മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് ഭാരത സഭ

സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ സഭ. ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആഹ്വാനം. മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സി‌ബി‌സി‌ഐ നേരത്തെ പ്രസ്താവിച്ചിരുന്നു.

വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മത മൗലികവാദ പ്രസ്ഥാനങ്ങളും എല്ലായ്പ്പോഴും രാജ്യത്തെയും അതിൻ്റെ ഭരണഘടനയെയും ചിത്രീകരിച്ചിട്ടുള്ള ബഹുസ്വര ധാർമ്മികതയെ ഇല്ലാതാക്കുന്നുവെന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കാന്‍ പാടില്ലായെന്നും സി‌ബി‌സി‌ഐ പ്രസ്താവിച്ചു. 2014 മുതൽ ഹിന്ദു ദേശീയവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന ബി‌ജെ‌പി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാണ്.

ആസാമില്‍ ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് അടുത്തിടെ തീവ്രഹിന്ദുത്വ സംഘടന അന്ത്യശാസനം നല്‍കിയിരുന്നു. സ്കൂളുകളിൽ ജോലി ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലി ചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി രാജ്യത്തു മാറിയിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group