വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം; കത്തോലിക്കാ കോണ്‍ഗ്രസ്

കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സമിതി ഭാരവാഹികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കാട്ടാനയാക്രമണത്താല്‍ കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിലെ കൃഷിയിടത്തില്‍ എബിന്‍ സെബാസ്റ്റ്യന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്,
ഇതിന് കാരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും സമിതി കുറ്റപ്പെടുത്തി.

കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവി ആക്രമണം കാരണം മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ ജനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും, കര്‍ഷകരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരും വനംവകുപ്പധികൃതരും തിരുത്താന്‍ കഴിയാത്ത തെറ്റാണ് ആവര്‍ത്തിക്കുന്നതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കാട്ടില്‍ ജീവിക്കുന്ന വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കേണ്ടതും ജനങ്ങളുടെ സുരക്ഷ ഒരുക്കേണ്ടതും സര്‍ക്കാരിന്‍റെയും വനംവകുപ്പിന്‍റെയും ഉത്തരവാദിത്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എബിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കണമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ഭാരവാഹികളുടെ അടിയന്തരയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയാല്‍ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പും നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group