സാമ്പത്തിക സംവരണത്തെക്കുറിച്ച് ആശങ്ക വേണ്ട: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

സാമ്പത്തിക സംവരണത്തെക്കുറിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. സാമ്പത്തിക സംവരണം (E.W.S Reservation) കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും പി.എസ്.സി  നിയമങ്ങളിലും നടപ്പാക്കുന്നതിൽ കേരള സർക്കാർ നേരിട്ട വൻ സാമുദായിക രാഷ്ട്രീയ പ്രതിസന്ധികളെ അദ്ദേഹം ചൂണ്ടിക്കാട്ടി. വൈകിയെങ്കിലും നടപ്പിലാക്കപ്പെട്ട ഈ സംവരണത്തോട് ചില സംഘടിത സാമുദായിക ശക്തികൾ എതിർക്കുന്നതിന് പിന്നിലെ വികാരമെന്തെന്ന് വ്യക്തമല്ലെന്ന് പറഞ്ഞ ബിഷപ്പ്, എന്തെങ്കിലും ആദർശത്തിന്റെ പേരിലാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

 സാമ്പത്തിക സംവരണത്തോട് വിവിധ രാഷ്ട്രീയ പാർട്ടികൾ കാലാകാലങ്ങളായി സ്വീകരിച്ചിരിക്കുന്ന സമീപനങ്ങൾ വിലയിരുത്തുമ്പോൾ ഇന്നത്തെ സാഹചര്യത്തിൽ ഈ സാമ്പത്തിക സംവരണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ബിഷപ്പ് പരാമർശിച്ചു. രാജ്യത്തെ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുത്ത  ബി. ജെ.പിയുടെ നിലപാടും സാമ്പത്തിക സംവരണത്തിന് ഊർജം നൽകുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുൾപ്പടെ മറ്റെല്ലാ വിഭാഗം രാഷ്ട്രീയ പാർട്ടികളും 10% സാമ്പത്തിക സംവരണമെന്ന, ഈ ആശയത്തോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ജനാധിപത്യത്തിന്റെ സുതാര്യതയെ നിലനിർത്താനും എല്ലാ വിഭാഗത്തിനും തുല്യമായ സാമ്പത്തിക, സാമൂഹിക, മത – മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനും എല്ലാ ഭരണകൂടത്തിനും തുല്യമായ പങ്കുണ്ടെന്നും രാഷ്ട്രീയമായ മുതലെടുപ്പുകൾക്കപ്പുറം സമൂഹത്തോട് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി. ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക് സാധിക്കണമെന്നും, ഈ നാട് എല്ലാ ജനവിഭാങ്ങളെയും ഉൾക്കൊള്ളിക്കാൻ ബാധ്യസ്ഥമാണെന്നും ബിഷപ്പ് നിർദ്ദേശിച്ചു.