ലോകത്തിലെ ഏറ്റവും വലിയ പ്രോ ലൈഫ് മാർച്ച്‌ നാളെ

ഗർഭച്ഛിദ്ര സംസ്‌ക്കാരത്തിന് അറുതി വരുത്തുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് അമേരിക്ക.

ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിക്കൊണ്ട് ‘റോ വേഴ്‌സസ് വേഡ്’ കേസിൽ 1973ൽ യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച കുപ്രസിദ്ധ വിധി സുപ്രീം കോടതി തിരുത്തിക്കുറിച്ച ശേഷമുള്ള ആദ്യത്തെ ‘മാർച്ച് ഫോർ ലൈഫി’നാണ് യു.എസ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.

മാർച്ച് ഫോർ ലൈഫി’ന്റെ തലേദിനമായ ഇന്ന് വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്രൈൻ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങളും ‘മാർച്ച് ഫോർ ലൈഫി’ന്റെ അവിഭാജ്യഭാഗമാണ്.
ഇന്ന് വൈകിട്ട് 5.00ന് അർപ്പിക്കുന്ന പ്രാരംഭ ദിവ്യബലിയിൽ പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള ബിഷപ്‌സ് കൗൺസിൽ ചെയർമാനും അർലിംഗ്ടൺ ബിഷപ്പുമായ മൈക്കിൾ ബുർബിഡ്ജ് മുഖ്യകാർമികനാകും.

തുടർന്ന് 7.00 മുതൽ 8.00വരെ ‘ജീവനുവേണ്ടിയുള്ള തിരുമണിക്കൂർ’ ആരാധന. രാത്രി 8.00 മുതൽ 20 രാവിലെ 8.00 വരെയുള്ള ദിവ്യകാരുണ്യ ആരാധന രാജ്യമെമ്പാടുമുള്ള വിവിധ രൂപതകളിലായാണ് നടക്കുക. 20ന് രാവിലെ 8.00ന് അർപ്പിക്കുന്ന സമാപന ദിവ്യബലിക്ക് മിലിട്ടറി സർവീസിനു വേണ്ടിയുള്ള അതിരൂപതയുടെ സഹായമെത്രാൻ ജോസഫ് കോഫെ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് കൃത്യം 12.00ന് റാലിക്ക് തുടക്കമാകും. തുടർന്ന്, 1.00ന് ആരംഭിക്കുന്ന മാർച്ച് പതിവുപോലെ കോൺസ്റ്റിറ്റിയൂഷൻ അവന്യൂവഴി കാപ്പിറ്റോൾ കെട്ടിടത്തിനും യു.എസ് സുപ്രീം കോടതി കെട്ടിടത്തിനും മധ്യേയാണ് സമാപിക്കുക.

മുൻ വർഷങ്ങളിൽ സുപ്രീം കോടതിക്ക് മുന്നിലായിരുന്നു മാർച്ച് സമാപിച്ചിരുന്നത്. ‘റോ വേഴ്‌സസ് വേഡ്’ വിധി തിരുത്തിക്കുറിച്ച സാഹചര്യത്തിലാണ് ഇത്തവണ ഇതിൽ മാറ്റമുണ്ടായത്. മാർച്ചിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും പതിവുപോലെ, ദൈവത്തിനു കൃതജ്ഞതാസ്‌തോത്രങ്ങൾ അർപ്പിക്കുകയും ഗാനങ്ങൾ ആലപിക്കുകയുമാണ് വേണ്ടതെന്ന് സംഘാടകർ അറിയിച്ചു.

മാർച്ചിനുശേഷം ‘മാർച്ച് ഫോർ ലൈഫ്’ പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായും ജനപ്രതിനിധി സഭാംഗങ്ങളുമായും ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കും. വിഖ്യാത ബൈബിൾ പരമ്പരയായ ‘ദ ചോസണി’ൽ ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ജോനാഥൻ റൂമി, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സി.ഇ.ഒ ഫ്രാങ്ക്‌ളിൻ ഗ്രഹാം, അമേരിക്കൻ ഫുട്‌ബോൾ കോച്ച് ടോണി ഡങ്കി- വിദ്യാഭ്യാസ വിദഗ്ദ്ധ ലോറെൻ ഡങ്കി ദമ്പതികൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരാണ് ഇത്തവണ മാർച്ചിനെ അഭിസംബോധന ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group