ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ദേശീയ പെൻഷൻ പദ്ധതിയില്‍ മാറ്റം വരുത്താൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും അവസാനത്തെ ശമ്പളത്തിന്റെ 40-45 ശതമാനം പെൻഷൻ ലഭിക്കുന്ന തരത്തില്‍ മാറ്റം വരുത്താനാണ് നീക്കം. ജീവനക്കാരുടെ വിഹിതം കൂടി ചേര്‍ത്തുള്ള നിലവിലെ പെൻഷൻ പദ്ധതിക്കെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാനാണ് പുതിയ മാറ്റത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പരിഷ്കരിച്ച പദ്ധതി പ്രകാരം ജീവനക്കാര്‍ വിഹിതം നല്‍കേണ്ടിവരുമെങ്കിലും എൻ.പി.എസിനെക്കാള്‍ ഉയര്‍ന്ന പെൻഷൻ ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ ദേശീയ പെൻഷൻ പദ്ധതി പ്രകാരം ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും സര്‍ക്കാര്‍ 14 ശതമാനവും നല്‍കണം.

അതേസമയം, പഴയ പെൻഷൻ പദ്ധതി പ്രകാരം വിഹിതം അടക്കാതെ തന്നെ ജീവനക്കാരന്റെ അവസാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷനായി നല്‍കിയിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ പെൻഷൻ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.

2004ല്‍ അവതരിപ്പിച്ച പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കാനായി കേന്ദ്രം ഏപ്രിലില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. പഴയ പെൻഷൻ സ്കീമിലേക്ക് മാറിയ ചില സംസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താനായി മോദി സര്‍ക്കാര്‍ പുതിയ പെൻഷൻ പദ്ധതിയെ നിലവിലെ വിപണിയുമായി ബന്ധപ്പെടുത്താനും നീക്കമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group