അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്; തിരിച്ചടിയായി കാലാവസ്ഥ, രണ്ട് കേരള മന്ത്രിമാര്‍ ഇന്ന് ഷിരൂരില്‍

ഷിരൂർ: കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്.

രാവിലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ട്. ഗംഗാവാലി പുഴയില്‍ അഴിയൊഴുക്കും ശക്തമാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രം ഡൈവർമാർ പുഴയില്‍ ഇറങ്ങൂവെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, മന്ത്രിമാരായ എ.കെ. ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന് ഉച്ചക്ക് അപകട സ്ഥലമായ ഷിരൂരിലെത്തും. സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചക്കുശേഷം നടന്ന തിരച്ചിലിലാണ് അർജുൻ ഉണ്ടെന്ന് കരുതുന്ന ട്രക്കിനെക്കുറിച്ച്‌ ഏതാനും വിവരങ്ങള്‍ ലഭിച്ചത്. റോഡരികില്‍നിന്നും 50 മീറ്റർ ദൂരത്താണ് ട്രക്ക് ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് മീറ്റർ ആഴത്തിലാണിത്. ട്രക്കിന്റെ നീളവും കൂടി കണക്കിലെടുത്താല്‍, നിലംതൊട്ട് നില്‍ക്കുകയാണെങ്കില്‍ 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളതെന്നാണ് കരുതുന്നത്.

നാനൂറോളം മരക്കഷണങ്ങള്‍ കെട്ടിവെച്ചതാണ് അർജുന്റെ ട്രക്ക് എന്ന് മനസ്സിലായിട്ടുണ്ട്. ഇവ അതേപോലെ തന്നെയായിരുന്നെങ്കില്‍ ട്രക്ക് വെള്ളത്തിനടിയില്‍തന്നെ കിടക്കുമായിരുന്നു. എന്നാല്‍, ഇന്നലെ നടത്തിയ പരിശോധനയില്‍ ഇതിന്റെ കെട്ടഴിഞ്ഞ് മരക്കഷണങ്ങള്‍ ഒഴുകിയതായി കാണാൻ കഴിഞ്ഞു.

ട്രക്കിന്റെ കാബിനകത്ത് അർജുൻ ഉണ്ടായിരുന്നോ എന്നതാണ് രക്ഷാപ്രവർത്തകരെ കുഴക്കുന്ന പ്രതിസന്ധി. അപകടം നടക്കുമ്ബോള്‍ അദ്ദേഹം അതിലുണ്ടായിരുന്നു എന്നതിന് തെളിവുകളില്ല. കാബിനകത്ത് അദ്ദേഹം ഉണ്ടോയെന്നറിയാൻ തെർമല്‍ ഇമേജിങ് നടത്തിയിരുന്നു.

തെർമല്‍ ഇമേജിങ് നടത്തുമ്ബോള്‍ ശരീരം അതിനകത്തുണ്ടെങ്കില്‍ അതിന്റെ താപം അറിയാൻ കഴിയും. എന്നാല്‍, ഇതുവരെ അത്തരമൊരു വിവരം രക്ഷാപ്രവർത്തകർക്ക് കിട്ടിയിട്ടില്ല. അഥവാ അർജുൻ കാബിനകത്തുണ്ടെങ്കില്‍ എങ്ങനെ പുറത്തേക്കെടുക്കും എന്നതും പ്രധാന പ്രതിസന്ധിയാണ്. ഇക്കാര്യത്തില്‍ ഉന്നതതല ആലോചന നടത്തി തീരുമാനമെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m