ക്രിസ്ത്യാനികൾക്ക് പ്രത്യേക രാഷ്ട്രീയമുണ്ടോ?

കേരളത്തിലെ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളാണ്, ഒപ്പം അവർ കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകളുമാണ്! ക്രിസ്ത്യാനികൾ എന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയമില്ല. എന്നാൽ സ്വതന്ത്ര ഇന്ത്യൻ പൗരർ എന്ന നിലയിൽ അവർക്കു സ്വന്തവും സ്വതന്ത്രവുമായ രാഷ്ട്രീയവും, രാഷ്ട്രീയ പാർട്ടിപരമായ താല്പര്യങ്ങളുമുണ്ട്.

രാഷ്ട്രീയമായി അവർ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. എന്നാൽ ക്രിസ്ത്യാനികൾ, എന്ന നിലയിൽ അവർ രാഷ്ട്രീയമായി ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അജീവനാന്ത അടിമത്തമോ വിപ്രതിപത്തിയോ പുലർത്തുന്നവരല്ല.

ക്രൈസ്തവർ പൊതുവേ, സമകാലിക രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും ജനവവിതത്തിൽ അനുവർത്തിച്ചുപോരുന്ന നയപരിപാടികളെയും വികസന സമീപനങ്ങളെയും വിലയിരുത്താനും, അതിനു യോജിക്കുന്നവിധം സ്വതന്ത്രമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാനുമുള്ള യുക്തിയും തീരുമാനവും സ്വന്തമായുള്ളവരാണ്.

ഏതു രാഷ്ട്രീയപ്പാർട്ടിക്കു വോട്ടു ചെയ്യണം എന്നു സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയുന്നവിധം ഒരു രാഷ്ട്രീയ ബോധം അവരിൽ വളർത്തിക്കൊണ്ടുവരാനും അവരുടെ കാഴ്ചപ്പാടുകളെയും മനസ്സാക്ഷിയെയും രൂപീകരിക്കാനും ക്രൈസ്തവ സഭകളും സമൂഹങ്ങളും ശ്രദ്ധ ചെലുത്താറുണ്ട്. അതുകൊണ്ടുതന്നെ, ക്രൈസ്തവ സമുദായത്തിന്റെ താല്പര്യങ്ങൾ നടത്തിയെടുക്കാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതോ, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ വോട്ടുബാങ്കായി ക്രൈസ്തവ സമൂഹത്തെ വാർത്തെടുക്കുന്നതോ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ അജണ്ടയല്ല.

രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന മുൻവിധികളെയും തെറ്റായ പ്രചാരണങ്ങളെയും സംബന്ധിച്ച്, ചില മുന്നറിയിപ്പുകൾ സഭാ നേതൃത്വം നൽകുന്നത്, രാഷ്ട്രീയ തീരുമാനങ്ങളിൽ തെറ്റായ പ്രചാരണങ്ങളിലും മുൻവിധികളിലും ക്രൈസ്തവർ കുടുങ്ങിക്കിടക്കരുത് എന്ന മുന്നറിയിപ്പാണ്. അതിൽ ആരും അസ്വസ്ഥരാകേണ്ടതില്ല.

ഇന്ത്യയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ, ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി ശക്തിയാർജിക്കുന്നുണ്ടെങ്കിൽ, അതിനു കാരണം, രാഷ്ട്രീയ പാർട്ടികളുടെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്പ്രചാരണങ്ങളെയും മുൻവിധികളെയും തള്ളിക്കളയാനുള്ള രാഷ്ട്രീയ പക്വത അവിടങ്ങളിലെ ക്രിസ്ത്യാനികൾക്കുണ്ടായി എന്നതാണ്.

സ്വതന്ത്രവും നീതിയുക്തവായ തെരഞ്ഞെടുപ്പു നടത്താൻ കഴിയുന്നത്, സ്വതന്ത്ര ഇന്ത്യൻ പൗരർക്കാണ്, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിമകൾക്കല്ല എന്ന ജനാധിപത്യ യുക്തി, കേരളത്തിലെ പ്രബുദ്ധ സമൂഹം തിരിച്ചറിയണം..

കടപ്പാട് :ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group