യുവതി-യുവാക്കളെ നസ്രായനിലേക്ക് അടുപ്പിക്കാൻ : ലക്സിയോ ഡിവൈൻ

ഷംഷാബാദ് : രൂപതയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി യുവജനങ്ങളെ ഏകോകിപ്പിച്ച് സാന്തോം യൂത്ത് മൂവ്മെന്റിന്റെ (S.Y.M ) നേതൃത്വത്തിൽ  വ്യത്യസ്തമായൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഷംഷാബാദ് രൂപത. മൂന്ന് മാസംകൊണ്ട് വിശുദ്ധ ഗ്രന്ഥ പാരായണം എന്നതാണ്  S.Y.M ന്റെ  നേതൃത്വത്തിൽ ഷംഷാബാദ് രൂപത മുന്നോട്ട് വയ്ക്കുന്ന ആശയം. യുവജനങ്ങളെ മുൻനിർത്തി ഒരുപാട് പ്രവർത്തനങ്ങൾ രൂപത മുൻപും സംഘടപ്പിച്ചിട്ടുണ്ടെകിലും ഈ അസാധാരണ കാലഘട്ടത്തിൽ ഏറ്റവും പ്രായോഗികമായ ഒരു ആശയമായിട്ടാണ് ഇത് വിലയിരുത്തുന്നത്.  S.Y.M ന്റെ നിലവിലെ ഡയറക്ടറായ ഫാദർ ആൻസിലോ ഇലഞ്ഞിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പ്രൊജക്റ്റിന്  “ലക്സിയോ ഡിവൈൻ” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അനുഗ്രഹ ആശംസകളോടെ ആരംഭിച്ച ഈ പ്രൊജക്റ്റ് രൂപതയുടെ സ്വപ്ന പദ്ധതിയാണെന്ന്  S.Y.M ഡയറക്ടർ കൂട്ടിച്ചേർത്തു. യുവജനങ്ങളാണ് സഭയുടെ ശക്തി . അതിനാൽ യുവത്വത്തെ മിശിഹായിലേക്ക് അടുപ്പിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും നാം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“നിങ്ങൾ ലോകമെങ്ങും പോയി സർവ്വ സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന തിരുവചനമാണ്  ഈ പ്രോജക്ടിന്റെ അടിത്തറ. ഇന്നത്തെ ആധുനിക യുഗത്തിലെ ഏറ്റവും ശക്തവും നിഷ്പ്രയാസം സർവ്വരിലേക്കും വ്യാപിക്കാൻ കഴിവുള്ളതുമായ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ പ്രൊജക്റ്റ്  ഏവരിലും എത്തിക്കാൻ ആഗ്രഹിക്കുന്നതായി ഫാദർ. ആൻസിലോ പറഞ്ഞു. 2021 ജനുവരി ഏഴാം തിയ്യതി അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന്റെ യുവജന
ധ്യാനത്തോടെയാണ് ഈ പ്രോജെക്ടിന് സമാപനം കുറിക്കുന്നത്.

എല്ലാവർക്കും അവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെ ബൈബിളിലെ ഓരോ അധ്യായങ്ങളും ഉൾപ്പെടുത്തിയുള്ള യുവതീ-യുവാക്കളുടെ ബൈബിൾ പാരായണം വിഡിയോകളാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇങ്ങനെ ഒരു ആശയം ഉൾകൊണ്ടതിന്റെ പ്രധാന കാരണം എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുക എന്നതാണ്. എല്ലാ ക്രിസ്തീയ കൂട്ടായ്മകൾക്കും മാതൃകയായി മാറുന്ന ഒന്നാണ് ഷംഷാബാദ് രൂപതയുടെ ‘ലക്സിയോ ഡിവൈൻ’.