13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിത നിയമനത്തിൽ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിലെ ആശ്രിത നിയമന വ്യവസ്ഥകള്‍ പൊളിച്ചെഴുതുന്നതിന്‍റെ ഭാഗമായി 13 വയസില്‍ താഴെയുള്ള കുട്ടികളെ ആശ്രിത നിയമന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കാൻ കരടു ശിപാർശ.

ജീവനക്കാർ മരിച്ചാല്‍ 13 വയസ് പൂർത്തിയായതോ അതിനു മുകളിലോ പ്രായമുള്ളവർക്കു മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുണ്ടാകൂ. ഇവർ 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് മൂന്നു വർഷത്തിനകം അപേക്ഷിക്കണം.

എന്നാല്‍, ജീവനക്കാരൻ മരിക്കുന്പോള്‍ 13 വയസില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിതനിയമനത്തിന് അർഹതനല്‍കാനാവില്ല. ഇവർക്ക് ആശ്രിതർക്കുള്ള സമാശ്വാസ ധനത്തിനു മാത്രമേ അപേക്ഷിക്കാനാകൂ. ഇത് അടക്കമുള്ള സമാശ്വാസ തൊഴില്‍ദാന പദ്ധതിയിലെ അശ്രിത നിയമനത്തിനുള്ള കരടു മാർഗനിർദേശങ്ങള്‍ ചർച്ച ചെയ്യാൻ സർവീസ് സംഘടനാ നേതാക്കളുടെ യോഗം സർക്കാർ വിളിച്ചു.

മേയ് 10ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സർക്കാർ അംഗീകാരം നല്‍കിയിട്ടുള്ള സർവീസ് സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളില്‍ രാവിലെ 11നാണു ചർച്ച.

ആശ്രിതനിയമനം പരമാവധി ഒഴിവാക്കി സമാശ്വാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. അധ്യാപക തസ്തികകളില്‍ ആശ്രിത നിയമനം നല്‍കുന്ന വ്യവസ്ഥ കൂടി ചർച്ചയുടെ അജൻഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപക തസ്തികയിലുള്ളവർ മരിച്ചാല്‍, കൂടുതലും ക്ലറിക്കല്‍ തസ്തികയില്‍ ആശ്രിതനിയമനം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെയുള്ളവർക്കു മാത്രമേ ആശ്രിത നിയമനത്തിനും സമാശ്വാസധനത്തിനും അപേക്ഷിക്കാൻ അർഹതയുള്ളൂ. ഓരോ വകുപ്പിലും അഞ്ച് ശതമാനം ഒഴിവുകളാണ് ആശ്രിത നിയമനത്തിനായി നീക്കിവച്ചിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group