ചിറക് കരിച്ച്, വിളക്കു കെടുത്തുന്ന വണ്ടുകൾ..

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ,

ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ.

ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്.

ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ എൻ്റെ പംക്തി അവസാനിച്ചു.

സഭയിൽ അച്ചടക്കം ഉറപ്പാക്കാൻ ബാധ്യതയുള്ള സിനഡ്, അപവാദപ്രചാരണത്തിനും വഴിനീളെ നടത്തിയ സമരാഭാസങ്ങൾക്കും വഞ്ചിസ്ക്വയർ പരാക്രമത്തിനും വ്യാജരേഖ ചമയ്ക്കലിനും മെത്രാസന മന്ദിരത്തിൽ കുടികിടപ്പു സമരം നടത്താനും സിനഡിൻ്റെയും ഓറിയൻ്റൽ കോൺഗ്രിഗേഷൻ്റെയും മാർപ്പാപ്പയുടെയും രേഖകൾക്കെതിരേ പരസ്യമായി രംഗത്തു വരാനും ഔദ്യോഗിക കുറിപ്പുകൾ ഇറക്കാനും നേതൃത്വം നല്കിയതിൻ്റെ പേരിൽ ഏതാനും ചില വൈദികർക്ക്
കാരണംകാണിക്കൽ നോട്ടീസ് അയയ്ക്കണം എന്നാവശ്യപ്പെട്ട് “സിനഡ് ഇനിയും ഉറങ്ങരുത്” എന്ന മറ്റൊരു കുറിപ്പും എഴുതിയിരുന്നു.

ഈ കൃത്യവിലോപം അത്ര നിസ്സാരമോ?

എന്നാൽ, ഭയംകൊണ്ടോ അലംഭാവംകൊണ്ടോ അതീവഗുരുതരമായ കൃത്യവിലോപത്തിലൂടെ അവർ എറണാകുളം-അങ്കമാലി അതിരൂപതയിൽ സഭാവിരുദ്ധരായ വൈദികരുടെ എണ്ണം പെരുകാൻ ഇടയാക്കി. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുത്താലും ശരിയാകാത്ത അവസ്ഥയിലായി. എറണാകുളത്തെ ഏതാനും ചില വൈദികരോട് എറണാകുളത്തെ മെത്രാന്മാരോ സീറോ മലബാർ സിനഡു തന്നെയോ ഏതാനും വർഷം മുമ്പ്, ഒരു കാരണം കാണിക്കൽ നോട്ടീസിലൂടെ, നിങ്ങൾ സഭയോടൊപ്പമാണോ അതോ സഭാവിരുദ്ധരാണോ എന്ന ചോദ്യം ചോദിച്ചിരുന്നെങ്കിൽ, വത്തിക്കാൻ പ്രതിനിധി ഇവിടെ വന്ന് ഭൂരിഭാഗം വൈദികരോടും ആ ചോദ്യം ചോദിക്കേണ്ടി വരുമായിരുന്നില്ല!

അപ്പോൾ അവന് സുബോധമുണ്ടായി! (ലൂക്കാ 15,17)

കേരളസഭ മുഴുവൻ, വൈദിക ഗണം മുഴുവൻ, ലജ്ജിച്ചു തലതാഴ്ത്താൻ കാരണക്കാരായിരിക്കുന്ന നിങ്ങളോട് ഈ കുറിപ്പിലൂടെ സംവദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ, എൻ്റെയല്ല, എന്നെപ്പോലെ നിങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്ന അനേകം വൈദികരുടെ സ്വരമായി ഈ കുറിപ്പിനെ നിങ്ങൾ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

ബുദ്ധിശൂന്യമായ നിങ്ങളുടെ നിലപാടുകളും പ്രസ്താവനകളും സമരാഭാസങ്ങളും കത്തോലിക്കാ വൈദികരായ ഞങ്ങളെയും സഭാമക്കളെയും നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എത്രയെത്ര വിഷയങ്ങളിലായി നിങ്ങൾ കേരളക്രൈസ്തവരുടെ ക്ഷമ പരീക്ഷിക്കുന്നു? നിങ്ങൾക്ക് നിങ്ങളുടെ മാതൃസഭയായ സീറോ-മലബാർ സഭയുടെ തലവനെയോ സഭാസിനഡിനെയോ ആഗോളസഭയുടെ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയെയോ അതു നിയോഗിക്കുന്ന അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയോ പാപ്പായുടെ പ്രതിനിധിയെയോ പാപ്പയെത്തന്നെയോ അംഗീകരിക്കാൻ കഴിയുന്നില്ല. ആരാധനക്രമത്തിൻ്റെ പേരാണ് നിങ്ങൾ മറയായി ഉപയോഗിക്കുന്നതെങ്കിലും, വാസ്തവം എന്തെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ ക്രിസ്തുവിൽനിന്ന് ഏറെ അകന്നുപോയിരിക്കുന്നു. അഹങ്കാരവും വെറുപ്പും വിഭാഗീയതയും നിങ്ങളുടെ മനസ്സുകളെ അന്ധമാക്കിയിരിക്കുന്നു. സീറോ-മലബാർ സഭാതലവനോടുള്ള നിങ്ങളുടെ വെറുപ്പ് ഇപ്പോൾ കത്തോലിക്ക സഭാതലവനോട് ആയിരിക്കുന്നു. എങ്കിലും, പാവം വിശ്വാസികളെ പറ്റിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ എന്നും സിനഡൽ സഭ എന്നും ഫ്രാൻസിസ് പാപ്പ എന്നുമൊക്കെ നിങ്ങൾ വെറുതെ ഉച്ചരിച്ചുകൊണ്ടിരിക്കുന്നു.

ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍?

നിങ്ങളിൽ കരുത്തുറ്റ മാധ്യമപ്രവർത്തകർ പലരുണ്ട്, സംശയമില്ല. മുഖ്യധാരാമാധ്യമങ്ങൾ നിങ്ങളുടെ വിളിപ്പുറത്തുണ്ട്. കുപ്രചാരണത്തിന് നിങ്ങളെ വെല്ലാൻ ആരുംതന്നെ ഉണ്ടാവില്ല, ഉറപ്പാണ്. “നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്‌; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍?” (സങ്കീ 12,4) എന്നതാണ് നിങ്ങളുടെ ആക്രോശം. നിങ്ങൾ തിരിച്ചറിയുന്നില്ല എങ്കിലും, മാധ്യമമാണ് ഇന്ന് നിങ്ങളുടെ ദൈവം!

അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയും പരിശുദ്ധ പിതാവിൻ്റെ പ്രതിനിധിയെയും നിങ്ങളുടെ അടിമകളെക്കൊണ്ട് നിങ്ങൾ അവഹേളിച്ചതു കണ്ട് ഞങ്ങൾ ലജ്ജിച്ചു തലതാഴ്ത്തി. അൾത്താരയിൽ നിങ്ങൾ നടത്തിയ കസർത്തു കണ്ട് ഞങ്ങൾ സ്തംഭിച്ചു പോയി. മാർപ്പാപ്പ സ്വന്തം ഹൃദയത്തിൽ തൊട്ട് നിങ്ങൾക്ക് എഴുതിയ കത്ത് വായിച്ചു മനം കലങ്ങിയവരാണ് ഞങ്ങൾ. എന്നിട്ടും നിങ്ങൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല. നിങ്ങളുടെ ഹൃദയം ഇത്ര കഠിനമായിത്തീർന്നതെങ്ങനെ എന്ന് ഞങ്ങൾ അദ്ഭുതപ്പെടുകയാണ്. പൈശാചികത മുറ്റിനില്ക്കുന്ന ഈ ഹൃദയവും അധരവുമായാണല്ലോ നിങ്ങൾ അൾത്താരയിൽ ദിവ്യബലി അർപ്പിക്കാനും കുമ്പസാരക്കൂട്ടിൽ പാപമോചനം നല്കാനുമായി നിലകൊള്ളുന്നത് എന്നോർത്ത് ഞങ്ങൾ നടുങ്ങിവിറയ്ക്കുന്നു!

ചിറകു കരിച്ച്, വിളക്കു കെടുത്തുന്ന വണ്ടുകൾ

നിങ്ങളുടെ ചതിക്കെണിയിൽ പെട്ട് ആത്മനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിശ്വാസികളെ ഓർത്ത് ഞങ്ങൾ ആകുലപ്പെടുന്നു. കർത്താവിനും സഭയ്ക്കുമുള്ള തങ്ങളുടെ ആത്മസമർപ്പണം നിങ്ങളുടെ കരാളഹസ്തത്തിൻ കീഴിൽ അടിയറവു വയ്ക്കേണ്ടിവന്നിട്ടുള്ള നൂറുകണക്കിനു സന്യസ്തരെയോർത്ത് ഞങ്ങൾ അസ്വസ്ഥപ്പെടുന്നു. അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറാൻ മാത്രം പൈശാചികത നിങ്ങളിൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു! ഈ പോക്കു പോയാൽ, നിങ്ങളുടെ ആത്മാവ് സമ്പൂർണ നാശമടയും; മാത്രമല്ല, അനേകരുടെ ആത്മനാശത്തിന് നിങ്ങൾ നിമിത്തമായിത്തീരുകയും ചെയ്യും.

മഹാദാനവും രഹസ്യവും ഓർക്കണമേ!

പൗരോഹിത്യമെന്ന മഹാദാനം നമ്മൾ ഏറ്റുവാങ്ങിയത് മറുതലിക്കാനോ വെറുപ്പിൽ കഴിയാനോ വ്യാജപ്രചാരണം നടത്താനോ തെരുവിലൂടെ സഭാനേതാക്കന്മാർക്കെതിരേ മുദ്രാവാക്യം വിളിക്കാനോ ചെറുപ്പക്കാർക്കും കുട്ടികൾക്കും ഉതപ്പേകി അവരുടെ വിശ്വാസം ക്ഷയിപ്പിക്കാനോ വിഭാഗീയത വളർത്തി ആത്മാക്കളെ നശിപ്പിക്കാനോ ആയിരുന്നോ?

സഹോദരവൈദികർ എന്ന നിലയിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു: ഇനിയെങ്കിലും പിശാചിൻ്റെ മായികലോകം വിട്ട് സുബോധത്തിലേക്ക് ഉണരുക! ആത്മാർത്ഥമായി അനുതപിക്കുക, മനസാന്തരപ്പെടുക, അനുസരിക്കുക!

കടപ്പാട് : ഫാ.ജോഷി മയ്യാറ്റിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group