ക്രൈസ്തവ സെമിനാരികളെ വലിച്ചിഴയ്ക്കരുത് : ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ

സർക്കാർ സഹായം പറ്റുന്ന മദ്രസ ബോർഡുകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിന്റെ പേരിൽ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠന കേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ചിലർ ബോധപൂർവം നടത്തുന്ന കുത്സിതശ്രമങ്ങൾ വിലപ്പോവില്ലെന്നും വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവർക്ക് സർക്കാരുൾപ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ.

കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയുംകുറിച്ച് അറിവില്ലാത്തവർ നടത്തുന്ന ജല്പനങ്ങൾ മുഖവിലയ്ക്കെടുക്കാതെ പുച്ഛിച്ചുതള്ളുന്നു. എങ്കിലും ചില ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വങ്ങളും വസ്തുതകൾ വളച്ചൊടിച്ച് പച്ചക്കള്ളങ്ങൾ ആവർത്തിക്കുമ്പോൾ സമൂഹത്തിലിത് അനാവശ്യചർച്ചകൾക്ക് ഇടയാക്കും.

സെമിനാരികൾ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളല്ല. സഭാശുശ്രൂഷകൾക്കായി വൈദികരെ വാർത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്ന സഭാസ്ഥാപനങ്ങളുമാണ്. ക്രൈസ്തവ മതപഠനശാലകൾ വിശ്വാസികളുടെയും സഭാസംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്രവർത്തനങ്ങൾക്ക് സർക്കാരിന് യാതൊരു പങ്കുമില്ല.

ഏതു മതത്തിൽ വിശ്വസിക്കാനും മതം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്നുണ്ട്. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളിൽ ഉറച്ചുനിന്നുള്ള വിശ്വാസപരിശീലനവും സാക്ഷ്യവുമാണ് ഭാരതത്തിൽ ക്രൈസ്തവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m