സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ ജൈവ സൂപ്പർ മാർക്കറ്റ് തുറന്ന് : തൃശൂർ അതിരൂപത

കാർഷിക ഉൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തിൽ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ എന്ന ജൈവ സൂപ്പർമാർക്കറ്റിനാണ് തുടക്കമായത്. പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി തുറന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. സാധാരണക്കാരുടെ ഉൽപന്നങ്ങൾക്കുള്ള വിപണിയാണിത്. ബ്രാന്റ്ഡ് ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാകില്ല. ലാഭം സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും മാത്രമായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന തൃശൂർ അതിരൂപത ഉൽപന്നങ്ങൾക്കു വിപണി തുറന്നത് മാതൃകാപരമാണെന്ന് ഉദ്ഘാടനം ചെയ്ത കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഗോഡ്‌സ് ഓൺ ഫാമിലി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. കാർഷിക വിഭവസമാഹരണം ടി. എൻ. പ്രതാപൻ എംപി നിർവഹിച്ചു. ആദ്യവില്പന മേയർ എം.കെ. വർഗീസ് നിർവഹിച്ചു.
വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി, സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, ഫാ. ജോസ് വട്ടക്കുഴി, കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, തൃശൂർ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ.ജെ. വിവൻസി തുടങ്ങിയവർ പ്രസംഗിച്ചു . സ്വിഫ്റ്റ് മാർട്ടിൽ നിന്നുണ്ടാകുന്ന ആദായം തൃശൂർ അതിരൂപതയിലെ അർഹരായ കുടുംബങ്ങൾക്കു ഭവനനിർമ്മാണം, വിദ്യാഭ്യാസ സഹായം, കുടുംബശാക്തീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണു പരിപാടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group