സൈബർ ലോകത്തെ അത്ഭുത പ്രവർത്തകൻ: Carlo Acutis

വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ നാമത്തിലുള്ള  ഈ അത്ഭുതം നടക്കുന്നത് ബ്രസീലുള്ള മാത്യൂസ് എന്ന പേരുള്ള ഒരു കുട്ടിക്കാണ്. മാത്യൂസ് ജന്മാനാതന്നെ അനുലാർ പാൻക്രിയാസ് (annular pancreas) എന്ന അപൂർവ്വമായാ ഒരു രോഗത്തിന് അടിമയായിരുന്നു. ഇക്കാരണം കൊണ്ട് മാത്യൂസിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയെ ഇത് വളരെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു.

 മാത്യൂസ് വളർന്നു വരുന്നതിനനുസരിച്ച്  ഈ ബുദ്ധിമുട്ടുകൾ കൂടി വന്നതേയുള്ളൂ. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും എപ്പോഴുമുള്ള വയറുവേദനയും അവനെ വളരെയധികം അലട്ടിയിരുന്നു. അതോടൊപ്പം എന്തുകഴിച്ചാലും ഛർദിയും കൂടി വന്നു. അങ്ങനെ അവന്റെ നിത്യജീവിതം കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും ഒക്കെ ജ്യൂസ് കൊണ്ട് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അവൻ അധിക കാലം ജീവിക്കില്ല എന്ന് ഡോക്ടർസ് തന്നെ വിധിയെഴുതി. ഭക്തയായ അവന്റെ അമ്മ വിയന്ന മകന്റെ സൗഖ്യത്തിനായി നിരന്തരം പ്രാർഥിച്ചുകൊണ്ടേയിരുന്നു.

 അങ്ങനെയിരിക്കെ അവരുടെ കുടുംബ സുഹൃത്തായ ഒരു വൈദികൻ ഫാ. മാർസിലോ റ്റീരിയോ  വാഴ്ത്തപ്പെട്ട കാർലോയുടെ അമ്മയിൽ നിന്നും ഒരു തിരുശേഷിപ്പ് തന്റെ ഇടവകയിൽ കൊണ്ടുവരികയും ഇടവകാ ജനങ്ങളോട് രോഗ സൗഖ്യത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. മാത്യൂസിന്റെ അമ്മ  ഈ പ്രാർത്ഥനാ കൂട്ടായ്മയെക്കുറിച്ച് അറിയാനിടയായി. അവൾക്കെന്തോ കാർലോസ് തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് തോന്നലുണ്ടായി. അതുകൊണ്ട് മാത്യൂസിനോട് വാഴ്ത്തപ്പെട്ട കാർലോയെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും അവന്റെ രോഗം മാറ്റാൻ പ്രാർത്ഥിക്കാൻ പറയുകയും ചെയ്തു.  അങ്ങനെ പ്രാർത്ഥനാ കൂട്ടായ്മയുടെ ദിവസം മാത്യൂസിനും മറ്റ് കുടുംബങ്ങൾക്കുമൊപ്പം അവന്റെ അമ്മ വിയന്നയും പ്രാർഥനയിൽ പങ്കെടുക്കാൻ പോകുകയും ചെയ്തു. “എന്റെയീ ഛർദി ഒന്ന് മാറ്റിതരണമേ,” അവന്റെ പ്രാർഥന ഇതൊന്നു മാത്രമായിരുന്നു. മാത്യൂസ് പ്രാർഥിക്കുന്ന ആ നിമിഷത്തിൽ തന്നെ, അവൻ ആ സൗഖ്യം അനുഭവിച്ചു തുടങ്ങിയെന്ന് തിരിച്ചു പോകും വഴി അവൻ അമ്മയോട് പറഞ്ഞു.  

  വീട്ടിൽ തിരിച്ചെത്തിയ മാത്യൂസ് മറ്റ് സഹോദരങ്ങളെപ്പോലെ ‘ഫ്രഞ്ച് ഫ്രൈ, റൈസ്, ബീൻസ്’, എല്ലാം കഴിക്കാൻ തുടങ്ങി. പിന്നീടൊരിക്കലും അവന് ഒരു ഭക്ഷണം കഴിക്കാനും പ്രശ്നമുണ്ടായിരുന്നില്ല. വിയന്ന പിന്നീട് മാത്യൂസിനെ ഒരു ഡോക്ടറെ കാണിച്ചപ്പോൾ അവർക്കും വിശ്വസിക്കാനായില്ല. കാരണം അപ്പോളേക്കും അവന്റെ ദഹനവ്യവസ്ഥ സാധാരണ ഗതിയിലായി. അതും ഏതോ ഒരു അമാനുഷിക ശക്തിയുടെ ഇടപെടലാണെന്ന് അവർ വിലയിരുത്തുകയും ചെയ്‌തു