പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ക്രിസ്തുവിലേക്ക്

പരിശുദ്ധ അമ്മയുടെ ജീവിതത്തെക്കുറിച്ചും ക്രൈസ്തവജീവിതത്തിൽ പരിശുദ്ധ അമ്മയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള വിചിന്തനം.

യേശുക്രിസ്‌തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം, ക്രൈസ്‌തവർക്ക്, പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട അമ്മയാണ്. 431-ൽ എഫേസൂസിൽ വച്ച് നടത്തപ്പെട്ട എക്യൂമെനിക്കൽ കൗൺസിൽ അവളെ Theotókos, ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ദൈവവും മനുഷ്യനുമായ യേശുവിന്റെ അമ്മയാണ് എന്നതിനാലാണ് അവൾ ദൈവമാതാവെന്ന് വിളിക്കപ്പെടുന്നത്. അവളിലൂടെയാണ് രക്ഷകനായ ക്രിസ്‌തു ഈ ഭൂമിയിലേക്ക് കടന്നുവന്നത് എന്ന സത്യം നമുക്ക് മറക്കാനോ അവഗണിക്കാനോ സാധിക്കില്ല. പൂർണ്ണമായ ഒരു സമർപ്പണത്തിന്റെ മാതൃക കൂടിയാണ് മറിയം. വചനമായ ദൈവം മാംസമായി, മനുഷ്യനായി പിറക്കുന്നത് അവളിലൂടെയാണ്. ദൈവദൂതനിലൂടെ അറിയിക്കപ്പെട്ട ദൈവഹിതത്തിനായി തന്റെ ശരീരവും ഹൃദയവും ജീവിതവും മനസ്സും പൂർണ്ണമായി അവൾ സമർപ്പിക്കുന്നുവെന്ന് തിരുവചനത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നുണ്ട്.

ഏവർക്കും അമ്മയായ മറിയം

രണ്ടായിരത്തോളം വർഷങ്ങൾക്കപ്പുറം ജോസഫ് എന്ന ഒരു പുരുഷനുമായി വിവാഹനിശ്ചയം ചെയ്‌തിരുന്ന ഒരു യഹൂദപ്പെൺകുട്ടി എങ്ങനെയാണ് ക്രൈസ്‌തവർക്കും ലോകം മുഴുവനും അമ്മയായി മാറുന്നതെന്ന ഒരു ചോദ്യം നമുക്ക് മുന്നിലുണ്ട്. വലിയ തത്വങ്ങളോ ദൈവശാസ്ത്രവിചിന്തനങ്ങളോ ഇല്ലാതെതന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ചില കാരണങ്ങൾ വിശുദ്ധ ഗ്രന്ഥം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവഹിതമനുസരിച്ച് ജീവിച്ച് ജനതകളുടെ പിതാവായി മാറിയ അബ്രഹത്തിന്റെ ജീവിതമാതൃക പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നാൽ പുതിയ നിയമത്തിലേക്ക് കടന്നുവരുമ്പോൾ, ദൈവഹിതമനുസരിച്ച് പൂർണ്ണമായ സമർപ്പണം ജീവിക്കുകയും, തന്റെ പുത്രനായി ജീവിതം വിട്ടുകൊടുക്കുകയും ചെയ്‌ത ഒരു സ്ത്രീയെ നാം കാണുന്നുണ്ട്; പരിശുദ്ധ മറിയം. അവളുടെ സഹനജീവിതത്തിന്റെ പാരമ്യത്തിൽ, സ്വപുത്രന്റെ കുരിശുമരണത്തിന്റെ സാക്ഷിയായി, ലോകത്തിന് മുഴുവൻ പരമയാഗമായിത്തീർന്ന രക്ഷകന്റെ ജീവിതബലിയർപ്പണത്തിൽ അവൾ പങ്കുചേരുന്നു. അവിടെ സമർപ്പണത്തിന്റെ ആ പാരമ്യത്തിൽ, കുരിശിൽ കിടന്നുകൊണ്ട്, ക്രിസ്‌തു തന്നെയാണ് അവളെ നമ്മുടെയും അമ്മയായി നമുക്ക് നൽകുന്നത്.

പൂർണ്ണമായ സമർപ്പണം

ദൈവത്തിന്റെ വാഗ്ദാനമനുസരിച്ച് വൃദ്ധനായ അബ്രാഹത്തിൽനിന്ന് അവന്റെ ഭാര്യയായ സാറാ ഗർഭം ധരിച്ച് ഇസഹാക്കിന് ജന്മം നൽകുന്നത് ഉൽപ്പത്തിപ്പുസ്തകത്തിന്റെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ട്. ഈയൊരു ശിശുവുമായി ബന്ധപ്പെടുത്തി, ഉൽപ്പത്തിപുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായം ദൈവത്തോടുള്ള അബ്രാഹത്തിന്റെ അനുസരണത്തിന്റെ ഒരു ചിത്രം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. താൻ സ്നേഹിക്കുന്ന ഏകമകൻ ഇസഹാക്കിനെ മോറിയാമലയിൽവച്ച് തനിക്ക് ദഹനബലിയായി അർപ്പിക്കാൻ ദൈവം അബ്രഹത്തോട് ആവശ്യപ്പെടുന്നിടത്താണത്. അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് ജീനിയിട്ട് രണ്ടു വേലക്കാരെയും മകൻ ഇസഹാക്കിനെയും കൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെടുമ്പോൾ (ഉൽപ്പത്തി 22, 3), അബ്രഹാം ദൈവത്തോടുള്ള അനുസരണത്തിന്റെ ഉദാത്തമായ മാതൃകയായി മാറുന്നു. ബലിപീഠമൊരുക്കി, ഇസഹാക്കിനെ ബന്ധിച്ച് വിറകിനു മീതെ കിടത്തി, അവനെ കർത്താവിനായി ബലികഴിക്കാൻ കത്തി കൈയ്യിലെടുക്കുമ്പോൾ, ദൈവഹിതം പൂർണ്ണമായി ജീവിക്കുന്ന ഒരു വിശ്വാസിയെ അവനിൽ നാം കാണുന്നു. അതുകൊണ്ടുതന്നെ ദൈവം അവനെ അനുഗ്രഹിക്കുന്നു: “ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തിലെ മണൽത്തരിപോലെയും ഞാൻ വർദ്ധിപ്പിക്കും” (ഉൽപ്പത്തി 22, 17) എന്ന് ദൈവം അവനോട് വാഗ്ദാനം ചെയ്യുന്നു. പിന്നീടങ്ങോട്ട് ജനതകളുടെ, വിശ്വാസികളുടെ പിതാവായി അബ്രഹാം മാറുന്നു.

അബ്രാഹത്തിന്റെ വിശ്വാസത്തെ പരീക്ഷിക്കുവാനായാണ്, പുത്രനായ ഇസഹാക്കിനെ തനിക്ക് ബലിയായി നൽകാൻ ദൈവം ആവശ്യപ്പെടുന്നതെങ്കിൽ, താരതമ്യങ്ങളില്ലാത്ത ഒരു സമർപ്പണത്തിനായാണ് മറിയമെന്ന ഒരു യഹൂദകന്യക വിളിക്കപ്പെടുന്നത്. പരീക്ഷണങ്ങൾക്കോ വിട്ടുവീഴ്ചകൾക്കോ ഒന്നും സാധ്യതയില്ലാത്ത ഒരു വിളിയാണവളുടേത്. ആറാം മാസം ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസ്രത്ത്‌ എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താൽ അയക്കപ്പെടുന്നത് വിശുദ്ധ ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. അബ്രാഹത്തിന്റെ വിശ്വാസത്തിലും വലുതായ, സ്വപുത്രന്റെ കാൽവരിയാഗത്തിന് സാക്ഷിയാകാൻമാത്രം വലുതായ ജീവിതസമർപ്പണത്തിന്റെ ഒരു മാതൃകയാണവളുടേത്. ഇസഹാക്കിനെ ബലിനൽകുവാനായി അബ്രഹം കത്തി ഉയർത്തിയെങ്കിലും, ദൈവദൂതൻ പറയുന്നതനുസരിച്ച് അവൻ അത് പിൻവലിക്കുന്നുണ്ടെന്ന് നാം കാണുന്നുണ്ട്. എന്നാൽ ജെറുസലേം ദേവാലയത്തിൽ ഉണ്ണിയേശുവിനെ സമർപ്പിക്കാൻ പോകുന്ന അവസരത്തിൽ ശിമയോൻ പരിശുദ്ധ അമ്മയോട് പറയുന്ന വാക്കുകൾ അവളുടെ ജീവിതം എങ്ങനെ ഒരു ബലിയായി മാറുന്നുവെന്നതിലേക്ക് വെളിച്ചം വീശുന്നുണ്ട്: “നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും” (ലൂക്ക 2, 34). തന്റെ ജീവിതം ദൈവഹിതത്തിനു വിട്ടുകൊടുത്ത നിമിഷം മുതൽ, പൂർണ്ണമായ സമർപ്പണത്തിന്റെ, സഹനത്തിന്റെ, ദൈവത്തോടൊത്തായിരിക്കുന്നതിന്റെ, അനുഭവവും സാക്ഷ്യവുമാണ് മറിയം ജീവിക്കുന്നത്. ഒടുവിൽ കാൽവരിയിൽ സ്വന്തം പുത്രൻ ബലിയായി മാറുമ്പോൾ അവൾ അവനൊപ്പം ഒരു ബലിയായി മാറുന്നുണ്ട് (യോഹന്നാൻ 19, 25). ഒരു ബലിയർപ്പണം പോലെ അവളുടെ ഹൃദയത്തിലൂടെ ആ വാൾ തുളഞ്ഞുകയറുന്നുണ്ട്.

ക്രിസ്‌തു നൽകിയ അമ്മ

പരിശുദ്ധ അമ്മയുടെ ജീവിതം സമർപ്പണത്തിന്റെയും അനുസരണത്തിന്റെയും ഒരു ജീവിതമായിരുന്നുവെന്നതിനെപ്പറ്റി ആർക്കും സംശയമില്ല. എന്നാൽ ആ സമർപ്പണം മാത്രമല്ല അവളെ ക്രൈസ്‌തവരുടേതുൾപ്പെടെ ഏവരുടെയും അമ്മയായി മാറ്റുന്നത്. യേശുവിന്റെ അമ്മയായി അവൾ മാറുന്നത് ദൈവഹിതമായിരുന്നുവെങ്കിൽ, അവൾ നമ്മുടെ മാതാവായി മാറുന്നതും ദൈവഹിതമനുസരിച്ചാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്തൊൻപതാം അദ്ധ്യായത്തിൽ നാം ഇത് കാണുന്നുണ്ട്. കുരിശിൽ സ്വയം ബലിയായി മാറിയ ക്രിസ്തു തന്റെ പ്രിയ ശിഷ്യന് അമ്മയായി പരിശുദ്ധ അമ്മയെ നൽകുന്നു: സുവിശേഷം ആ രംഗം എഴുതിച്ചേർക്കുന്നത് ഇങ്ങനെയാണ്: “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നത് കണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.” യോഹ. 19, 26-27). ക്രിസ്തു സ്നേഹിക്കുന്ന, ക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാ പ്രിയ ശിഷ്യരുടേയും മാതാവായി അവൾ മാറുന്നതും ഇതേ വാക്കുകളാലാണ്. സമർപ്പണത്തിന്റെയും അനുസരണത്തിന്റെയും മാതൃകയായി, വിശ്വാസജീവിതത്തിൽ മാതൃവാത്സല്യത്തോടെ തുണയായി അവൾ നമുക്കൊപ്പം ആയിരിക്കുന്നതും ഇതേ വാക്കുകളുടെ പിൻബലത്തിലാണ്.

പരിശുദ്ധ അമ്മയുടെ ജീവിതം

തന്റെ തിരുസുതന്റെ അമ്മയായി മാറാൻ ദൈവം നിയോഗമേകിയവളാണ് പരിശുദ്ധ അമ്മയെന്ന് നാം വിശുദ്ധഗ്രന്ഥത്തിലൂടെ മനസ്സിലാക്കുന്നുണ്ട്. ജന്മപാപമില്ലാതെ ജനിച്ചവൾ എന്ന സഭയുടെ മറിയത്തെക്കുറിച്ചുള്ള ഉദ്ബോധനവും ഈയൊരു ചിന്തയോട് ചേർന്ന് നിൽക്കുന്നതാണ്. ദൈവത്തോടുള്ള അനുസരണവും ദൈവപുത്രന്റെ അമ്മയായി മാറുവാനായുള്ള ജീവിതസമർപ്പണവും മറിയത്തിന്റെ ജീവിതത്തെ സന്തോഷത്തിന്റെയും മഹത്വത്തിന്റെയും ഒരു പാതയിലൂടെ മാത്രമല്ല കൊണ്ടുപോകുന്നത്. അവൾ നിസ്സഹായതയുടെയും, അപഹാസത്തിന്റെയും, ഒറ്റപ്പെടലിന്റെയും, സഹനത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും ഒക്കെ ഒരു വഴിയിലൂടെയാണ് നടന്നുനീങ്ങുന്നതെന്ന് നമുക്ക് സുവിശേഷത്തിൽനിന്ന് തന്നെ മനസ്സിലാക്കാം.

ദൈവദൂതന്റെ വാക്കുകൾക്ക് ചെവികൊടുത്ത്, ദൈവഹിതത്തിന് സ്വയം വിട്ടുകൊടുക്കുവാൻ “ഇതാ കർത്താവിന്റെ ദാസി! നിന്റെ ഹിതം എന്നിൽ നിറവേറട്ടെ!” (ലൂക്ക 1, 38) എന്ന് മറിയം പറയുന്നതിനടുത്ത നിമിഷം മുതൽ അവളുടെ ജീവിതം മാറിമറിയുന്നുണ്ട്. പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ട അവളുടെ ജീവിതത്തിൽ നിസ്സഹായതയുടെയും പരിഹാസത്തിന്റേതുമായ അന്തരീക്ഷം കടന്നുവരുന്നത് നാം കാണുന്നുണ്ട്. അവളുടെ നിയുക്തഭർത്താവായിരുന്ന ജോസഫ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നിടത്താണത്. എന്നാൽ കർത്താവിന്റെ ദൂതന്റെ ഇടപെടലിലൂടെ ജോസഫ് അവളെ ഭാര്യയായി സ്വീകരിക്കാൻ തയ്യാറാകുന്നിടത്ത്, ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുന്നിടത്ത് അവളുടെ ജീവിതത്തിന്റെ നിസ്സഹായതയും അപഹാസ്യയാകാനുള്ള സാധ്യതയും മാറുന്നു. തന്റെ ചർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് തിരിക്കുമ്പോൾ അവൾ സേവനത്തിന്റെ പാതയിലേക്കാണ് കാലെടുത്ത് വയ്ക്കുന്നത്.

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടും അവൾ സഹനത്തിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയിലൂടെ കടന്നുപോകുന്നുണ്ട്. തങ്ങളുടെ നാടും വീടും വിട്ട് ജോസഫിനും ഉണ്ണിയേശുവിനുമൊപ്പം അവളും ഈജിപ്തിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതയാകുന്നു (മത്തായി 2, 13-14). നീതിമാനായ ജോസഫിനൊപ്പം, തന്റെ പുത്രനായ യേശുവിനും, പിന്നീട് അവന്റെ ശിഷ്യന്മാർക്കും ഒക്കെ വച്ചുവിളമ്പിയും, അവരെ അനുകമ്പ ചെയ്‌തുമാണ് മറിയത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്. തുടർന്നുള്ള ജീവിതത്തിൽ സുവിശേഷം രേഖപ്പെടുത്താത്ത ഏതോ നിമിഷത്തിൽ, ജോസെഫിന്റെ മരണത്തോടെ അവൾ ഒറ്റയ്ക്കാകുന്നുണ്ട്. ദൈവമല്ലാതെ മറ്റാരും തുണയില്ലാത്ത അവളുടെ ജീവിതത്തിൽ ദൈവപുത്രനായ ക്രിസ്‌തു, തന്റെ സുവിശേഷപ്രഘോഷണം തുടരുമ്പോൾ, അവൾ ഏകാന്തതയുടെ നോവനുഭിച്ചിട്ടുണ്ടാകണം. ആ ഒറ്റപ്പെടലിന്റെ വേദന താങ്ങാനാകുന്നതിനപ്പുറമാകുമ്പോഴാകണം അവൾ, ശിഷ്യർക്കും ജനങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്ന തന്റെ പ്രിയപുത്രനെത്തേടി എത്തുന്നത്. “നിന്റെ ഹിതം പോലെ” എന്ന വാക്കുകൾക്ക് അവൾ കൊടുക്കുന്ന വില വലുതാണ്. അതിന്റെ വില കൃത്യമായി അവൾ മനസ്സിലാക്കുന്നത് ക്രിസ്തുവിന്റെ കാൽവരിയാഗത്തിലൂടെയാണ്. സ്വന്തം പുത്രനെ യഹൂദപ്രമാണിമാരും പടയാളികളുമുൾപ്പെടുന്ന ഒരു സമൂഹം അപഹാസ്യനാക്കി, മർദ്ദിച്ച്, നഗ്നനാക്കി കുരിശിലേറ്റുമ്പോൾ മറിയത്തിന്റെ സഹനത്തിന് അതിരുകളോ പരിധികളോ ഇല്ലാതാകുന്നു. അവളും പുത്രനൊപ്പം ബലിയിൽ പങ്കുചേരുന്നു.

സഹനത്തിൽനിന്നുള്ള മോചനം

വിശ്വാസജീവിതവും സമർപ്പണവും അനുസരണവും സഹനത്തിന്റെ അനുഭവങ്ങളിൽ മാത്രമല്ല നാം കണേണ്ടതെന്ന് പരിശുദ്ധ അമ്മയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാ ദുരിതങ്ങൾക്കുമപ്പുറം മോചനത്തിന്റെയും ആനന്ദത്തിന്റെയും നാളുകൾ തന്റെ പ്രിയപ്പെട്ടവർക്ക് ദൈവം ഒരുക്കിവച്ചിട്ടുണ്ട് എന്നതിന് പരിശുദ്ധ അമ്മയുടെ ജീവിതം സാക്ഷ്യമാണ്. ഉണ്ണിയേശുവിന്റെ അമ്മയാകാൻ സമ്മതം കൊടുത്ത വാക്കുകൾ അവളെ അപമാനത്തിലേക്ക് തള്ളിയിടുമ്പോൾ, താങ്ങായി ഒപ്പം നിൽക്കാൻ, സ്വജീവിതത്തിലേക്ക് അവളെ വ്യവസ്ഥകളില്ലാതെ സ്വീകരിക്കാൻ ജോസഫിന്റെ ജീവിതത്തെ ദൈവം തയ്യാറാക്കുന്നുണ്ട്. ബെത്ലഹേമിലെ പുൽക്കൂടിന്റെ തണുപ്പിലും ദാരിദ്ര്യത്തിലും അവൾ ദൈവപുത്രന് ജന്മം നൽകുമ്പോൾ, ദൈവദൂതന്മാരുടെ സ്‌തുതിഗീതവും പൂജരാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സന്ദർശനവും അവളുടെ ജീവിതത്തിൽ ആനന്ദവും അത്ഭുതവും നിറയ്ക്കുന്നുണ്ട്. ജോസെഫും യേശുവും അവളുടെ വീട്ടിൽ ഇല്ലാതാകുമ്പോഴും അവൾ നിരാശയിലേക്ക് പതിക്കുകയോ, സമർപ്പണത്തിന്റെ മാർഗ്ഗത്തിൽനിന്ന് മാറുകയോ ചെയ്യുന്നില്ല. തന്റെ പുത്രന്റെ നിയോഗത്തെ അംഗീകരിച്ചുകൊണ്ട്, അവൾ അവനെ പിഞ്ചെല്ലുന്നു, കാനായിലെ കല്യാണവിരുന്നില്ലെന്നപോലെ (യോഹന്നാൻ 2, 1-12) തന്റെ പുത്രനിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് അവൾ സഞ്ചരിക്കുന്നത്. കുരിശിന്റെ അപമാനത്തിലൂടെ ദൈവപുത്രൻ കടന്നുപോകുമ്പോൾ മറിയത്തിലെ ഒരമ്മയുടെ ഹൃദയം മുറിവേൽക്കപ്പെടുന്നുണ്ടെങ്കിലും, യോഹന്നാന്, അതുവഴി മാനവികതയ്ക്ക് അവളെ അമ്മയായി നൽകി, അവൾക്ക് ഏവരെയും മക്കളായി നൽകി, അമ്മയുടെ ഹൃദയമുറിവിൽ സ്നേഹത്തിന്റെ, ആശ്വാസത്തിന്റെ തൈലം പൂശുന്നുണ്ട് അവളുടെ മകനായ ക്രിസ്‌തു. ദൈവത്തിലേക്ക്, തന്റെ പുത്രനിലേക്ക് സകലരെയും ക്ഷണിക്കാനും, നയിക്കാനുമുള്ള വലിയൊരു വിളി കൂടിയാണ് അവിടെ അവൾ ഏറ്റെടുക്കുന്നത്. അങ്ങനെ സഹനങ്ങളെ സന്തോഷത്തിലേക്കും വിജയത്തിലേക്കുമുള്ള കാൽവയ്പ്പായി മാറ്റാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയുന്നുണ്ട്.

വിശ്വാസമാർഗ്ഗത്തിൽ നമ്മെ നയിക്കുന്ന അമ്മ

പരിശുദ്ധ അമ്മയുടെ ജീവിതം ക്രൈസ്‌തവർക്ക് പ്രധാനപ്പെട്ടതായി മാറാനുള്ള പ്രഥമവും പ്രധാനപ്പെട്ടതുമായ കാരണം അവൾ വചനം മാംസമായ രക്ഷന്റെ അമ്മയായിരുന്നു എന്നതാണ്. ഇത് സഭയുടെയോ, ദൈവശാസ്ത്രജ്ഞരുടെയോ, മരിയൻ ഭക്തരുടെയോ ഒരു വ്യാഖ്യാനമായി മാത്രം ചുരുക്കാൻ ശ്രമിക്കുന്നവർ, വിശുദ്ധ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ദൈവവചനത്തെയാണ് സംശയിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്. ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ മാറ്റിനിറുത്തിയുള്ള ഒരു ക്രൈസ്തവവിശ്വാസം സ്വീകാര്യമല്ലാത്തതായി മാറുന്നതും വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ്. പാപത്തിന്റെ അന്ധകാരത്തിലാണ്ട മാനവികതയ്ക്ക് പ്രകാശമായി വന്ന ക്രിസ്തുവിന്റെ അമ്മയാകുവാനായി ദൈവം തിരഞ്ഞെടുത്ത മറിയത്തിന്റെ ജീവിതം പ്രത്യാശയുടെ വെളിച്ചമാണ് ലോകത്തിൽ വീശുന്നത്. പാപക്കറയേശാതെയാണ് ദൈവം അവൾക്ക് ഈ ഭൂമിയിൽ ജന്മം നൽകുന്നത് എന്നതിനുള്ള കാരണം അവളിൽനിന്ന് ജനിക്കാനിരിക്കുന്നത് ദൈവപുത്രനായ, ത്രിത്വത്തിൽ രണ്ടാമനായ ക്രിസ്തുവാണ് എന്നതാണ്.

പരിശുദ്ധ അമ്മയുടെ കരം പിടിച്ച് യേശുവിന് പിന്നാലെ

മരിയൻ ഭക്തർക്ക് പ്രിയപ്പെട്ട ഒരു വാക്യമുണ്ട്: “മറിയത്തിലൂടെ യേശുവിലേക്ക്”. “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ” (യോഹന്നാൻ 2, 5) എന്ന പരിശുദ്ധ അമ്മയുടെ വാക്കുകൾ കാനായിലെ വിവാഹവിരുന്നിൽ നാം കേൾക്കുന്നുണ്ട്. പരിശുദ്ധ അമ്മയുടെ സഹായം തേടുന്ന, അവളുടെ മാതൃവാത്സല്യം കൊതിക്കുന്ന, മാദ്ധ്യസ്ഥ്യം യാചിക്കുന്ന ഏവരോടും അവൾ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വചനവും ഇതായിരിക്കണം. അവന്റെ, യേശുവിന്റെ വാക്കുകൾ, സുവിശേഷവചനങ്ങൾ അനുസരിച്ച് ജീവിക്കുക. ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും, പരിശുദ്ധ പ്രത്യക്ഷപ്പെടുന്നുവെന്ന് പറയപ്പെടുന്ന ഇടങ്ങളുമൊക്കെ നൽകുന്ന സന്ദേശം യേശുവിലേക്ക് മനസ്സുതിരിയുക, അവനെ സ്വീകരിക്കുക, പിഞ്ചെല്ലുക എന്നുള്ളതാണ്. ഒരു അമ്മയുടെ കരുതലോടെ ഓരോ ക്രിസ്തുവിശ്വാസിയെയും കരം പിടിച്ചു നടത്തുന്നവളാണ് മറിയം. അവളുടെ മാധ്യസ്ഥ്യം തേടുമ്പോൾ, ജപമാലയുടെ കണ്ണികൾ കൈകളിൽ ഉരുളുമ്പോൾ, മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെയും, സ്നേഹത്തോടെയും, വിശ്വാസത്തോടെയും ശരണത്തോടെയും ആയിരിക്കാൻ നമുക്ക് പരിശ്രമിക്കാം. തന്റെ തിരുസുതനെ കരം പിടിച്ച് നടത്തിയ അതേ സ്നേഹവാത്സല്യങ്ങളോടെ ഒരമ്മയായി മാതാവ് നമ്മെയും വിശുദ്ധിയുടെയും, ക്രിസ്‌തു നൽകുന്ന രക്ഷയുടെയും, നിത്യജീവന്റെയും മാർഗ്ഗത്തിലൂടെ നയിക്കും. സ്വർഗ്ഗത്തിലേക്കുള്ള ഗോവണിയായി, സ്വർല്ലോകരാജ്ഞിയായി, നിത്യകന്യകയായി, രക്ഷകന്റെ അമ്മയായി, നാരകീയശത്രുക്കളെ തകർക്കുന്നവളായി, രക്ഷകനിലേക്കുള്ള കൈത്താങ്ങായി, സമാധാനത്തിന്റെ രാജ്ഞിയായി നാം വണങ്ങുന്ന ദൈവമാതാവായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം, സംഘർഷങ്ങളിലൂടെയും, യുദ്ധങ്ങളിലൂടെയും, രോഗദുരിതങ്ങളിലൂടെയും കടന്നുപോകുന്ന നമ്മുടെ ഈ ലോകത്തിനും അതിലെ സകല ജനതകൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സഹനത്തിന്റെയും, ഒറ്റപ്പെടലുകളുടെയും, വേദനകളുടെയും, അപഹാസങ്ങളുടെയും, നിരാശയുടെയും ദിനങ്ങളിൽ ക്രിസ്തുവിനോട്, ദൈവത്തോട് ചേർന്ന് നിൽക്കാൻ, എല്ലാ അനുഭവങ്ങളെയും രക്ഷയിലേക്കുള്ള സാധ്യതകളാക്കി മാറ്റാൻ, നിത്യതയിൽ ദൈവത്തോടൊത്തായിരിക്കാൻ പരിശുദ്ധ അമ്മയുടെ ജീവിതമാതൃകയും മാധ്യസ്ഥ്യവും നമ്മെ സഹായിക്കട്ടെ.

കടപ്പാട് : മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m