ഒരു ഭക്ഷണസാധനം വാങ്ങാനായി നിങ്ങള്‍ കടയിലെത്തിയാല്‍ ആദ്യം എന്തുചെയ്യും? ആ സാധനത്തിന്റെ പാക്കറ്റ് കൈയിലെടുത്ത് അതിലടങ്ങിയിരിക്കുന്ന ചേരുവകള്‍, പ്രോട്ടീൻ അളവ്, മറ്റ് പോഷകങ്ങള്‍ എന്നിവ നോക്കും. പിന്നെ നോക്കുന്നത് എക്സ്പയറി ഡേറ്റായിരിക്കും. അതായത് ആ ഉത്പന്നം ഉപയോഗിക്കാൻ കഴിയാതെ കാലഹരണപ്പെടുന്ന തീയതി.
ഡേറ്റുകഴിഞ്ഞ സാധനമാണെങ്കില്‍ വാങ്ങാതെ അത് തിരികെ വയ്ക്കും. കടകളില്‍ വില്‍ക്കുന്ന എല്ലാ ഭഷ്യവസ്തുക്കള്‍ക്കും എക്സ്പയറി ഡേറ്റ് ഉണ്ടെന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്. അരിയില്‍പ്പോലും അതുണ്ട്. പക്ഷേ ആരും അതുനോക്കാറില്ല എന്നതാണ് സത്യം. എക്സ്പയറി ഡേറ്റ്, ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്നിവ പാക്കറ്റിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തവ വിറ്റാല്‍ കുറ്റമാണ്. അങ്ങനെയുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് തെളിവുസഹിതം അധികൃതരെ സമീപിക്കാവുന്നതാണ്.
പ്രത്യേക പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷമാണ് നിർമ്മാതാക്കള്‍ ഒരു ഉത്പന്നത്തിന് എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്. എന്നാല്‍ ചില ഉത്പന്നങ്ങള്‍ കാലഹരണപ്പെടുന്ന തീയതിക്കുശേഷവും പെട്ടെന്ന് ദോഷകരമായി മാറില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. അതായത് കാലാവധി കഴിഞ്ഞ ബിസ്കറ്റ് പാക്കറ്റിലുള്ള ബിസ്റ്റകറ്റുകള്‍ക്ക് കറുമുറുപ്പ് (ക്രഞ്ച്) നഷ്ടപ്പെടും. ഒപ്പം പഴകിയതിന്റെ ഭാഗമായുള്ള അരുചിയും ഉണ്ടാവും. അതിനാല്‍ത്തന്നെ ആരും അത് കഴിക്കാൻ ഇഷ്ടപ്പെടില്ല.
കാലാവധിയുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് പാല്‍, മാംസം, മുട്ട എന്നിവയാണ്. നിശ്ചിത തണുപ്പിലാണ് ഇവ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഒട്ടുമിക്ക കടവകളിലും ഇത്തരത്തില്‍ സൂക്ഷിക്കാറില്ലെന്നതാണ് സത്യം. പാല്‍ സൂക്ഷിക്കുന്ന ഫ്രീസർ ഒരുദിവസം പലപ്രാവശ്യം തുറക്കുന്നതിനാല്‍ താപനിലയില്‍ വ്യത്യാസമുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാല്‍ കാലഹരണപ്പെടുന്ന തീയതിക്കുമുമ്ബുതന്നെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്.
മുട്ടയ്ക്ക് എക്സ്പയറി ഡേറ്റ് ഉള്ള കാര്യം ഭൂരിപക്ഷത്തിനും അറിയില്ല. സൂപ്പർമാർക്കറ്റുകളിലും കടകളിലും നിശ്ചിത എണ്ണം മുട്ടകള്‍ പാക്കറ്റിലാക്കിയാണ് വില്‍ക്കാൻ വച്ചിട്ടുള്ളത്. ഈ പാക്കറ്റിന് മുകളില്‍ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാവും. പാക്കറ്റിലല്ലാത്ത മുട്ട വാങ്ങുമ്ബോഴാണ് പണി ഏറെ കിട്ടുന്നത്. നാലാഴ്ചവരെ മാത്രമാണ് മുട്ട ഫിഡ്ജിനുളളില്‍പ്പോലും കേടുകൂടാതിരിക്കുന്നതെന്ന് പ്രത്യേകം ഓർക്കണം. നനവോടെയാണ് സൂക്ഷിക്കുന്നതെങ്കില്‍ കാലാവധി വീണ്ടും കുറയും. കാലാവധി കഴിയുന്നതോടെ മുട്ടയിലും പാലിലും മാംസത്തിലുമൊക്കെ അതിവേഗം ബാക്ടീരിയകള്‍ പെറ്റുപെരുകയും ഇത് കഴിക്കുന്നവരെ മാരക രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
നമ്മുടെ നിത്യാഹാരമായ അരിക്കും എക്സ്പയറി ഡേറ്റുണ്ട്. എന്നാല്‍ ഇത് കടയുടമകള്‍ക്കുപോലും അറിയില്ല. വലിയ ചാക്കുകളിലും അഞ്ചുകിലോ, പത്തുകിലോ പാക്കറ്റുകളിലും എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. സാധാരണയായി പാക്കുചെയ്യുന്ന തീയതി മുതല്‍ പതിനെട്ടുമാസം വരെയായിരിക്കും കാലാവധി. ഇത്രയും നാള്‍ അരിച്ചാക്കുകള്‍ വിറ്റുപോകാതെ കടയില്‍ ഇരിക്കാറില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. എന്നാല്‍ ചെറിയ പാക്കറ്റുകള്‍ വാങ്ങുമ്ബോള്‍ കൃത്യമായി നോക്കിവാങ്ങാൻ മറക്കരുത്.
‘പയർവർഗ്ഗങ്ങള്‍, പാസ്ത, അരി തുടങ്ങിയ വരണ്ടതും വായുസഞ്ചാരമുള്ളതുമായ മുറികളില്‍ സൂക്ഷിച്ചാല്‍ അവയുടെ കാലഹരണ തീയതിക്ക് അപ്പുറം നന്നായി നിലനില്‍ക്കുമെന്നാണ് മുംബയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യൻ പൂജാ ഷാ ഭാവെ പറയുന്നത്. ഇന്ത്യൻ ഉപഭോക്താക്കളില്‍ പലരും ഗോതമ്ബുപൊടി, ശുദ്ധീകരിച്ച് മാവ്, സൂചിഗോതമ്ബ് തുടങ്ങിയവ കാലാവധിക്കുശേഷവും ഉപയോഗിക്കാറുണ്ടെന്നും അവർ പറയുന്നു. കറിമസാലപോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കാലാവധിക്കുശേഷവും പ്രശ്നമില്ലാതെ നിലനില്‍ക്കുമെന്നാണ് അവർ പറയുന്നത്.
ഫ്രിഡ്ജില്‍ വച്ചാല്‍ എല്ലാം ഓകെയായി എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഡല്‍ഹിയിലെ സികെ ബിർല ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റായ ദീപാലി ശർമ പറയുന്നത്. ഫ്രിഡ്ജിനുള്ളിലെ താപനില ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അഞ്ചുഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണെങ്കില്‍ പ്രശ്നമില്ല. പാക്കറ്റുകള്‍ അടച്ചുസൂക്ഷിക്കാനും ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നതും ഒഴിവാക്കണമെന്നാണ് ദീപാലി പറയുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group