സർവ്വതും നഷ്ടപ്പെട്ടവരുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കുന്ന ബാങ്ക് സമീപനങ്ങൾ അവസാനിപ്പിക്കണം : കത്തോലിക്ക കോൺഗ്രസ്

വായ്പാ തിരിച്ചടവിന്റെ പേരിൽ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കൃഷിക്കാർക്ക് സഹായമായി സുഹൃത്തുക്കൾ അയച്ചുകൊടുത്ത പണംവരെ സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്ക് പിടിച്ചെടുത്ത സംഭവം വിലങ്ങാട് ഉണ്ടായത് നിന്ദ്യവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്. വിലങ്ങാട് പ്രകൃതിദുരന്തബാധിതരെ ഉപദ്രവിക്കുന്ന ബാങ്ക് സമീപനങ്ങൾ അവസാനിപ്പിക്കണം. ബാങ്കേഴ്സ് സമിതിക്ക് സർക്കാർ അതിനുള്ള നിർദേശം നൽകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിൽ കൃഷിഭൂമി ഒലിച്ചുപോയ വിലങ്ങാട്ടെ കർഷകർക്ക് അടിയന്തിര ധനസഹായം നൽകാനും വായ്‌പകൾ എഴുതിത്തള്ളാനും വേണ്ട നിർദേശം സർക്കാർതലത്തിൽ നൽകണം. വയനാട്ടിലെപോലെ തന്നെ ഉരുൾപൊട്ടി വ്യാപക കൃഷിനാശം സംഭവിച്ച വിലങ്ങാടിനായും പ്രത്യേക ദുരിതാശ്വാസ പാക്കേജ് ഉണ്ടാക്കണം വയനാടിനൊപ്പം വിലങ്ങാട്ടെ ഉരുൾപ്പൊട്ടലും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.