ന്യൂ ഡല്‍ഹി: ജാതീയമായ അധിക്ഷേപമുണ്ടെങ്കില്‍ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാവൂ എന്ന് സുപ്രീം കോടതി.
പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവർക്കെതിരെ അപകീർത്തികരമായി നടത്തുന്ന എല്ലാ പരാമർശങ്ങള്‍ക്കെതിരേയും 1989 ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പി.വി ശ്രീനിജിൻ എം.എല്‍.എയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഓണ്‍ലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധിപ്രസ്താവം.
ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവർക്കെതിരായ എല്ലാ അധിക്ഷേപങ്ങളും, ഭീഷണികളും ജാതി അതിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല. തൊട്ടുകൂടായ്മ, സവർണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നത്. ഇത്തരം പ്രവർത്തങ്ങളില്‍ ഏർപ്പെടുന്നവർക്ക് എതിരെ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനില്‍കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പി.വി ശ്രീനിജിൻ എം.എല്‍.എയ്ക്കെതിരെ ഷാജൻ സ്കറിയ ചെയ്ത വീഡിയോയുടെ ഉള്ളടക്കം സുപ്രീംകോടതി വിശദമായി പരിശോധിച്ചു. ശ്രീനിജിനെതിരെ ആരോപണങ്ങളുടെ പേരില്‍ വീണ്ടുവിചാരമില്ലാത്ത പരാമർശം ഷാജൻ നടത്തിയിട്ടുണ്ട്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കുറ്റം ചെയ്തുവെന്ന് കരുതുന്നില്ല. പ്രാഥമിക പരിശോധനയില്‍ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം
കുറ്റം ചെയ്തുവെന്ന് ബോധ്യമായില്ല എങ്കില്‍ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം നല്‍കാൻ കോടതിക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പി.വി ശ്രീനിജിൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് അറസ്റ്റ് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജൻ സ്കറിയക്ക് ജാമ്യം നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജാമ്യവ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും നിർണായക സ്വാധീനം ചെലുത്തുന്നതാണ് സുപ്രീം കോടതി വിധി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m