ദൈവരാജ്യത്തിന്റെ പ്രചാരകരായി കത്തോലിക്കാ വിദ്യാർത്ഥികൾ മാറണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
“പാക്സ് റൊമാന” എന്ന പേരിൽ സ്വിറ്റ്സർലൻഡിലെ ഫ്രിബർഗിൽ ആരംഭിച്ച കത്തോലിക്കാ വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര പ്രസ്ഥാനത്തിലെ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു.
സർവ്വകലാശാല പരിതസ്ഥിതികളെ സുവിശേഷവൽക്കരിക്കുക, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വിമർശനാത്മക കാഴ്ചപ്പാടിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക, അവരുടെ സാമൂഹിക അന്തരീക്ഷത്തിൻ്റെ പരിവർത്തനത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ്, ഈ സംഘടന വഴിയായി വിദ്യാർത്ഥികൾ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കത്തോലിക്കാ വിശ്വാസം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്, മാനവിക കുടുംബത്തോടുള്ള ദൈവത്തിന്റെ അനന്ത സ്നേഹത്തിനനുസൃതമായി സാമൂഹിക നീതിയും സമഗ്രമായ മാനവിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ പ്രതിബദ്ധതയെ പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. തുടർന്ന് ‘സ്വയം സമർപ്പിക്കലിന്റെയും, സേവനത്തിന്റെയും വിപ്ലവനായകരാകുവാനുള്ള’ യുവജനങ്ങളോടുള്ള പാപ്പായുടെ ആഹ്വാനം വീണ്ടും പുതുക്കി. ഈ ആഹ്വാനം നടപ്പിലാക്കുന്നത്, കൂടുതൽ അനുകമ്പയും, യോജിപ്പും, സാഹോദര്യവും നിലനിൽക്കുന്ന ഒരു സമൂഹം രൂപപ്പെടുത്തുന്നതിലൂടെയാണെന്നു പാപ്പാ പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ആഗോളപൗരത്വം വളർത്തുന്നതിനും, സാമൂഹികമാറ്റങ്ങൾ കൊണ്ടുവരുന്നതിനും, പ്രസ്ഥാനം സ്വീകരിച്ചിട്ടുള്ള ഫലപ്രദമായ മാർഗ്ഗങ്ങളെ പാപ്പാ അഭിനന്ദിച്ചു.
തുടർന്ന് സിനഡാത്മകതയിൽ വേരുറച്ച ഒരു യുവസമൂഹമായി വളർന്നുവരുവാൻ എല്ലാവരെയും ക്ഷണിച്ചു. പങ്കുവയ്ക്കലിന്റെയും, ശ്രവിക്കലിന്റെയും, പങ്കാളിത്തത്തിന്റെയും, വിവേചനാത്മകതയുടെയും നന്മകൾ ഉൾക്കൊള്ളുന്ന സിനഡൽ യാത്രയിൽ പങ്കാളികളാകുവാനും പരിശുദ്ധാത്മാവിന്റെ മധുരശബ്ദം ശ്രവിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m