റൊസാരിയോ : 1973-1990 കാലയളവിൽ തെക്കേ ദക്ഷിണ-അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യമായ ചിലിയിൽ അധികാരത്തിലിരുന്ന സൈനിക സേച്ഛാധിപതി ജനറൽ അഗസ്റ്റ പിനോഷെയുടെ കാലത്തെ കുപ്രസിദ്ധമായ ഭരണഘടന പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്നുവരുന്ന പ്രക്ഷോഭങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് തലസ്ഥാന നഗരമായ സാന്റിയാഗോയിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങൾ പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. ‘ദി അസംപ്ഷൻ ഓഫ് ദി വെർജിൻ മേരി’ ദേവാലയവും, ‘ഔർ ലേഡി ഓഫ് മൗണ്ട് മിലിട്ടറി’ എന്ന കത്തീഡ്രലുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അഗ്നിക്കിരയായത്. ദേവാലയങ്ങൾ ലക്ഷ്യമാക്കിയുള്ള ഈ അക്രമത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം പൂർണ്ണമായും കത്തിനശിച്ചു.
വരുന്ന ഒക്ടോബർ 25ന് സേച്ഛാധിപത്യകാലത്തെ ഭരണഘടനാ പരിഷ്‌ക്കരിക്കണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് പൊതു ജനഹിത പരിശോധന നടക്കാനിരിക്കവേയാണ് പ്രക്ഷോഭകർ ദേവാലായങ്ങൾ അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട പ്രതിക്ഷേധങ്ങളുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സെൻട്രൽ സാന്റിയാഗോ സ്‌ക്വയറിൽ പതിനായിരക്കണക്കിന് പ്രക്ഷോഭകർ ഒരുമിച്ചുകൂടിയത്. ഇവരിൽ ചിലർ ഉച്ചയായതോടെ ആക്രമാസക്തരാവുകയായിരുന്നു. ദേവാലയങ്ങളുടെ പിന്നിലൂടെ പ്രവേശിച്ച് വിശുദ്ധ രൂപങ്ങൾ നീക്കം ചെയ്ത ഇവർ, തുടർന്ന് ദേവാലയത്തിലെ വിവിധ വസ്തുക്കൾ കൊണ്ടുതന്നെ തടസ്സം സൃഷ്ട്ടിച്ച ശേഷം ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയായിരുന്നു.
ദേവാലങ്ങൾ അക്രമിക്കപ്പെട്ടതിനെ, കത്തോലിക്കാ സഭ വളരെ ശക്തമായി അപലപിച്ചു. ക്രിസ്തീയ വിരുദ്ധത പ്രകടമാക്കിയ ഈ അക്രമത്തിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിലൂട പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ മറ പിടിച്ചുകൊണ്ട് അക്രമികളും, സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നത് തടയണമെന്ന് സഭാ നേതൃത്യം ആവശ്യപ്പെട്ടു.
ആക്രമം തെറ്റാണെന്നും അക്രമം വിതയ്ക്കുന്നവൻ നാശവും വേദനയും മരണവും കൊയ്യുമെന്നും സാന്റിയാഗോ മെത്രാപ്പോലീത്ത അക്രമത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു. സ്നേഹം അക്രമത്തെക്കാളും, വിദ്വേഷത്തേക്കാളും ശക്തമാണെന്നും നല്ലവരായ ചിലി ജനത അക്രമത്തെ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവാലങ്ങൾ അഗ്നിക്കിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.