വയനാട് – വിലങ്ങാട് ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത

വയനാടിന്റെ വിവിധ ഭാഗങ്ങളിലും വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കോട്ടയം അതിരൂപത.
ഇവിടുത്തെ ജനങ്ങളുടെ സുസ്ഥിര പുനരധിവാസം സാധ്യമാക്കാനായി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്കായി കോട്ടയം അതിരൂപത നാളിതുവരെ സമാഹരിച്ച 72 ലക്ഷം രൂപ കേരള കത്തോലിക്കാ സഭയുടെ സാമൂഹിക ശുശ്രൂഷാവിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിനു കൈമാറി.

കോട്ടയം അതിരൂപതാധ്യക്ഷൻ സർക്കുലറിലൂടെ ആഹ്വാനം ചെയ്തതനുസരിച്ച് അതിരൂപതയിലെ ഇടവകകൾ, സന്യാസ-സമർപ്പിത സമൂഹങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങി എല്ലാ പ്രസ്ഥാനങ്ങളിലൂടെയും ധനസമാഹരണം നടത്തിയാണ് തുക സമാഹരിച്ചത്. അതിരൂപതയുടെ യുവജനസംഘടനയായ ക്ന‌ാനായ കാത്തലിക് യൂത്ത് ലീഗ് ഒൻപതു ലക്ഷത്തി എൺപത്തി എണ്ണായിരം രൂപ സമാഹരിക്കുകയുണ്ടായി.

സമാഹരിച്ച തുകകൾ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ പേരിൽ ചെക്കുകളായി അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ദുരിതബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും കേരള കത്തോലിക്കാ മെത്രാൻസമിതി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കലിനു കൈമാറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m