അമീബിക്ക് മസ്തിഷ്‌ക ജ്വരം : മാര്‍ഗരേഖ പുറത്തിറക്കി സർക്കാർ

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുന്നതാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഈ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group