പാക്ക് യുവാവ് ആകാശിന്റെ രൂപതാതല നാമകരണ നടപടി പൂര്‍ത്തിയായി

ദേവാലയത്തിൽ ചാവേർ ആക്രമണം നടത്താൻ വന്ന തീവ്രവാദിയെ സ്വജീവൻ പണയം വെച്ച് തടഞ്ഞുനിർത്തി അനേകരുടെ ജീവൻ രക്ഷിക്കുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ആകാശ് ബഷീറിൻ്റെ നാമകരണ നടപടിയിലെ സുപ്രധാന ഘട്ടം പിന്നിട്ട് ലാഹോർ അതിരൂപത. രൂപതാ അന്വേഷണത്തിനു സമാപനം കുറിച്ചുകൊണ്ട് ബലിയര്‍പ്പണവും സമാപന സമ്മേളനവും ഇക്കഴിഞ്ഞ ദിവസം നടന്നു. സമാപന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ അധ്യക്ഷത വഹിച്ചു. ഫാ. അംജദ് യൂസഫ്, എപ്പിസ്‌കോപ്പൽ പ്രതിനിധി ഫാ. റഫാൻ ഫയാസ്, പ്രൊമോട്ടർ ഓഫ് ജസ്റ്റിസ്, ഫാ. പാട്രിക് സാമുവൽ ഒഎഫ്എം എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ആകാശ് ബഷീറിൻ്റെ ജീവിതത്തെ സംബന്ധിക്കുന്ന പഠന വിധേയമാക്കിയ കാര്യങ്ങളും കണ്ടെത്തിയ കാര്യങ്ങളും അവതരിപ്പിച്ചു.

പ്രാമാണീകരണ പ്രക്രിയ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ രേഖകൾ റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയിലേക്ക് അയക്കും. ഇതിന്റെ ഉത്തരവാദിത്വം, പാക്കിസ്ഥാനിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ജെർമാനോ പെനർനോട്ട് ഏറ്റെടുത്തു. വത്തിക്കാനിലെ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ നാമകരണ സംബന്ധമായ വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷായും മറ്റ് പ്രതിനിധി അംഗങ്ങളും പ്രതിജ്ഞയെടുക്കുകയും നടപടി ക്രമപ്രകാരം മുദ്രവെക്കുകയും ചെയ്തു.

1994 ജൂൺ 22ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നൗഷേരയിലെ റിസാൽപൂരിലായിരിന്നു ആകാശിന്റെ ജനനം. 2008ലാണ് ആകാശിന്റെ കുടുംബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാശ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാശും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m