വിസ പ്രശ്നങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സുവര്‍ണാവസരം ! പൊതുമാപ്പ് പദ്ധതി പരമാവധി ഉപയോഗിക്കുക

ദുബായ് : റെസിഡൻസി വിസ ലംഘനങ്ങള്‍ നടത്തിയിട്ടുള്ളവർക്കായി യുഎഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തില്‍ വരും.

നേരത്തെ ഓഗസ്റ്റ് 1-ന്‌ഈ പൊതുമാപ്പ് പദ്ധതി സംബന്ധിച്ച്‌ യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപനം നടത്തിയിരുന്നു.

പദ്ധതി പ്രകാരം വിസ കാലാവധി സംബന്ധിച്ച ലംഘനങ്ങള്‍ നടത്തിയിട്ടുള്ള റെസിഡൻസി, വിസിറ്റ് ഉള്‍പ്പടെ എല്ലാ വിഭാഗം വിസകളിലുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച്‌ കൊണ്ട് ഐസിപി അബുദാബിയില്‍ വെച്ച്‌ കഴിഞ്ഞ ദിവസം ഒരു പ്രത്യേക പത്രസമ്മേളനം നടത്തിയിരുന്നു.

യുഎഇയിലെ റെസിഡൻസി നിയമങ്ങള്‍ ലംഘിച്ചിട്ടുള്ള പ്രവാസികള്‍ക്ക് ഈ വർഷം സെപ്റ്റംബർ 1 മുതല്‍ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് ഈ പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.

റെസിഡൻസി കാലാവധി അവസാനിച്ചവർ, അനധികൃത റെസിഡൻസി വിഭാഗത്തിലുള്ളവർ, വിസ റദ്ദായവർ, വിസ കാലാവധി അവസാനിച്ച ശേഷവും യുഎഇയില്‍ തുടരുന്നവർ, തൊഴിലിടങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടുള്ളവർ, യുഎഇയില്‍ ജനിച്ച വിദേശികള്‍ (അവരുടെ ജനനത്തീയതി മുതല്‍ നാല് മാസത്തിനകം ഈ വിവരം അധികൃതരുമായി രജിസ്റ്റർ ചെയ്യാത്തവർ) തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

എന്നാല്‍ സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി, വിസ നിയമലംഘനങ്ങള്‍ വരുത്തുന്നവർ, സെപ്റ്റംബർ 1-ന് ശേഷം തൊഴിലിടങ്ങളില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നവർ, യുഎഇയില്‍ നിന്നോ, ജിസിസി രാജ്യങ്ങളില്‍ നിന്നോ നാട് കടത്തുന്നതിന് വിധിക്കപ്പെട്ടിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതല്ല.

ഈ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി അനധികൃതമായി രാജ്യത്ത് തുടരുന്നതിന് ചുമത്തുന്ന അഡ്മിനിസ്‌ട്രേറ്റീവ് പിഴ, എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് പിഴ, ഐഡന്റിറ്റി കാർഡ് പിഴ, തൊഴില്‍ കരാർ ഇല്ലാത്തതിന് ചുമത്തുന്ന പിഴ, തൊഴില്‍ കരാർ പുതുക്കാത്തതിന് ചുമത്തുന്ന പിഴ തുടങ്ങിയവ ഒഴിവാക്കി നല്‍കുന്നതാണ്.

ഇതിന് പുറമെ വിസ, റെസിഡൻസി കാൻസലേഷൻ ഫീസ്, വർക് ഇന്ററപ്ഷൻ റിപ്പോർട്ട് ഫീസ്, ഡിപ്പാർച്ചർ ഫീസ്, റെസിഡൻസി, വിസ ഡീറ്റെയില്‍സ് ഫീസ്, ഡിപ്പാർച്ചർ പെർമിറ്റ് ഫീസ് എന്നിവയും ഒഴിവാക്കുന്നതാണ്. ഈ പദ്ധതി ഉപയോഗപ്പെടുത്തി കൊണ്ട് നിയമപരമായി യു എ ഇയില്‍ നിന്ന് മടങ്ങുന്നവർക്ക് യു എ ഇയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതല്ല.

ഈ പദ്ധതി പ്രയോജനപ്പെടുത്തിയശേഷം വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്ന വ്യക്തികള്‍ ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം പഴയ നിയമലംഘനങ്ങള്‍, പിഴ എന്നിവ പുനഃസ്ഥാപിക്കപ്പെടുന്നതാണ്. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിന് ശേഷം ഇവർക്ക് ഒരു അറിയിപ്പ് ലഭിക്കുന്ന മുറയ്‌ക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു തവണ സേവനകേന്ദ്രത്തില്‍ എത്തേണ്ടിവരുന്നതാണ്. നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നല്‍കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സെപ്തംബർ 1 മുതല്‍ രണ്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന ഈ കാലയളവില്‍ വിദേശികളുടെ യു എ ഇയിലേക്കുള്ള പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമങ്ങളില്‍ ലംഘനം വരുത്തിയിട്ടുള്ള വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട സാമ്ബത്തിക പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

പിഴയും, നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും, നിയമലംഘകരെ ഒന്നുകില്‍ അവരുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കില്‍ രാജ്യം വിടാനോ അനുവദിക്കുന്നത് ഉള്‍പ്പെടെ, ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഐസിപി ഏറ്റെടുക്കുന്നതാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group