ആലുവ ആശങ്കയുടെ മുള്‍മുനയില്‍: ഒമ്പത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ആലുവ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിന് സമീപം ഒമ്പത് വഴിയാത്രക്കാരെ കടിച്ച നായ ചത്തതിനെത്തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചു.

ഇതോടെ നായയുടെ കടിയേറ്റവരും കുടുംബാംഗങ്ങളുംമറ്റും കടുത്ത ആശങ്കയിലായി.

തിങ്കളാഴ്ച വൈകിട്ടും ചൊവ്വാഴ്ച പുലർച്ചെയുമാണ് നായയുടെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നഗരസഭ ആരോഗ്യവിഭാഗം നായപിടിത്തക്കാരെ എത്തിച്ച്‌ നായയെ പിടികൂടി ടൗണ്‍ഹാളില്‍ പ്രത്യേക കൂട്ടില്‍ സംരക്ഷിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ആലുവ മൃഗാശുപത്രിയിലെ ഡോക്ടർ പരിശോധിച്ച്‌ നായക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അറിയിച്ചു. നായയുടെ കടിയേറ്റവർ ആശ്വാസത്തിലിരിക്കെയാണ് ഇന്നലെ രാവിലെ നായയെ ചത്തനിലയില്‍ കണ്ടെത്തിയത്.

ഇതേത്തുടർന്ന് ഇന്നലെ രാവിലെ പ്രത്യേക കവറിലാക്കി നായയെ ഡോക്ടറുടെ കത്തുസഹിതം പോസ്റ്റുമോർട്ടത്തിനായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ആലുവ മാധവുപുരം കോളനി ചക്കാലക്കല്‍ വീട്ടില്‍ സേവ്യർ (73), സിറിയല്‍ ചർച്ച്‌ റോഡില്‍ പെട്ടവീട്ടില്‍ ആന്റണി (22), വെളിയത്തുനാട് പൂജപ്പറമ്ബ് സലീം (55), പുത്തൻവേലിക്കര കല്ലറക്കല്‍ ജോസഫ് (39), പെരുമ്ബാവൂരില്‍ താമസിക്കുന്ന അസാം സ്വദേശി റഫീഖുല്‍ഇസ്ലാം (20), ആലുവ കൈലാസ് കോളനി അന്നക്കുഴി വീട്ടില്‍ രാജമ്മ (43), മഴുവന്നൂർ ഓളത്തുവീട്ടില്‍ അനില്‍കുമാർ (57), പെരുമ്ബാവൂർ കൂവപ്പടി പള്ളിക്കരവീട്ടില്‍ പോള്‍ (57), നഗരസഭ കണ്ടിൻജൻസി ജീവനക്കാരൻ അരുള്‍ എന്നിവർക്കാണ് ബസ്‌സ്റ്റാൻഡ് പരിസരത്തുവച്ച്‌ നായയുടെ കടിയേറ്റത്.

ഇവരില്‍ റഫീഖുല്‍ഇസ്ലാം നാട്ടിലേക്ക് പോയതായാണ് സൂചന. ആളുകളെ കടിച്ച നായ വളത്തുനായ തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെയും വിലയിരുത്തല്‍. ഇതേ ദിവസങ്ങളില്‍ ആലുവ മേഖലയില്‍ മറ്റ് നാലുപേർക്കുകൂടി തെരുവ് നായകളുടെ കടിയേറ്റിരുന്നു.

കടിയേറ്റ മുഴുവൻ ആളുകളും ആദ്യഘട്ട ആന്റി റാബിസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും മുടക്കംകൂടാതെ തുടർഡോസുകള്‍ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. നഗരസഭ പ്രദേശത്തെ വളർത്തുനായകള്‍ക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുക്കണം. അലഞ്ഞുതിരിയുന്ന നായകളെ കണ്ടെത്തി കുത്തിവയ്പ്പ് നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group