ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു പകർന്നു നൽകിയ മറ്റൊരു മഹാത്ഭുതം വിശുദ്ധഗ്രന്ഥത്തില്‍ കാണാം. പെസഹാരാവിൽ അവിടുന്നു ചെയ്ത ഈ മഹാത്ഭുതത്തിന് പകരമാവില്ല, പരസ്യജീവിതകാലത്ത് അവിടുന്നു ചെയ്ത മറ്റത്ഭുതങ്ങളൊന്നും.
അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ചുകൊണ്ട് അനേകായിരങ്ങളുടെ വിശപ്പടക്കിയ ഒരത്ഭുതം ഈശോമശിഹാ ചെയ്തതായി യോഹന്നാന്‍റെ സുവിശേഷം ആറാം അധ്യായത്തിന്‍റെ ആരംഭത്തില്‍ വായിക്കുന്നു. എന്നാല്‍ അതേ അധ്യായം അവസാനിക്കുന്നത് തന്‍റെ ശരീര-രക്തങ്ങള്‍ ഭക്ഷിച്ചുകൊണ്ട് നിത്യജീവനില്‍ പ്രവേശിക്കുവാന്‍ മനുഷ്യരാശിയെ ആഹ്വാനം ചെയ്തുകൊണ്ടാണ്. തൻ്റെ അന്തിമപെസഹായില്‍ അപ്പത്തിലും വീഞ്ഞിലും തന്നെ പകർന്നുനല്‍കിയപ്പോൾ അമര്‍ത്യതയുടെ ഔഷധമാണ് ഈശോ മശിഹാ മനുഷ്യരാശിക്ക് നല്‍കിയത്. “എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍” എന്ന് അവിടുന്നു കല്‍പ്പിച്ചതിനാല്‍ പരിശുദ്ധസഭയിലൂടെ കഴിഞ്ഞ രണ്ടായിരം കൊല്ലമായി അന്തിമ പെസഹായിലെ മഹാത്ഭുതം തുടർന്നുകൊണ്ടിരിക്കുന്നു.
ഓരോ വിശുദ്ധ കുര്‍ബാനയിലും ഈശോമശിഹാ നിരന്തരം തന്‍റെ ശരീരവും രക്തവും മനുഷ്യവംശത്തിനായി വര്‍ദ്ധിപ്പിക്കുകയും പകര്‍ന്നുനല്‍കുകയും ചെയ്യുന്നു. ഗോതമ്പപ്പവും മുന്തിരിച്ചാറും ദൈവപുത്രനായ ഇശോമശിഹായുടെ ശരീരവും രക്തവുമായി മാറ്റപ്പെടുന്നു, അതില്‍ പങ്കാളികളാകുന്നവര്‍ ദൈവികജീവന് അവകാശികളാകുന്നു. ക്രിസ്തുവിന്‍റെ സഭ ഈ പ്രത്യാശയോടെയാണ് അനുദിനം സ്വര്‍ഗ്ഗോന്മുഖമായി സഞ്ചരിക്കുന്നത്.
ബലിപീഠത്തില്‍ നില്‍ക്കുന്ന വൈദികന്‍ വിശുദ്ധകുര്‍ബാനമധ്യേ ഗോതമ്പപ്പവും വീഞ്ഞും കൈകളിലേന്തി “ഇത് എന്‍റെ ശരീരമാകുന്നു, ഇത് എന്‍റെ രക്തമാകുന്നു” എന്നു പറയുമ്പോള്‍ ഈശോമശിഹായുടെ ശബ്ദമാണ് അവിടെ പ്രതിധ്വനിക്കുന്നത്. അപ്പവും വീഞ്ഞും കൂദാശചെയ്യപ്പെടുമ്പോള്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും മുഴുവന്‍ സത്തയും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെയും രക്തത്തിന്‍റെയും സത്തയാകുന്ന മഹാത്ഭുതമാണ് മദ്ബഹായില്‍ സംഭവിക്കുന്നനത്. ഈ അത്ഭുതപ്രതിഭാസത്തിനു നേരിട്ട് സാക്ഷിയാകാന്‍ വിളിക്കപ്പെട്ടവനാണ് ഓരോ വൈദികനും. ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലേക്ക് അലിഞ്ഞുചേര്‍ന്ന പട്ടക്കാരനിലൂടെ ക്രിസ്തു തന്നെയാണ് ബലിവേദിയിലും അപ്പവീഞ്ഞുകളെ തന്‍റെ ശരീരരക്തങ്ങളാക്കി മാറ്റുന്നത്. അപ്പവീഞ്ഞുകളില്‍ സംഭവിക്കുന്ന അത്ഭുതകരമായ ഈ പരിവര്‍ത്തനത്തെക്കുറിച്ചും അതിന് കാര്‍മ്മികായി നില്‍ക്കുന്ന വൈദികനെക്കുറിച്ചും കത്തോലിക്കാസഭ വച്ചുപുലര്‍ത്തുന്നത് ക്രിസ്തുമൊഴികളില്‍ അടിസ്ഥാനമിട്ടുനില്‍ക്കുന്ന വിശ്വാസബോധ്യങ്ങളാണ്.
സഭയുടെ വേദപാരംഗതനായിരുന്ന വിശുദ്ധ തോമസ് അക്വീനാസ് പറയുന്നത്, തിരുപ്പട്ട കൂദാശ സ്വീകരണത്തിലൂടെ യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലേക്ക് “in persona Christi capitis” (in the person of Christ the head) അലിഞ്ഞുചേരുകയാണ് പട്ടക്കാരന്‍ എന്നാണ്. പൗരോഹിത്യത്തിന്‍റെ ഉറവിടം ക്രിസ്തുവിലാണ്, ക്രിസ്തുവിനു വെളിയില്‍ ക്രൈസ്തവ പൗരോഹിത്യത്തിന് നിലനില്‍പ്പില്ല. ക്രിസ്തുവില്‍നിന്ന് വിട്ടുമാറിനിന്നുകൊണ്ട് ബലിയര്‍പ്പണവും സാധ്യമല്ല.
🔺 തിരുപ്പട്ടവും വിമതപുരോഹിതരും
പട്ടത്വശുശ്രൂഷയെ സംബന്ധിച്ച് കത്തോലിക്കാ സഭയുടെ ആഴമേറിയ ബോധ്യങ്ങളുടെയും വേദപാരംഗദന്മാര്‍ നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും വെളിച്ചത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവൈദികരെ വിലയിരുത്തുമ്പോഴാണ് അവരിലെ പൗരോഹിത്യധര്‍മ്മം എത്തിച്ചേര്‍ന്നിരിക്കുന്ന അധഃപതനത്തിന്‍റെ ആഴം നമ്മെ ഭയപ്പെടുത്തുന്നത്. മറ്റൊരു ക്രിസ്തു ആയിത്തീരാന്‍ വിളിക്കപ്പെട്ട കുറെ പുരോഹിതന്മാര്‍ ഇന്ന് “വിമതപുരോഹിതർ” എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെപ്പോലെ ആക്രോശിക്കുകയും രാഷ്ട്രീയ പ്രതിയോഗികളോടെന്നപോലെ സഭയുടെ നേതൃത്വങ്ങള്‍ക്കെതിരേ പടയൊരുക്കം നടത്തുകയും ചെയ്യുന്നു. ബലിവേദികളെ അവര്‍ മത്സരക്കളങ്ങളാക്കുന്നു. തങ്ങള്‍ക്കു വിജയിക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ ബലിയര്‍പ്പണം അവര്‍ക്കൊരു പോരിന്‍റെ ആയുധം മാത്രമാണ്. മനഃസാക്ഷി മരവിച്ച ഇവര്‍ എതിരാളികളെ പരാജയപ്പെടുത്താന്‍ എന്തിനും തയ്യാറാകുന്നു. ആർച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ ഒറ്റുകാരന്‍ യൂദായെ വിളിക്കുന്ന The Anti-Eucharist Priest എന്ന സ്ഥാനത്തെ അലങ്കരിക്കുവാന്‍ മത്സരിക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവൈദീകര്‍.
🔺 വിമതപുരോഹിതൻ്റെ ബലിയർപ്പണം സ്വീകാര്യമാകുമോ ?
വിമതവൈദികര്‍ക്ക് ഈശോമശിഹായുടെ അന്തിമപെസഹായുടെ അനുസ്മരണ ശുശ്രൂഷകളില്‍ പങ്കാളികളാകാന്‍ എങ്ങനെ കഴിയുമെന്ന വസ്തുത സീറോമലബാര്‍ സഭയുടെ സിനഡ് പരിശോധിക്കേണ്ടതുണ്ട്. കുരിശുമരണത്തോളം പിതാവിനെ അനുസരിക്കാന്‍ തയ്യാറായ ദൈവപുത്രനെ പ്രതിനിധീകരിച്ചു വൈദികന്‍ മദ്ബഹായില്‍ നില്‍ക്കുമ്പോള്‍, വിമതബോധത്തോടെ ജീവിക്കുന്ന ഒരു വൈദികന് ഇതിനു സാധിക്കുമെന്ന് സഭാനേതൃത്വം കരുതുന്നുണ്ടോ? സഭയെ വെറുക്കുകയും സഭയുടെ നേതൃത്വത്തെ ധിക്കരിക്കുകയും ചെയ്യുന്ന പട്ടക്കാർക്ക് സഭയില്‍ പുരോഹിതശുശ്രൂഷ ചെയ്യാന്‍ സഭയുടെ ഏത് നിയമമാണ് അനുവദിക്കുന്നതെന്ന് സിനഡ് വ്യക്തമാക്കേണ്ടതുണ്ട്.
“ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളില്‍നിന്നും സഭയെ സംരക്ഷിക്കണമേ” എന്ന് വിശുദ്ധ കുര്‍ബാനമധ്യേ പ്രാര്‍ത്ഥിക്കുകയും പുറത്തിറങ്ങി സഭയെ തകര്‍ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നവരെ പുരോഹിത ശുശ്രൂഷകളില്‍ നിലനിര്‍ത്തുന്നിതല്‍ എന്ത് യുക്തിയാണുള്ളത് ?
“സഭയെ തന്‍റെ മാതാവായി കരുതാത്തവന് ദൈവത്തെ തന്‍റെ പിതാവായി കരുതാന്‍ സാധിക്കില്ല” എന്നാണ് സഭാപിതാവായ വിശുദ്ധ സിപ്രിയന്‍ പറഞ്ഞത്. സകലത്തിന്‍റെയും നാഥനും പിതാവുമായ ദൈവത്തിന് അര്‍പ്പിക്കുന്ന ബലികള്‍ വിമതവൈദികര്‍ അര്‍പ്പിക്കുമ്പോള്‍ അത് തിരുസ്സന്നിധിയില്‍ സ്വീകാര്യമാകുമോ?
ജഡത്തിന്‍റെ വ്യാപാരങ്ങളായ ശത്രുത, കലഹം, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയത, വിദ്വേഷം (ഗലാത്തിയ 5:19) എന്നിവ പരസ്യമായി പ്രകടിപ്പിക്കുന്ന വൈദികരെ ആത്മീയവേദികളില്‍ ശുശ്രൂഷകരായി നിലനിര്‍ത്തണമോ എന്ന കാര്യം സഭ അതീവഗൗരവത്തോടെ ചിന്തിക്കണം.
🔺 വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?
“വിമതബോധം” എന്നത് ശിക്ഷിച്ചു നേരേയാക്കാന്‍ കഴിയുന്ന സ്വഭാവമല്ല. വത്തിക്കാന്‍ വടിയോങ്ങിയാല്‍ ശിക്ഷപേടിച്ച് അനുസരണത്തിന് ഒരുപക്ഷേ ചിലരെങ്കിലും തയ്യാറായേക്കും. എന്നാല്‍ നാളുകളായി നിലനില്‍ക്കുന്ന വിമതബോധം എന്ന പൈശാചികത ഇവരില്‍ സൃഷ്ടിച്ചിരിക്കുന്ന മനോവൈകല്യങ്ങളും നിഷേധാത്മകതയും ഉടനെയൊന്നും ശിക്ഷിച്ചു നേരേയാക്കാന്‍ കഴിയുന്ന പ്രകൃതങ്ങളല്ല.
വിമതപുരോഹിതര്‍ക്കു വേണ്ടത് ആഴമേറിയ മാനസാന്തരമാണ്. വാസ്തവമായി ഈശോമശിഹായെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് അവസരമുണ്ടാകണം. പുതിയൊരു സൃഷ്ടിയാകുന്ന വിധത്തിലുള്ള വലിയൊരു മാനസാന്തരത്തിലൂടെ മാത്രമേ സഭാത്മകമായ ഒരു പരിവര്‍ത്തനവും ജീവന്‍റെ ഫലങ്ങളും ഇവരില്‍ ഇനി നാമ്പിടുകയുള്ളൂ. ആയതിനാല്‍, വിമതവൈദികർ എല്ലാവരേയും സഭാ ശുശ്രൂഷകളില്‍നിന്ന് മാറ്റിനിര്‍ത്തുകയും അവര്‍ക്ക് മാനസാന്തരത്തിനും ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാകുന്നതിനും അവസരവും സമയവും നല്‍കണം. ആരും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ക്രിസ്തുവിന്‍റെ മനസ്സോടെ സഭ ഇവരെ പരിപാലിക്കണം. ഇതോടൊപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതസംഘത്തില്‍ ഉള്‍പ്പെട്ട സകല വിശ്വാസികളെയും ക്രിസ്തുവിന്‍റെ സഭയിലും സ്നേഹത്തിലും യഥാസ്ഥാനപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളും സഭാനേതൃത്വം കണ്ടെത്തണം.
വിശുദ്ധ തോമസ് അക്വിനാസിന്‍റെ പ്രബോധനം വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ, ”പൗരോഹിത്യത്തിന്‍റെ ഉറവിടം ക്രിസ്തുവിലാണ്, ക്രിസ്തുവിനു വെളിയില്‍ ക്രൈസ്തവ പൗരോഹിത്യത്തിന് നിലനില്‍പ്പില്ല. ക്രിസ്തുവില്‍നിന്ന് വിട്ടുമാറിനിന്നുകൊണ്ട് ബലിയര്‍പ്പണവും സാധ്യമല്ല”
പെസഹാസായാഹ്നത്തിന്‍റെ വിശുദ്ധിയിലും ചൈതന്യത്തിലും എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയ മദ്ബഹകള്‍ നിലനില്‍ക്കട്ടെ. മനുഷ്യവംശത്തില്‍ ക്രിസ്തു ആരംഭിച്ച നിത്യജീവന്‍റെ പ്രത്യാശയും പ്രകാശവും ഈ അതിരൂപതയിലെ ദൈവജനത്തിന് നഷ്ടപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.
കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group