ബിഷപ്പ് ആന്‍റണി പൂല ഹൈദരാബാദ് അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്

വത്തിക്കാൻ/ഹൈദരാബാദ് : കർണൂലിലെ ബിഷപ്പ് ആന്റണി പൂലയെ ഹൈദരാബാദിലെ ആർച്ചുബിഷപ്പാക്കി ഫ്രാൻസിസ് പാപ്പാ ഉയർത്തി. കാനോനിക പ്രായപരിധി 75 വയസ്സെത്തിയതിനെ തുടര്‍ന്നു നിലവിലെ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് തുമ്മ ബാലയുടെ വിരമിക്കലിനെ തുടർന്നാണ് പുതിയ നിയമനം. 2011 മുതൽ ഒൻപതു വർഷത്തോളം ഹൈദരാബാദ് അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്നു അദ്ദേഹം. 2019 ഏപ്രിലിൽ ബിഷപ്പുമാരുടെ വിരമിക്കൽ പ്രായം 75 ആക്കിയിരുന്നു.

1961 നവംബർ 15 -ന് ആന്ധ്രാപ്രദേശിലെ ചിന്ധുകൂരിലാണ് ബിഷപ്പ് ആന്റണി പൂല ജനിച്ചത്. കർണൂലിലെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പഠിച്ചു. 1992 ഫെബ്രുവരി 20 -ന് വൈദികനായി. 1995-മുതൽ 2000-വരെ കടപ്പ ജില്ലയിലെ ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ചിന്റെ ഇടവക വികാരിയായും സെന്റ് തോമസ് ബോർഡിംഗ് ഹോമിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 -02 കാലഘട്ടത്തിൽ അദ്ദേഹം അമേരിക്കയിലെ കാലമൻസ്സോ രൂപതയിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ റസിഡന്റ് പുരോഹിതനായിരുന്നു. പിന്നീട് 2002-03-ൽ ചിക്കാഗോ അതിരൂപതയിലെ സെന്റ് ജെനീവീവ് കാത്തലിക് ചർച്ചിൽ അസോസിയേറ്റ് പാസ്റ്ററായും സേവനമനുഷ്ഠിച്ചു. 2008 ഫെബ്രുവരി എട്ടിന് നാൽപ്പത്തിയാറാമത്തെ വയസിൽ കർണൂലിലെ ബിഷപ്പായി നിയമിതനായി.

യൂത്ത് കമ്മീഷൻ തെലുങ്ക് മേഖല, പട്ടികജാതി / പിന്നോക്ക വിഭാഗ കമ്മീഷൻ, ആന്ധ്രപ്രദേശ് സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തെലുങ്ക് കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ സെക്രട്ടറി ജനറലായും ട്രഷററായും സേവനമനുഷ്ഠിച്ചു. 2008 മുതൽ 2020 വരെ ആന്ധ്രപ്രദേശ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ചെയർമാനായും 2014-2020 മുതൽ തെലുങ്ക് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ സെക്രട്ടറി ജനറലായും ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. 28 വർഷം വൈദികനായും 12 വർഷം ബിഷപ്പായും അദ്ദേഹം സേവനമനുഷ്ഠിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group