ബജറ്റിനൊരുങ്ങി കേന്ദ്രം; നടപ്പാക്കാനാകാതെ കഴിഞ്ഞ ബജറ്റിലെ പദ്ധതികള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വലിയ പ്രഖ്യാപനങ്ങള്‍ നടത്താനും ഇടക്കാല ബജറ്റില്‍ കേന്ദ്ര സർക്കാരിന് സാധിച്ചേക്കില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും പ്രതീക്ഷിച്ച നിലയില്‍ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പെന്ന ആമുഖത്തോടെയാണ് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അഭിമാന പദ്ധതികളായി പ്രഖ്യാപിച്ച ‘ആത്മനിർഭർ ഹോർട്ടികള്‍ച്ചർ ക്ലീൻ പ്ലാൻ്റ് പദ്ധതി’, ‘ഫാർമ ഇന്നോവേഷൻ പ്രോഗ്രാം’, ‘പ്രധാന മന്ത്രി പിവി ഗോത്ര ക്ഷേമ പദ്ധതി’ എന്നിവ ആരംഭിച്ചത് പോലും കഴിഞ്ഞ വർഷം പകുതിക്ക് ശേഷമാണ്. നടപ്പാക്കി തുടങ്ങിയ പദ്ധതികളുടെ പൂർണ വിവരങ്ങള്‍ വെബ്സൈറ്റില്‍ പോലും ലഭ്യമല്ല. 40 വർഷത്തിനിടെ ഇന്ത്യക്ക് 30 ശതമാനം തണ്ണീർത്തടങ്ങള്‍ നഷ്ടപ്പെട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവയുടെ സംരക്ഷണത്തിന് ‘അമൃത് ധരോഹർ പദ്ധതിക്ക്’ കഴിഞ്ഞ ബജറ്റില്‍ സർക്കാർ തുടക്കം കുറിച്ചത്. പ്രഖ്യാപനം നടന്നിട്ടും കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടി തണ്ണീർത്തടം സംബന്ധിച്ച കണക്കുകള്‍ സർക്കാരിൻ്റെ കയ്യില്‍ ഇല്ലെന്നാണ്.

സർക്കാർ വെബ്സൈറ്റിലെ കണക്കില്‍ 631 തണ്ണീർത്തടങ്ങള്‍ മാത്രമാണ് ശോഷണം നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ 2.95 കോടി വീടുകള്‍ നിർമിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ ആണ് ‘പ്രധാന മന്ത്രി ആവാസ് യോജന’ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ ഇതിനായി വകയിരുത്തിയ കേന്ദ്ര വിഹിതം 48000 കോടിയില്‍ നിന്ന് 79000 കോടിയായി ഉയർത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം പ്രഖ്യാപിച്ച വീടുകളില്‍ 35 ശതമാനം മാത്രമാണ് പൂർത്തിയായത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് കേന്ദ്ര സർക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാൻ സർക്കാർ ലക്ഷ്യം വയ്ക്കുന്നതിനാല്‍ വൻകിട പദ്ധതികളുടെ പ്രഖ്യാപനവും ഇത്തവണ ഉണ്ടായേക്കില്ല.

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കൃഷിക്കും ഗ്രാമീണ വികസന മേഖലയിലും ഈ ബജറ്റില്‍ കേന്ദ്ര സർക്കാർ ശ്രദ്ധ നല്‍കാൻ സാധ്യതയുണ്ട്. ഭവനനിർമ്മാണ പദ്ധതിക്കുള്ള വിഹിതത്തില്‍ 15 ശതമാനം വർധന പ്രഖ്യാപിച്ചേക്കും. ഭക്ഷ്യ വളം, ഇലക്‌ട്രിക് വാഹന നിർമ്മാണം, ഗ്രീൻ ഹൈഡ്രജൻ, ഡിജിറ്റല്‍ സെക്യൂരിറ്റി എന്നീ മേഖലകള്‍ക്കും ബജറ്റില്‍ കാര്യമായ വകയിരുത്തല്‍ പ്രതീക്ഷിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group