ആക്രമണം രൂക്ഷം, മണിപ്പൂരിൽ ജാഗ്രത തുടരുന്നു, ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇംഫാല്‍: ആക്രമണം രൂക്ഷമായ മണിപ്പൂരില്‍ ജാഗ്രത തുടരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും മണിപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ആന്‍റി ഡ്രോണ്‍ ഉപകരണങ്ങള്‍ എത്തിച്ചു നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ. ആക്രമണം ആരംഭിച്ച്‌ 16 മാസം പിന്നിട്ടിട്ടും സമാധാനം പുനഃ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസർക്കാരിനെതിരെ ഇംഫാലില്‍ സ്ത്രീകള്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.

ഒരാഴ്ചയ്ക്കിടെ 9 പേർ കൊല്ലപ്പെട്ട പ്രശ്ന ബാധിത മേഖലകളില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും ആക്രമണം അവസാനിപ്പിക്കാൻ ആയിട്ടില്ല. ജിരിബാം,ബിഷ്ണുപൂർ, ഇൻഫാല്‍ വെസ്റ്റ് മേഖലകളില്‍ ഏതുസമയവും അക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് കേന്ദ്ര ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംയുക്ത സേനകളുടെ തലവനായി കമാൻഡറിനെ നിയമിക്കണമെന്നും ഗവർണർക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒൻപത് നിർദേശങ്ങള്‍ അടങ്ങിയ നിവേദനം ഗവർണർ ലക്ഷ്മണ്‍ ആചാര്യ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടൻ കൈമാറും.

ആറ് പേർ കൊല്ലപ്പെട്ട ജിരിബാം ജില്ലയിലെ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂട്ടം കൂടരുതെന്നും ആയുധങ്ങള്‍ കൈവശം വയ്ക്കരുത് എന്നും കർശന നിർദേശവും നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ആന്‍റി ഡ്രോണ്‍ ഉപകരണങ്ങള്‍ എത്തിച്ചു നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m