മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന എറണാകുളo നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവ വിരുദ്ധം

എറണാകുളത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തി വരുന്ന നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധം. ആസൂത്രിതമായ ചില നീക്കങ്ങൾ ഈ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ജയലക്ഷ്മി, പ്രകാശ് എന്നീ രണ്ട് ദമ്പതികളാണ് സമൂഹമാധ്യമങ്ങളിലൂടെ ശിശുഭവന് എതിരായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിനെ വിലയ്ക്കു വാങ്ങാനായി ശിശുഭവൻ അധികൃതർ ശ്രമിച്ചു എന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അവർ ഉയർത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വോയ്‌സ് ഓഫ് നൺസ് നടത്തിയ അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായ വസ്തുതകൾ:

ചില ആഴ്ചകൾക്ക് മുമ്പാണ് ജയലക്ഷ്മി എന്ന സ്ത്രീ ഭർത്താവുമായുണ്ടായ കലഹത്തെ തുടർന്ന്, തനിക്ക് കുട്ടിയെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന വാദവുമായി ചൈൽഡ് വെൽഫെയർ കമ്മറ്റി (CWC) ക്ക് മുന്നിൽ എത്തുന്നത്. കുട്ടിയുടെ പരിപാലന ചുമതല ഏറ്റെടുത്ത CWC കുട്ടിയെ ഒരു മാസത്തേയ്ക്ക് നിർമ്മല ശിശുഭവനിൽ സംരക്ഷിക്കാനായി ഓർഡർ നൽകുകയും, അപ്രകാരം നിർമ്മല ശിശുഭവൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.

തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരികെ വേണം എന്ന ആവശ്യവുമായി പ്രകാശും ജയലക്ഷ്മിയും നേരിട്ട് ശിശുഭവനിൽ എത്തി. എന്നാൽ, നിയമപ്രകാരം CWC യുടെ ഓർഡർ ഇല്ലാതെ കുട്ടിയെ നൽകാൻ ശിശുഭവൻ അധികൃതർക്ക് കഴിയുമായിരുന്നില്ല. CWC യുടെ ഓർഡറുമായി വരണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ പോയി ഓർഡർ കരസ്ഥമാക്കുകയും വീണ്ടും ശിശുഭവനിൽ എത്തുകയും ചെയ്തു. എന്നാൽ, ശിശുഭവന്റെ ഉത്തരവാദിത്തമുള്ള അധികാരിയായ സന്യാസിനി അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാൽ ഒരുമണിക്കൂർ വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രകോപിതരാവുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രോശിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

സ്ഥിതികൾ വഷളായപ്പോൾ വിവരം പോലീസിനെ അറിയിക്കുകയും, പോലീസ് എത്തി CWC യുടെ ഓർഡർ പരിശോധിച്ച് കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിലോ CWC യിലോ പരാതികളൊന്നും ഇല്ല. മാത്രമല്ല, ഉയർത്തിയ ആരോപണങ്ങളിലൊന്നും വാസ്തവമില്ലെന്ന് അധികാരികൾക്ക് വ്യക്തമായതുമാണ്. എന്നാൽ, സംഭവം മൊബൈൽ ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ഒരു ഓൺലൈൻ മാധ്യമം കൂടുതലായുള്ള അന്വേഷണങ്ങളൊന്നും കൂടാതെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്.

പിന്നിൽ തൽപരകക്ഷികൾ എന്ന് സംശയം. ‍

വീഡിയോയിൽ മാതാപിതാക്കൾ ആരോപിക്കുന്നതു പോലെ ആരെങ്കിലും പണം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, ശിശുഭവൻ അധികാരികൾ എന്ന വ്യാജേന മറ്റാരെങ്കിലും അവരെ ഫോണിൽ വിളിച്ച് തെറ്റിദ്ധാരണ ഉളവാക്കിയിരിക്കാനാണ് സാധ്യത. ഈ ദുരാരോപണത്തിലൂടെ ഉണ്ടായേക്കാവുന്ന വിവാദവും ദുഷ്കീർത്തിയും ആരോ ചിലർ ലക്ഷ്യമാക്കിയിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. കേവലം തെറ്റിദ്ധാരണകൾ മൂലം ഉണ്ടായ കോലാഹലത്തിനിടയിൽ ഒരു ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ടർ എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നത് സംശയനീയമാണ്.

പോലീസ് അധികൃതരും, ശിശുഭവൻ അധികൃതരും, CWC അധികൃതരും പറയുന്നത് കേൾക്കാനോ അത് മുഖവിലയ്ക്ക് എടുക്കാനോ തയ്യാറാകാതെ ആരോ എഴുതിയ തിരക്കഥ പോലെ ഒരു വ്യാജവാർത്ത പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും, “മനുഷ്യക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്, കുഞ്ഞിന് രണ്ടുലക്ഷം വിലപറഞ്ഞ് കന്യാസ്ത്രീ” എന്നിങ്ങനെയുള്ള തലക്കെട്ടുകൾ നൽകി തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാൻ ഉദ്യമിച്ചിരിക്കുന്നതും യാദൃശ്ചികമെന്ന് കരുതാനാവില്ല.

കുഞ്ഞിനെ വിലയ്ക്കു വാങ്ങുകയോ വിൽക്കുകയോ ചെയ്യുക എന്നുള്ള വ്യാജ ആരോപണം ഉത്തരേന്ത്യയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർക്കെതിരെ ഉയരുകയും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതേ മാതൃകയിൽ ഇവിടെയും ഒരു വിവാദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മുൻ വ്യാജപ്രചാരണങ്ങൾക്ക് തുടർച്ചയായി കരുതിക്കൂട്ടി ചെയ്തതായിരിക്കാം. കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും എതിരെ ചില തല്പര കക്ഷികൾ നടത്തി വരുന്ന വ്യാജപ്രചാരണങ്ങളിൽ അവസാനത്തേതായേ ഈ സംഭവത്തെ കാണാൻ കഴിയൂ.

കുഞ്ഞുങ്ങളെ വിൽപ്പന നടത്തുക എന്ന ആരോപണം കേവലം അസംഭവ്യമാണെന്ന് ഇക്കാര്യങ്ങൾ അടുത്തറിയാവുന്ന എല്ലാവർക്കും വ്യക്തതയുള്ള കാര്യമാണ്. CWC യുടെ ഉത്തരവ് പ്രകാരം എത്തുന്നവരും, നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നവരുമായ കുട്ടികൾ മാത്രമാണ് ശിശുഭവനുകളിൽ ഉണ്ടാവുക. CWC ഒരു സ്ഥാപനത്തെ ഏൽപ്പിക്കുന്നെങ്കിലും കുട്ടിയുടെ പൂർണ്ണ അധികാരം CWC യ്ക്ക് മാത്രമാണ്.

സാമാന്യബുദ്ധിയോടെ ചിന്തിച്ചാൽപ്പോലും ആർക്കും മനസിലാക്കാൻ കഴിയുന്ന ഇത്തരം കാര്യങ്ങളെ മറച്ചുവച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയും, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നതു വഴി പ്രസ്തുത ഓൺലൈൻ മാധ്യമം ഗൗരവതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group