്നു അവർ. തങ്ങളുടെ അജൻഡകൾ നടപ്പിലാക്കണമെങ്കിൽ ഈ വൃദ്ധപുരോഹിതനിൽനിന്ന് ഉയരുന്ന ശബ്ദം എന്നന്നേക്കുമായി നിലയ്ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.
ഓർമകളുണർത്തി ബഗെയ്ച മൂവ്മെന്റ്
ആദിവാസികളുടെയും മറ്റ് മർദിത, ചൂഷിത വിഭാഗങ്ങളുടെയും അവകാശങ്ങളും ഭൂമിയും സ്വത്തും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനായി ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചി കേന്ദ്രീകരിച്ചു സ്ഥാപിച്ച പ്രസ്ഥാനമാണ് ബഗെയ്ച മൂവ്മെന്റ്. ബംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സേവനത്തിനുശേഷം 1990ൽ ജാർഖണ്ഡിൽ എത്തിയപ്പോഴാണ് ഇത്തരമൊരു പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഫാ.സ്റ്റാൻ സ്വാമി ചിന്തിക്കുന്നത്. ആദിവാസി സംഘടനാ നേതാക്കൾ, തന്റെ സുഹൃത്തുക്കൾ, സന്നദ്ധസംഘടനകൾ എന്നിവരുമായി ബന്ധപ്പെട്ട ഫാ. സ്റ്റാൻ സ്വാമി തങ്ങളുടെ പ്രത്യേക അവകാശങ്ങളെക്കുറിച്ച് ആദിവാസികളെയും മറ്റും ബോധവത്കരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. ഇതിനായി ഒരു ശക്തമായ സംഘടനാസംവിധാനം വേണമെന്നു വ്യക്തമാക്കിയ അദ്ദേഹം ബഗെയ്ച മൂവ്മെന്റിന് രൂപം നൽകി ഈ സംഘടനയിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.
നിരവധി സംരക്ഷണ വ്യവസ്ഥകളുണ്ടെങ്കിലും ആദിവാസികളുടെ ഭൂമി ചൂഷണങ്ങൾക്കു വിധേയമായിക്കൊണ്ടിരുന്ന ദിനങ്ങളായിരുന്നു അത്. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ആദിവാസികളുടെ ഭൂമിയിൽ അതിക്രമിച്ചുകടന്ന സ്ഥലത്തെ പ്രമാണികളും മേൽജാതിക്കാരും കോർപറേറ്റ് ലോബിയും ആ ഭൂമിയിലെ അമൂല്യമായ ധാതുക്കളിൽ കണ്ണുവച്ച് ഖനനം ആരംഭിച്ചു. തങ്ങളുടെ ഭൂമിക്കടിയിലെ ധാതുക്കൾ ഖനനം ചെയ്തെടുത്ത് പുറമേനിന്നുള്ളവർ അതിസന്പന്നരായപ്പോൾ പ്രതികരിക്കാൻ പോലുമാകാതെ നോക്കിനിൽക്കേണ്ട അവസ്ഥയിലായിരുന്നു ആദിവാസികൾ. ഈ സാഹചര്യത്തിൽ ബഗെയ്ച മൂവ്മെന്റിലൂടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ആദിവാസികളെ അദ്ദേഹം ബോധവത്കരിച്ചു. ചൂഷണങ്ങൾക്കും അനീതികൾക്കുമെതിരേ ശബ്ദമുയർത്തി.
സേവനപാത പിന്തുടർന്ന്
സ്റ്റാൻ സ്വാമിയുടെ മരണത്തോടെ ബഗെയ്ച മൂവ്മെന്റിന്റെ ഭാവിയെക്കുറിച്ച് ആശങ്ക നിലനിന്നിരുന്നു. എന്നാൽ, വെല്ലുവിളികൾ വകവയ്ക്കാതെ ഫാ. സ്റ്റാൻ സ്വാമി തുടങ്ങിവച്ച പ്രസ്ഥാനം പൂർവാധികം ശക്തിയോടെ തുടർന്നുകൊണ്ടുപോകാൻ ഈശോസഭ തീരുമാനിക്കുകയായിരുന്നു. ഫാ. സെബാസ്റ്റ്യൻ ലക്ര, ഫാ. പീറ്റർ മാർട്ടിൻ, ഫാ. ടോം കവളക്കാട്ട്, ഫാ. ആന്റണി പുതുമറ്റത്തിൽ എന്നീ ജസ്യൂട്ട് വൈദികർ ഫാ.സ്റ്റാനിന്റെ പാത പിന്തുടരാനായി സന്നദ്ധരായി മുന്നോട്ടുവന്നു. ഇവർ ആദിവാസികൾക്കുവേണ്ട ബോധവത്കരണം നൽകുന്നതിനൊപ്പം നിയമസഹായവും നൽകുന്നു.
യുവാക്കൾക്ക് സാമൂഹിക-സാംസ്കാരിക വിശകലനത്തെക്കുറിച്ചുള്ള ഹ്രസ്വകാല കോഴ്സുകൾ ബഗെയ്ചയിലൂടെ നൽകുന്നു. ആദിവാസികളുടെ പരമ്പരാഗത തദ്ദേശ സ്വയംഭരണ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ബാഗെയ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. തരിശായിക്കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യാൻ ആദിവാസികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന സംഘടന ഈ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നതിക്കായും പ്രവർത്തിക്കുന്നു.
രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ നേതൃത്വനിര ശക്തിപ്പെടുത്തുന്നതിനായി ദക്ഷിണേഷ്യയിലെ ജെസ്യൂട്ടുകൾ നടപ്പിലാക്കുന്ന ദേശീയതല പദ്ധതിയായ സോഷ്യൽ പ്രൊട്ടക്ഷന്റെ ഏകോപനവും ബഗെയ്ചയാണ് നടത്തുന്നത്. സമാന ചിന്താഗതിക്കാരായ ഗവേഷകരുമായി സഹകരിച്ച് നിർണായക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നതിനൊപ്പം ഗവേഷണ, ഡോക്യുമെന്റേഷൻ കേന്ദ്രവും ബഗെയ്ച പരിപാലിക്കുന്നു. ബഗെയ്ചയ്ക്കു കീഴിലുള്ള പരിശീലനകേന്ദ്രം എൻജിഒകൾക്കും താഴെത്തട്ടിലുള്ള സഹകാരികൾക്കും റസിഡൻഷ്യൽ പരിശീലന സൗകര്യങ്ങൾ നൽകുന്നു.
ചൂഷണത്തിന്റെ നാളുകളും രക്ഷകന്റെ കടന്നുവരവും
ആദിവാസികൾ ഏറെയുള്ള ജാർഖണ്ഡിൽ അവരുടെ താത്പര്യങ്ങളും അവകാശങ്ങളുമെല്ലാം കാലാകാലങ്ങളിൽ അടിച്ചമർത്തപ്പെട്ടിരുന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ പരിശ്രമഫലമായി, മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ വെളിച്ചം കണ്ടുതുടങ്ങി. കാര്യങ്ങള്‍ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും മൂലം സംസ്ഥാനത്തിന്റെ യഥാര്‍ഥ വികസനത്തിനാവശ്യമായ പല പദ്ധതികളും ആവിഷ്കരിക്കപ്പെടാന്‍ വഴി തെളിഞ്ഞു.
തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലയിൽ, സർക്കാരിന്റെ പല നയങ്ങൾക്കുമെതിരേ കൃത്യമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉയർത്തി. മാത്രമല്ല, കൃത്യവും ശാന്തവുമായ പ്രവര്‍ത്തനങ്ങളും ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
2017ല്‍ റാഞ്ചിയില്‍ നടന്ന ഒരു നിക്ഷേപക സംഗമത്തിന്റെ ഭാഗമായി, മൂന്ന് ലക്ഷം കോടി വരുന്ന 209ഓളം പദ്ധതികള്‍ക്കാണ് ഒപ്പിട്ടത്. സർക്കാർ ഒപ്പിട്ട പദ്ധതികളെ തുടര്‍ന്ന് ആദിവാസികളുടെ കൈവശമുണ്ടായിരുന്ന, ഖനികളാല്‍ സമ്പന്നമായ ഭൂപ്രദേശങ്ങള്‍ അവര്‍ക്കു നഷ്ടമാകാന്‍ തുടങ്ങി.
ഈ സാഹചര്യത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമി സംസ്ഥാനത്തെ ആദിവാസികള്‍ക്കുവേണ്ടി ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1996ല്‍ യുറേനിയം കോര്പറേഷന് ഇന്ത്യ ലിമിറ്റഡിനെതിരേ/”ജാര്‍ഖണ്ഡ് ഓര്ഗനൈസേഷന് എഗന്‍സ്റ്റ് യുറേനിയം റേഡിയേഷന് (ജെഒഎആര്)’’’’എന്ന പേരില്‍ നടത്തപ്പെട്ട കാമ്പയിനില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ഡാമിന്റെ നിര്‍മാണം നിര്‍ത്താന്‍ ആ കാമ്പയിന് സാധിച്ചു. ഡാം നിര്‍മിക്കപ്പെട്ടിരുന്നെങ്കില്‍ നിരവധി ആദിവാസികൾക്ക് കിടപ്പാടം നഷ്ടമാകുമായിരുന്നു. ഇത്തരം വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ചതിനുശേഷം അദ്ദേഹം ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ തുടങ്ങിയ പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ആളുകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
2010ല്‍ നക്സല്‍ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗോത്രവര്‍ഗക്കാരായ യുവാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നത് തുറന്നുകാട്ടി ‘ജയില്‍ മേന്‍ ബന്ദ് ഖൈദിയോന്‍ കാ സച്ച്’ എന്ന പുസ്തകം ഫാ. സ്റ്റാന്‍ സ്വാമി പ്രസിദ്ധീകരിച്ചു. 97 ശതമാനം കേസുകളിലും അറസ്റ്റ് ചെയ്യപ്പെടുന്ന യുവാക്കളുടെ കുടുംബവരുമാനം 5000 രൂപയില്‍ താഴെയാണെന്നും അവര്‍ക്ക് തങ്ങളുടെ കേസ് വാദിക്കാന്‍ അഭിഭാഷകരെ പോലും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നും പുസ്തകത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫാ. സ്റ്റാന്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 3000 പേരില്‍ 98 ശതമാനം ആളുകളുടെയും കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്നും അവര്‍ക്ക് നക്സല്‍ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായിരുന്നു. അവരില്‍ പലരും വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. ഫാ. സ്റ്റാന്‍ യുവാക്കളുടെ ജാമ്യത്തിനുവേണ്ടിയും കേസ് വാദിക്കാനുള്ള അഭിഭാഷകരെ ഏര്‍പ്പെടുത്താനുമായി വലിയൊരു സംഖ്യ ചെലവഴിക്കുകയും ചെയ്തു.
ഇല്ലാത്ത കുറ്റങ്ങളും പേറി
ഭൂമിക്കുവേണ്ടിയും വനാവകാശത്തിനുവേണ്ടിയും ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ചതിലൂടെയാണ് ഫാ. സ്റ്റാൻ സ്വാമി കോര്‍പറേറ്റുകളുടെയും ഭരണകൂടത്തിന്റെയും ശത്രുത പിടിച്ചുപറ്റി, ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന കുറ്റം പേറി അറസ്റ്റ് ചെയ്യപ്പെട്ടത്.
2020 ഒക്ടോബർ എട്ടിന് യുഎപിഎ നിയമപ്രകാരമാണ് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് അദ്ദേഹത്തെ ചെയ്യുന്നത്. അദ്ദേഹം താമസിച്ചിരുന്ന ജാർഖണ്ഡിലെ നാംകും ബഗെയ്ച്ചയിലെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ലെങ്കിലും കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു ഫാ.സ്റ്റാൻ സ്വാമി. പിന്നീട് പുറംലോകം കാണാൻ അദ്ദേഹത്തെ ഭരണകൂടം അനുവദിച്ചില്ല.
പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാലുള്ള കൈ വിറയല്‍ മൂലം ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്ട്രോയോ സിപ്പറോ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാതെ കോടതി കേസ് നീട്ടിക്കൊണ്ടുപോയി മനുഷ്യത്വരഹിതമായ സമീപനം ആവര്‍ത്തിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
തനിക്ക് മാവോയിസ്റ്റ് സംഘടനകളുമായോ മറ്റേതെങ്കിലും രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും അവരുടെ നിലപാടിനോട് താനൊരിക്കലും യോജിക്കുന്നില്ലെന്നും തന്റെ ലാപ്ടോപിൽനിന്നു ലഭിച്ച തെളിവുകൾ വ്യാജമാണെന്നും പലകുറി അന്വേഷണ ഉദ്യോഗസ്ഥരോട് ഫാ.സ്റ്റാൻ സ്വാമി പറഞ്ഞെങ്കിലും അവർ അതൊന്നും കേട്ടില്ല. എൻഐഎ കണ്ടെത്തിയ തെളിവുകളെല്ലാം ഫാ.സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടർ ഹാക്ക് ചെയ്തു കൃത്രിമമായി ചേർത്തതാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിത രേഖ
1937 ഏപ്രിൽ 27ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി ജില്ലയിൽ വിരുഗാലുരിൽ ജനിച്ചു. ഈശോസഭയുടെ നിയന്ത്രണത്തിലുള്ള സെന്റ് ജോസഫ്സ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1957 ജൂണില്‍ ഈശോസഭയുടെ ജംഷഡ്പൂര്‍ പ്രോവിന്സില് ചേര്‍ന്നു വൈദികപരിശീലനം ആരംഭിച്ചു. തുടർന്ന് ജാർഖണ്ഡിലെ റാഞ്ചി സെന്റ് സേവ്യേഴ്സ് കോളജിൽനിന്ന് സോഷ്യോളജിയിൽ ബിരുദം നേടിയ അദ്ദേഹം ഹോസ്റ്റൽ പ്രീഫെക്ടായും ചായ്ബാസയ്ക്കടുത്ത് ലുപുംഗുടു സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ രണ്ടു വർഷം അധ്യാപകനായും പ്രവർത്തിച്ചു. ഹോസ്റ്റലിലെ വിദ്യാർഥികളിൽ 90 ശതമാനവും ആദിവാസികളായതിനാൽ അവരുടെ കുടുംബങ്ങളുമായും സമീപത്തെ ആദിവാസികളുമായും കൂടുതൽ ബന്ധപ്പെട്ടു പ്രവർത്തിച്ചു.
ഫിലിപ്പീന്‍സിലെ മനിലയിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ അദ്ദേഹം 1970 ഏപ്രിൽ 14ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് മനില യൂണിവേഴ്സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ എംഎ ബിരുദം നേടി. അതിനുശേഷം ബല്‍ജിയത്തിലെ ലുവെയ്ന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സാമൂഹികശാസ്ത്രത്തില്‍ ഗവേഷണം നടത്തി.
1975 മുതല്‍ 15 വര്‍ഷത്തോളം ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ ട്രെയിനറായും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തുടർന്ന് വീണ്ടും ജാർഖണ്ഡിലെത്തി ആദിവാസികൾക്കിടയിൽ സേവനമാരംഭിച്ചു. 2020 ഒക്ടോബർ എട്ടിന് എൻഐഎ അറസ്റ്റ് ചെയ്തു. ഒന്‍പത് മാസത്തെ മുംബൈയിലെ ജയിൽവാസത്തിനിടെ ആരോഗ്യനില ക്ഷയിക്കുകയും 2021 ജൂലൈ അഞ്ചിന് ജീവൻ വെടിയുകയും ചെയ്തു.
കടപ്പാട് :ഫാ. പി.എം. ആന്റണി എസ്.ജെ.
ബഗെയ്ച്ച, റാഞ്ചി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group