രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കാൻ നീക്കം. രാഷ്ട്രപതിയുടെ ഔദ്യോഗിക ക്ഷണക്കത്തിൽ ഇതാദ്യമായി ഭാരത് കടന്നു കൂടിയതാണ് ഇത്തരമൊരു അഭ്യൂഹത്തിനിടയാക്കിയത്.
ഡൽഹിയിലെ ജി 20 ഉച്ചകോടിക്കെത്തുന്ന വിദേശ നേതാക്കൾക്കുള്ള ഔദ്യോഗിക ക്ഷണക്കത്തിലാണ് ഇന്ത്യൻ പ്രസിഡന്റ് എന്നതിനു പകരം “ഭാരതത്തിന്റെ പ്രസിഡന്റ്’ (ദ പ്രസിഡന്റ് ഓഫ് ഭാരത്) എന്ന് അച്ചടിച്ചത്. “ദ പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്ന പേരിൽ മുൻപെല്ലാം രാഷ്ട്രപതി നൽകിയിരുന്ന ഔദ്യോഗിക ക്ഷണക്കത്തിലാണു തന്ത്രപരമായ പേരുമാറ്റം.
ഈ മാസം 18നു തുടങ്ങുന്ന അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നു പേര് മാറ്റുന്നതിനായി മോദിസർക്കാർ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കി മാറ്റാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന് മുന്നോടിയായാണു പുതിയ നടപടിയെന്നാണ് ആരോപണം.
ഭരണഘടനയിൽ ഇന്ത്യക്കും ഭാരതത്തിനും തുല്യപ്രാധാന്യമുണ്ടെന്നിരിക്കെ ഔദ്യോഗിക ക്ഷണക്കത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നയംമാറ്റം. ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കുമെന്നാണു ഭരണഘടനയുടെ അനുച്ഛേദം ഒന്നിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഔദ്യോഗിക പരിപാടിയിൽനിന്ന് ഇന്ത്യയെ നീക്കിയതും ആദ്യമാണെന്ന് പറയുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതിഭവനിൽ നടന്ന അറ്റ് ഹോം സത്കാരത്തിനുള്ള ക്ഷണപത്രത്തിലും “പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നാണ് എഴുതിയിരുന്നത്.
ഇന്ത്യ എന്ന പേര്, ഭാരത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹർജി 2016 മാർച്ചിൽ സുപ്രീംകോടതി തള്ളിയിരുന്നു. ഹർജിയെ ശക്തമായി വിമർശിക്കുകയും എതിർക്കുകയും ചെയ്ത കോടതി, ഇത്തരം ഹർജികൾ പരിഗണിക്കില്ലെന്നുകൂടി വ്യക്തമാക്കി.
ഭാരതമോ, ഇന്ത്യയോ? ഹർജിക്കാരന് ഭാരതം എന്നു വിളിക്കണമെങ്കിൽ വിളിക്കാം. ആരെങ്കിലും ഇന്ത്യ എന്നു വിളിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ ഇന്ത്യ എന്നു വിളിക്കട്ടേയെന്നാണ് അന്നത്തെ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂറും ജസ്റ്റീസ് യു.യു. ലളിതും ഉൾപ്പെട്ട ബെഞ്ച് ഹർജി തള്ളിക്കൊണ്ടു വ്യക്തമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group