“പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്”; മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ ലഭിക്കാത്തതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യ സംസ്ഥാനത്തുണ്ടാകരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി.

ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നു വ്യക്തമാക്കിയ കോടതി ഓണക്കാലത്ത് കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരെ കഷ്‌ടപ്പാടിലാക്കരുതെന്നും ഇതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.

എല്ലാ മാസവും പത്തിനകം പെന്‍ഷന്‍ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയടക്കമാണു കോടതി പരിഗണിച്ചത്. ജൂലൈയിലെ പെന്‍ഷന്‍ ഭൂരിഭാഗം പേര്‍ക്കും നല്‍കിയതായും ഓഗസ്റ്റിലെ പെന്‍ഷന്‍ ഒരാഴ്ചയ്ക്കകം നല്‍കാന്‍ നടപടിയായെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ചില സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തില്‍ കാലതാമസമുണ്ടായതാണു കഴിഞ്ഞതവണ പെന്‍ഷന്‍ വൈകാന്‍ കാരണം. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരില്‍ ഹാജരായി വിശദീകരണം നല്‍കുന്നതില്‍നിന്ന് ഇളവ്‌ നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷക അഭ്യര്‍ഥിച്ചു.

ഇതുവരെ നാലു പെന്‍ഷന്‍കാരെങ്കിലും ജീവനൊടുക്കിയെന്നും പെന്‍ഷന്‍ നല്‍കുമെന്നു പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. അടുത്ത തവണത്തെ പെന്‍ഷന്‍ വിതരണം കൃത്യമല്ലെങ്കില്‍ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കി.

ഓണത്തിനുമുമ്ബ് സെപ്റ്റംബറിലെ പെന്‍ഷന്‍ നല്‍കാനാകുമോയെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. പെന്‍ഷന്‍ വൈകിയതിനെത്തുടര്‍ന്നു തിരുവനന്തപുരം കാട്ടാക്കടയില്‍ എം.സുരേഷ് എന്ന മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കിയതില്‍ അഗാധ ദുഃഖമുണ്ടെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group