സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ കേന്ദ്രം

ന്യൂ ഡല്‍ഹി: സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 4.5 ലക്ഷം അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ സൈബര്‍ തട്ടിപ്പിനെ കുറിച്ച്‌ നേരത്തെ മുന്നറിയിപ്പ് നല്‍കുകയും. ഇത്തരം തട്ടിപ്പുകള്‍ ചെറുക്കുന്നതിനുള്ള നടപടിയെടുക്കാന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

ദേശസാത്കൃത ബാങ്കുകളിലെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചിരിക്കുന്നത്. എസ്ബിഐയിലെ 40,000 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ മരവിപ്പിച്ചു. ഇതിന് കൂടാതെ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 10,000, കാനറ ബാങ്കില്‍ 7,000, കൊട്ടക് മഹീന്ദ്ര – 6,000, എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് – 5,000 എന്നിങ്ങനെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.

മരവിപ്പിക്കല്‍ നടപ്പാക്കിയ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് തടയാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17000 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 ജനുവരിക്ക് ശേഷം ഒരു ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m