തിരുത്തപ്പെടേണ്ട അതീവ ദു:ഖകരമായ സർക്കാർ ഓർഡർ !

പട്ടിണിപ്പാവങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും രക്ഷകൻ എന്ന് ജനലക്ഷങ്ങൾ വിശ്വസിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാരിനും ഇത് എന്ത് പറ്റി ?സ്വന്തമായി ഒരു നേരത്തെ ആഹാരത്തിനോ, മരുന്നിനോ, വസ്ത്രത്തിനോ, വകയില്ലാത്തവരും, സംരക്ഷിക്കാൻ മക്കളോ മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്തവരും ആയ അനാഥർ, മാനസിക രോഗികൾ, ബുദ്ധിപരമായ വളർച്ച ഇല്ലാത്തവർ, വിധവകൾ, കുട്ടികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, വൃദ്ധർ എന്നിവരെ തീർത്തും അവഗണിച്ചുകൊണ്ട് അവർക്ക് കൊടുത്തുകൊണ്ടിരുന്ന (അതും കുറച്ചുപേർക്ക് മാത്രം )ക്ഷേമ പെൻഷൻ തടഞ്ഞുകൊണ്ട് സർക്കാർ അടുത്ത നാളിൽ ഇറക്കിയ തല തിരിഞ്ഞ ഉത്തരവ് ഒരു ഇടതുപക്ഷ (കമ്മ്യൂണിസ്റ്റ്‌ )സർക്കാരിന് ഒട്ടും ഭൂഷണമല്ല. ഇത് മുഖ്യമന്ത്രിയും, ബന്ധപ്പെട്ട മന്ത്രിയും അറിയാതെ ഇറക്കിയത് ആണ് എങ്കിൽ ഈ ഓർഡർ പിൻവലിച്ച്,ആ ഉന്നത ഉദ്ധ്യോഗസ്ഥനെ മാതൃകാപരമായി ശ്വാസിക്കേണ്ടതാണ്.

ചില ചോദ്യങ്ങൾ ?
1)അനാഥരെ സംരക്ഷിക്കേണ്ടത് ആരാണ്?
ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ രാജ്യത്ത് അനാഥരെയും പരമദരിദ്രരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ മൗലികമായ ചുമതല അല്ലേ. സാമൂഹ്യ പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും പേരിൽ ഏത് എങ്കിലും വ്യക്തിയോ, ട്രസ്‌റ്റോ, സഭയോ ഇവരെ സംരക്ഷിക്കാൻ മുന്നോട്ടു വന്നാൽ, അവരെ സഹായിക്കുന്നതിനു പകരം, സർക്കാർ കൊടുത്തുകൊണ്ട് ഇരുന്ന തുച്ഛമായ തുക കൂടി നിർത്തലാക്കിയത് എത്ര ക്രൂരതയാണ്.
2)1100 രൂപ മതിയോ?
നിലവിൽ ഒരു സ്ഥാപനത്തിലെ വളരെ കുറച്ച് പേർക്ക് മാത്രം (മിക്കവാറും പകുതി പേരിൽ താഴെ )വല്ലപ്പോഴും പ്രതിമാസം 1100 രൂപ നിരക്കിൽ നൽകിയാൽ ആ സ്ഥാപനത്തിലെ അന്തേവാസികൾക്ക് എങ്ങനെ ജീവിക്കാൻ സാധിക്കും. ഒരു മാസം ഒരാൾക്ക് 5000 രൂപ എങ്കിലും ചിലവ് കണക്കാക്കി അതിന്റെ പകുതി 2500 രൂപ എങ്കിലും മുടക്കം കൂടാതെ എല്ലാ മാസവും കൃത്യ സമയത്ത് ഇവർക്ക് നൽകേണ്ടത് അല്ലേ.1100 രൂപ പോലും എല്ലാവർക്കും കൃത്യസമയത്തു നൽകാൻ പറ്റാത്തത് കഷ്ടമാണ്.
ഈ തുകയുടെ പത്തും, അൻപതും, നൂറും, നൂറ്റൻപതും ഇരട്ടി തുക ശമ്പളം ആയും പെൻഷൻ ആയും കൃത്യം ഒന്നാം തീയതി കൊടുക്കാൻ പറ്റുന്നുണ്ടല്ലോ.
3)ഇവർക്കും വേണ്ടേ ആരോഗ്യ ഇൻഷുറൻസ് ?
B P L കുടുംബങ്ങൾക്കു ലക്ഷങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പാക്കുമ്പോൾ എന്തുകൊണ്ടാണ് ഈ അനാഥരെ കൂടി അതിൽ പെടുത്തത്. ഈ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ നല്ല ശതമാനത്തിനും ചികിത്സയും, മരുന്നും, ലാബ് പരിശോധനയും പരിചരണവും എല്ലാം ആവശ്യമുള്ളവർ ആണല്ലോ
4)അനാഥർ BPL നും മുകളിലോ ?
ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനവും സ്വന്തമായി ചെറിയ കാറും വീടും ഉള്ള BPL കാർക്ക് സർക്കാർ 1600 രൂപ ക്ഷേമ പെൻഷൻ വീട്ടിൽ എത്തിച്ചു നൽകുകയും കിലോക്ക് 2 രൂപ നിരക്കിൽ അരി നൽകുകയും ചെയ്യുമ്പോൾ അനാഥലയങ്ങളിലെ അന്തേവാസികൾക്ക് അരി നൽകുന്നത് അഞ്ചര രൂപയ്ക്കു ആണ് എന്നത് എത്ര വിവേചനപരം ആണ്. ഏറ്റവും ദരിദ്രർക്കു നൽകുന്നതുപോലെ സൗജന്യമായോ അല്ലെങ്കിൽ 2 രൂപയ്ക്കു എങ്കിലും ഇവർക്കും അരി നൽകേണ്ടത് അല്ലേ.
5)എന്തേ ഇവർക്ക് കിറ്റ് ഇല്ല ?
ഈ കോവിഡ് കാലം മുഴുവൻ തന്നെ കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമസ്തർക്കും സുഭിക്ഷമായ ഭക്ഷ്യ കിറ്റ് നൽകിയപ്പോൾ ഈ സ്ഥാപനങ്ങളിലെ ആളുകൾക്ക് ആകെ മൂന്ന് പ്രാവശ്യം മാത്രം ആണല്ലോ കിറ്റ് കൊടുത്തത്. ഈ ഓണത്തിനും ലക്ഷങ്ങൾ വരുമാനം ഉള്ളവർക്ക്‌ പോലും കിറ്റ് കൊടുക്കുമ്പോൾ എന്തേ ഈ പാവങ്ങളുടെ കാര്യം മറന്നു പോയി?
6)നിയന്ത്രണം മാത്രം മതിയോ ?
ഈ വക സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാഫ്‌ എന്നീ കാര്യങ്ങളിൽ എല്ലാം സർക്കാർ കർശന നിയന്ത്രണം വക്കുമ്പോൾ ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനു ആവശ്യമായ ഭീമമായ ചിലവിന്റെ ഒരു ഭാഗം സർക്കാർ വഹിക്കേണ്ടത് അല്ലേ. കൃത്യമായ കണക്കുകളോടെ 50% സർക്കാർ വഹിച്ചാൽ ഇതിന്റെ നടത്തിപ്പുകാർക്ക് എത്രയോ നല്ല സേവനം ഇതിലെ അന്തേവാസികൾക്ക് കൊടുക്കാൻ സാധിക്കും?
ഈ വക സ്ഥാപനങ്ങൾക്ക് ഉദാരമതികളിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന പല രീതിയിൽ ഉള്ള സഹായങ്ങളും ഈ കോവിഡ് കാലത്ത് ഏകദേശം പൂർണ്ണമായി തന്നെ നിലച്ച ഈ ഏറ്റവും സങ്കീർണ്ണമായ അവസരത്തിൽ സർക്കാരിന്റെ അവഗണനയുടെ ഈ തല തിരിഞ്ഞ ഓർഡർ ഈവക സ്ഥാപനങ്ങളുടെ നടത്തിപ്പുകാരേയും അന്തേവാസികളെയും ഏറെ ദുരിതത്തിൽ ആക്കുന്നതാണ്. ഈ ഓർഡർ സർക്കാർ എത്രയും വേഗം തിരുത്തി ഇവരെ കൈ അയച്ചു സഹായിക്കും എന്ന് പ്രത്യാശിക്കുന്നു. ഒപ്പം ഈ ഓണക്കാലത്തും തുടർന്നും സാമ്പത്തികമായി കഴിവ് ഉള്ളവർ ഇവരെ സഹായിക്കുന്നതിനായി മുന്നോട്ടു വരും എന്ന് പ്രത്യാശിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group