മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഈ മാസം 31ന്; വിപുലമായ ഒരുക്കങ്ങളുമായി ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും.

മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽ സജ്ജമാക്കുന്ന പന്തലിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. തുടർന്ന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

പതിനേഴ് വർഷം ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തത്.

11.45ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച് ബിഷപ് മാർ തോമസ് തറയിലിന് ആശംസകളും നേരും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, വിവിധ സഭാ മേലധ്യക്ഷന്മാർ, മന്ത്രിമാർ, വത്തിക്കാൻ പ്രതിനിധി, യൂറോപ്യൻ സഭാപ്രതിനിധികൾ ഉൾപ്പെടെ അമ്പതിൽപ്പരം മെത്രാൻമാർ, വിവിധ മത, സമുദായ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

അതിരൂപതയിലെ 250ലേറെ വരുന്ന ഇടവകകളിൽ നിന്നുള്ള പതിനായിരത്തോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. സ്ഥാനാരോഹണ ശുശ്രൂഷകൾക്കായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ വിപുലമായ പന്തൽ സജ്ജമാക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m