ദീപാവലി ആഘോഷത്തിന് ആശംസകൾ അറിയിച്ച് വത്തിക്കാൻ

ഈ വർഷത്തെ ദീപാവലി ആഘോഷങ്ങക്ക് ആശംസകൾ അറിയിച്ച് പരിശുദ്ധ സിംഹാസനം.

പ്രകാശത്തിന്റെ ഉറവിടമായ ദൈവം നിങ്ങളുടെ മനസ്സിനെയും ഹൃദയങ്ങളെയും സമാധാനത്താലും സന്തോഷത്താലും, നിങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും കൃപയാലും ആനന്ദത്താലും നിറയ്ക്കട്ടെയെന്ന് വത്തിക്കാൻ മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മിഗേൽ ആംഹെൽ അയൂസോ ഗിക്സോത് സന്ദേശത്തിൽ പറഞ്ഞു.

വ്യത്യസ്തതകളുള്ളപ്പോഴും, വൈവിധ്യങ്ങളുടെ ഇടയിലും, ഐക്യം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിലെ ഹൈന്ദവരെയും ക്രൈസ്തവരെയും വത്തിക്കാൻ ക്ഷണിച്ചു.

നമ്മുടെ നഗരങ്ങളിലും രാജ്യങ്ങളിലും വിവിധ സംസ്കാരങ്ങളിലും, മതങ്ങളിലും, വർഗ്ഗങ്ങളിലും, ഭാഷകളിലും, പ്രത്യയശാസ്ത്രങ്ങളിലും നിന്നുള്ള ജനങ്ങൾ വസിക്കുന്ന ഇക്കാലത്ത്, ഈ വൈവിധ്യം പരസ്പരം മനസ്സിലാക്കാനും ഒരുമിച്ചുള്ള വളർച്ചയ്ക്കും ഉപകാരപ്പെടുന്നതാണെന്നും എന്നാൽ അതേസമയം ചിലയിടങ്ങളിൽ ഇത് ഐക്യത്തിനെതിരെയുള്ള ഒരു ഭീഷണിയും, സംഘർഷങ്ങൾക്കുള്ള കാരണമായും മാറുന്നുണ്ട് എന്നും ഡികാസ്റ്ററി ഓർമ്മിപ്പിച്ചു.

ദൈവികപദ്ധതിയിൽ വൈവിധ്യങ്ങളും വ്യത്യസ്തതകളും ആരുടേയും ജീവിതത്തിന് ഭീഷണിയായല്ല, മറിച്ച് ഒരുമയോടെയുള്ള സഹവാസത്തിനുള്ള ഒരു ദാനമായാണ് നാം കാണുന്നത്. അതുപോലെ നമ്മുടെ സമൂഹങ്ങളിൽ വൈവിധ്യങ്ങളിലുള്ള മാനവികതയുടെ ഏകത്വവും നമുക്ക് കാണാൻ സാധിക്കും. അതേസമയം, ദൈവത്തിന്റെ പേരിൽ അധികാരമുപയോഗിച്ചുകൊണ്ടുള്ള ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുക എന്നത് പലപ്പോഴും മറ്റുള്ളവരെ ഒഴിവാക്കുകയോ, വിവേചനം കാട്ടുകയോ ചെയ്യുന്ന രീതിയിലുള്ള ആശയങ്ങളിൽ നിന്ന് പുറപ്പെടുന്ന ചിന്തയാണ്. പലയിടങ്ങളിലും കാണുന്ന മതമൗലികവാദം, തീവ്രവാദചിന്തകൾ, മതഭ്രാന്ത്, വംശീയത, കടുത്ത ദേശീയവാദം തുടങ്ങിയവ ഐക്യം നശിപ്പിക്കുകയും, മനുഷ്യർക്കിടയിൽ സംശയങ്ങൾക്കും മുൻവിധികൾക്കും, അവിശ്വാസത്തിനും, വിദ്വേഷത്തിനും ഭയത്തിനും കാരണമാകുകയും ചെയ്യുന്നുണ്ട്.

ദൈവമക്കളും, സഹോദരീസഹോദരങ്ങളുമെന്ന നിലയിൽ, നഗരങ്ങളിലും രാഷ്ട്രങ്ങളിലും സാഹോദര്യചിന്ത വളർത്തുന്നതുവഴി, മനുഷ്യരെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയുന്നത് ഏറെ പ്രധാനപ്പെട്ട ആവശ്യമാണ്. അങ്ങനെ ബന്ധങ്ങളുടെ പാലങ്ങൾ പണിയാനും, ധാർമ്മിക, സാമ്പത്തിക, സാമൂഹികരംഗങ്ങളിലെ അനൈക്യത്തെ തോൽപ്പിക്കാനും നമുക്ക് സാധിക്കും. നമ്മുടെ വൈവിധ്യങ്ങൾക്കിടയിലും ഐക്യം വിതയ്ക്കുകയെന്നത് ഓരോ വ്യക്തികളുടെയും സമൂഹത്തിന്റെ മുഴുവനും ആവശ്യമാണ്. സമൂഹത്തിൽ സഹാനുഭൂതി പ്രോത്സാഹിപ്പിക്കാനും, നമ്മിൽനിന്ന് വ്യത്യസ്തരായവരുമായുള്ള ബന്ധങ്ങളിൽപ്പോലും പരസ്പര ബഹുമാനം വളർത്താനും നമുക്ക് സാധിക്കണം.

വ്യത്യസ്തതകളെ മനസ്സിലാക്കാനും അംഗീകരിക്കാനും പരസ്പരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി മുന്നോട്ടുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m