നെഹ്റു ട്രോഫി സർക്കാർ ഗ്രാന്റ് വൈകുന്നു

നെഹ്റു ട്രോഫി വള്ളംകളിയുടെ സർക്കാർ ഗ്രാന്റായ ഒരു കോടി രൂപ വൈകിയതോടെ വള്ളംകളി ക്ലബ്ബുകളും തുഴച്ചിലുകാരും പ്രതിസന്ധിയിൽ. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കും ടീം രൂപീകരിച്ച് വള്ളംകളിയിൽ പങ്കെടുക്കുന്നതിനും കടം വാങ്ങിയവരാണ് ഏറെ പ്രതിസന്ധിയിലായത്. ബോണസ് കിട്ടാതെ വന്നതോടെ തുഴച്ചിലുകാർക്കുള്ള വേതനവും പല ക്ലബ്ബുകളും നൽകിയില്ല. ഓഗസ്റ്റ് 12നാണ് നെഹ്റു ട്രോഫി വള്ളംകളി മത്സരം നടന്നത്.19 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് വള്ളംകളിയിൽ പങ്കെടുത്തത്. ബോണസ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചാംപ്യൻസ് ബോട്ട് ലീഗിന്റേതുൾപ്പെടെയുള്ള വള്ളംകളികളിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് വള്ളംകളി ക്ലബ്ബുകൾ എത്തിയതായാണ് വിവരം. അങ്ങനെ വന്നാൽ പുളിങ്കുന്ന് സിബിഎൽ മത്സരത്തിന്റെ നടത്തിപ്പിനെയുൾപ്പെടെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.സർക്കാരിൽ നിന്നു നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് ഗ്രാന്റ് ലഭിക്കേണ്ടത്. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും ചെറുവള്ളങ്ങൾക്ക് 25,000 രൂപ വീതവും അഡ്വാൻസ് മാത്രമാണു നൽകിയിട്ടുള്ളത്. വള്ളങ്ങൾക്ക് അഡ്വാൻസ് നൽകാനും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ഉൾപ്പെടെയുള്ള സബ് കമ്മിറ്റികളുടെ ചെലവിനുമായും ഒരു കോടിയോളം രൂപയാണ് എൻടിബിആർ സൊസൈറ്റി ചെലവാക്കിയത്. ടിക്കറ്റ് വിൽപന, കരകൗശല വസ്തുക്കൾ, പരസ്യ വരുമാനം എന്നിവയിലൂടെ എൻടിബിആറിനു ലഭിച്ച വരുമാനം ഇതോടെ തീർന്നതായാണു സൂചന. ബോണസ് അടക്കം ബാക്കിയുള്ള കടങ്ങൾ തീർക്കണമെങ്കിൽ സർക്കാരിൽ നിന്നുള്ള ഗ്രാന്റ് ലഭിക്കണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group