മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം; ദുരുപയോഗം തടയാൻ ക്യുആര്‍ കോഡ് സംവിധാനം പിൻവലിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്ബറുകളും നല്‍കിയിട്ടുണ്ട്.

പോർട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈൻ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്ബർ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആർ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ക്യുആർ കോഡ് സംവിധാനം പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പകരം പോർട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. അതു വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങള്‍ ചെവിക്കൊള്ളുന്നത്. ലോക രാഷ്ട്രങ്ങള്‍ അനുശോചനമറിയിച്ച്‌ നമ്മോട് ഐക്യപ്പെട്ടിരുന്നു. ലോകത്താകെയുള്ള സുമസുകളും സഹായ സന്നദ്ധരാവുകയാണ്. ഓക്സ്ഫോർഡ് വിദ്യാർത്ഥികളില്‍ ചിലർ, കേരളത്തെ സഹായിക്കണമെന്നഭ്യർഥിച്ചു വിഡിയോ തയാറാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിഎംഡിആർഎഫിലേക്കുള്ള പണം അല്ലാതെ വിവിധ ഓഫറുകള്‍ പല മേഖലകളില്‍ നിന്നും വരുന്നുണ്ട്. വീട് നിർമ്മിക്കാമെന്നും സ്ഥലം നല്‍കാമെന്നും മറ്റുമുള്ള ഈ ഓഫറുകള്‍ ലോകം എത്രമാത്രം സ്നേഹാനുകമ്ബകളോടെയാണ് നമ്മുടെ സഹോദരങ്ങളുടെ ദുരന്തത്തെ കാണുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഇതു കോ-ഓർഡിനേറ്റ് ചെയ്യാൻ മുൻ വയനാട് കളക്ടർ കൂടിയായ ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീതയുടെ ചുമതലയില്‍ ഹെല്‍പ്പ് ഫോർ വയനാട് സെല്‍ രൂപീകരിക്കും.

ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍ നല്‍കാൻ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail .com എന്ന ഇ-മെയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. 9188940013, 9188940014, 9188940015 എന്നീ നമ്ബറുകളില്‍ കോള്‍ സെന്ററുകളില്‍ ബന്ധപ്പെടാം. ലാൻഡ് റവന്യു കമീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ കോള്‍ സെൻറർ കൈകാര്യം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group