വയനാടിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണംകൂടി ആഘോഷിക്കുകയാണ് മലയാളികള്‍. ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഓണാശംസ നേരുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ.

മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ദുരന്തം ഓർമ്മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആശംസ നേരുന്നത്. ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ഇത്തവണ ഓണം ആഘോഷിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകള്‍ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നല്‍കുന്നത്.

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങള്‍ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങള്‍ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്ബത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോള്‍ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്ബ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കല്‍പ്പം പ്രചോദനമാവട്ടെ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തില്‍ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം. എല്ലാവർക്കും ഓണാശംസകള്‍!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m