കൂദാശകയുടെ കൂദാശയായ വിശുദ്ധ കുർബാനയ്ക്കൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന കൂദാശയാണ് വിശുദ്ധ കുമ്പസാരം. പാപം മൂലം നഷ്ട്ടമായ ദൈവിക ജീവൻ വീണ്ടെടുക്കാനും ദൈവ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് കടന്നു വരുവാനും ഈ കൂദാശ നമ്മെ പ്രാപ്തരാക്കുന്നു. ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു കാനാൻ ദേശത്തേക്ക് തങ്ങളെ നയിച്ച സൃഷ്ടാവും പരിപാലകനുമായ ദൈവത്തെ മറന്ന് തിൻമ ചെയ്ത ജനതയെ ശിക്ഷിക്കുന്ന ദൈവത്തെ പഴയ നിയമ ഗ്രന്ഥങ്ങളിൽ നാം കാണുന്നതെങ്കിൽ മനുഷ്യ മക്കളോടുള്ള അഗാധമായ സ്നേഹത്താൽ തന്റെ ഏകജാതനെപ്പോലും നമുക്ക് ബലിയായി നൽകിയ പിത്രസ്നേഹത്തെയാണ് പുതിയ നിയമത്തിൽ കണ്ടെത്താൻ കഴിയുന്നത്. “കർത്താവ് അരുളിച്ചെയ്യുന്നു. വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചുമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായി തീരും. അവ രക്തവർണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും” (എശ- 1 :18)
നാംഎത്ര വലിയ പാപിയായിരുന്നാലും അനുതപിച്ചു ദൈവ സന്നിധിയിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുമ്പോൾ രക്ത വർണ്ണമായ നമ്മുടെ പാപങ്ങളെ പോലും അവിടുന്ന് മഞ്ഞുപോലെ വെൺമയുള്ളതാക്കി തീർക്കുന്നു. വീണ്ടും പ്രഭാഷകന്റെ പുസ്തകം 17 : 24ൽ ഇപ്രകാരം കാണുന്നു. “പ്കച്ചാത്തപിക്കുന്നവർക്ക് തിരിച്ചുവരാൻ അവിടുന്ന് അവസരം നൽകും. ചഞ്ചല ചിത്തർക്ക് പിടിച്ചു നിൽക്കാൻ അവിടുന്ന് പ്രോത്സാൽകനം നൽകും”
തെറ്റ് ചെയ്യുക എന്നത് മാനുഷികമാണ് എന്നാൽ തെറ്റ് തിരുത്തി നന്മയുടെ വഴിയേ നീങ്ങുക എന്നത് ദൈവികമായ പ്രവർത്തിയാണ്. “കർത്താവ് തന്റെ അടുക്കലേക്ക് തിരിയുന്നവരോട്പ്ര ദർശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്” ( പ്രഭാ-17- 29) നമ്മുടെ പാപത്തിന്റെ തീവ്രത നോക്കി ഒരിക്കലും നമ്മെ നശിപ്പിക്കവനല്ല ദൈവം . മറിച് അനുതപിക്കുന്ന പാപിയെ തേടിവന്ന് നെഞ്ചോട് ചേർക്കുന്നവനാണ് ദൈവം.
പാപത്തിന്റെ സ്വാധീനം വ്യക്തിജീവിതത്തിൽ
ഒരു വെക്തി പാപം ചെയ്യുമ്പോൾ അതിന്റെ പരിണിത ഫലമായി ബന്ധങ്ങളിൽ വിള്ളലുകൾ സംഭവിക്കുന്നു. ഒന്നാമതായി ദൈവത്തോടുള്ള ബന്ധത്തിൽ നമുക്ക് വീഴ്ച സംഭവിക്കുന്നു. ” നിന്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു, നിന്റെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽ നിന്നും മറച്ചിരിക്കുന്നു” ( ഏശ- 59 : 2 ) പാപം ചെയ്യുന്ന ഒരു വെക്തി ദൈവ സ്നേഹത്തിൽ നിന്നും അകലുന്നു. ദൈവത്തിന്റെ മുഖം ദർശിക്കുവാൻ നമ്മുടെ പാപങ്ങൾ തടസ്സമായി മാറുന്നു. പാപം ചെയ്യുന്ന ഒരു വെക്തിയിൽനിന്നും ഒരിക്കലും ദൈവം അകന്നു പോവുകയില്ല, മറിച് ദൈവ സ്നേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം ആ വ്യക്തിയുടെ ആത്മാവിൽ അന്ധകാരം വർധിക്കുകയാണ് ചെയ്യുന്നത്.
രണ്ടാമതായി മനുഷ്യനോടുള്ള ബന്ധത്തിൽ വീഴ്ച സംഭവിക്കുന്നു. ഉല്പത്തിയുടെ പുസ്തകത്തിൽ കായേലിന്റെയും ആബേലിന്റെയും കഥ നാം വായിക്കുന്നുണ്ട്. ഉചിതമായ ബലിയർപ്പിച് ദൈവപ്രീതി നേടിയ ആബേലിനോട് അസൂയ തോന്നിയ കായേൻ അവനെ കൊന്നു കളഞ്ഞു.
മൂന്നാമതായി പ്രകൃതിയോടുള്ള ബന്ധത്തിൽ വീഴ്ച സംഭവിക്കുന്നു. ഉൽപ്പത്തി പുസ്ഥകം 4 : 12 ൽ ദൈവം കായേനോട് ഇപ്രകാരം പറയുന്നുണ്ട്. “കൃഷി ചെയ്യുമ്പോൾ മണ്ണ് നിനക്ക് ഫലം നൽകുകയില്ല. നീ ഭൂമിയിൽ അലഞ്ഞു തിരിയുന്നവനായിരിക്കും” സ്വന്തം സഹോദരന്റെ ഘാതകനായിതീർന്ന കായേനോട് പ്രകൃതിപോലും മറുതലിക്കുകയാണ് ചെയ്തത്.
ദൈവ സ്നേഹത്തിന്റെ നിരസനമാണ് പാപം.ഒരു വെക്തി പാപം ചെയ്യുമ്പോൾ നഷ്ടമാകുന്നത് ദൈവിക ജീവനാണ്. പാപം മൂലം നഷ്ട്ടമായ ഈ ദൈവിക ജീവൻ വീണ്ടെടുക്കാൻ കുമ്പസാരമെന്ന കൂദാശ ഒരുവനെ പ്രാപ്തമാക്കുന്നു. വചനം പറയുന്നു “അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപത് നീതിമാന്മാരെക്കുറിച്ചു എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ചു സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും.