സംസ്ഥാനത്ത് പുതിയ 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, മുനിസിപ്പാലിറ്റിയില്‍ 1,078 വാര്‍ഡുകള്‍; തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകള്‍ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്.

ഡിസംബർ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം.

നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്. കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികള്‍ക്കും സംസ്ഥാന നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഈടാക്കി നല്‍കും.

കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനാണു ജില്ലാ കലക്ടർമാർ നല്‍കിയ കരടുനിർദേശങ്ങള്‍ പരിശോധിച്ചു പ്രസിദ്ധീകരിക്കാൻ അനുമതി നല്‍കിയത്. ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പകർപ്പുകളും സമർപ്പിക്കണം.

ആക്ഷേപങ്ങള്‍ നല്‍കേണ്ട വിലാസം:

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബില്‍ഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033. ഫോണ്‍: 0471 2335030.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m