സൈബറാക്രമണം ടെലഗ്രാമിലും; ആൻഡ്രോയിഡ് യൂസർമാരെ ലക്ഷ്യമിട്ട് ‘ഈവിൾ വീഡിയോ’

ലോകത്തൊട്ടാകെ 100 കോടി ഉപഭോക്താക്കളെന്ന നേട്ടത്തിനരികെ എത്തിയിരിക്കുകയാണ് ടെലഗ്രാം. എന്നാല്‍, ടെലഗ്രാമിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വലിയൊരു സുരക്ഷാപ്രശ്‌നം കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളിലേക്ക് ഹാക്കര്‍മാര്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ അയക്കുകയും ഉപഭോക്താക്കള്‍ അത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അവരുടെ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ആവുകയും ചെയ്യുന്നതാണ് രീതി. ടെലഗ്രാമിലെ പഴ്സനല്‍ മെസേജായോ ഗ്രൂപ്പുകളിലായോ ആയിരിക്കും ഈ വീഡിയോ ഫയലുകള്‍ വരുക. എന്നാല്‍ ഡൗണ്‍ലോഡ് ആയ ഈ വീഡിയോയില്‍ ക്ലിക്ക് ചെയ്താല്‍ പക്ഷേ, വീഡിയോ പ്ലേ ആവില്ല.

പകരം ‘എക്സ്റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ’ എന്ന സന്ദേശമായിരിക്കും ലഭിക്കുക. ഇതിലെ ഓപ്പണ്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും. ‘ഈവിള്‍ വീഡിയോ’ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ജൂലായ് 11ന് ഈ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെയാണ് പ്രശ്നം ബാധിച്ചിട്ടുള്ളത്. 10.14.5 അപ്ഡേറ്റില്‍ ഇത് പരിഹരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഈ സൈബറാക്രമണത്തില്‍ നിന്നും രക്ഷനേടാനായി ഉപഭോക്താക്കള്‍ ടെലഗ്രാമിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ‘സീറോ ഡേ’ ആക്രമണങ്ങള്‍ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കാറ്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്നം തിരിച്ചറിയുന്നതിന് മുന്‍പു തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതു കൊണ്ടാണ് ഇതിനെ സീറോ ഡേ ആക്രമണങ്ങള്‍ എന്ന് വിളിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group