ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതകഥ കേരളത്തിലും പ്രദര്‍ശനത്തിന്

വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ കേരളത്തിലെ തീയറ്ററുകളിലും പ്രദർശനം തുടരുന്നു.

സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. ശക്തമായ ക്രിസ്തീയ പ്രമേയത്തിലുള്ള സിനിമയുടെ ഓരോ നിമിഷവും മനോഹരമാണെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്.

ക്രിസ്തുനാമത്തിന്റെയും കുരിശിന്റെയും ശക്തി, പൗരോഹിത്യത്തിന്റെയും കുമ്പസാരത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും കൂട്ടായ്മയുടെ ശക്തി, മാതൃത്വത്തിന്റെ ശക്തി, സഭാമാതാവിന്റെ ശക്തി എന്നിവയെല്ലാം ആസ്വദിച്ചു ബോധ്യപ്പെടാന്‍ സഹായകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന ചിത്രമാണ് ‘ദി പോപ്‌സ് എക്‌സോര്‍സിസ്റ്റ്’എന്ന് പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോഷി മയ്യാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോയാണ് മാര്‍പാപ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ദി വിച്ച്, ദി ഗ്രീന്‍ ക്നൈറ്റ് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ റാല്‍ഫ് ഇനെസനാണ് പിശാചിന് ശബ്ദം നല്‍കുന്നത്. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു.

1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്’. അതേസമയം സിനിമയ്ക്ക് വേണ്ട പബ്ലിസിറ്റി ലഭിക്കാത്തതിനാൽ വരും ദിവസങ്ങളിൽ സിനിമ തീയറ്ററുകളിൽ നിന്ന് പിൻവലിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group