കുട്ടികൾക്കുനേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പോക്സോനിയമം നിലവിൽ വന്നിട്ട് പത്തു വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കു കുറവില്ല.
ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും പുറംലോകം അറിഞ്ഞാലുണ്ടായേക്കാവുന്ന നാണക്കേടുമൊക്കെയാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ മൂടിവയ്ക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഹീനമായ പ്രവൃത്തികൾ കുഞ്ഞിലുണ്ടാക്കാൻ ഇടയുള്ള ശാരീരിക- മാനസിക- വൈകാരിക പ്രശ്നങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിനും ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്തു നടപടികൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചുമുള്ള അവബോധം രക്ഷിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിലെ എല്ലാവർക്കും ആവശ്യമാണ്.
പീഡനം പെരുകുന്ന കേരളം
സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും വർധിച്ചുവരുന്ന പോക്സോ കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്കെടുത്താൽ 2020ൽ 3,042 കേസുകളും 2021ൽ 3,516 കേസുകളും ഈവർഷം ഇതുവരെ 1,480 കേസുകളും രജിസ്റ്റർ ചെയ്തു.
കേരളത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ മാത്രമല്ല തട്ടിക്കൊണ്ടുപോകൽ, ഭ്രൂണഹത്യ, ആത്മഹത്യാപ്രേരണ, ചൂഷണവും ഉപേക്ഷിക്കലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാഴ്ചവയ്ക്കൽ, വേശ്യാവൃത്തിക്കായി പെൺകുട്ടികളെ വാങ്ങൽ, വേശ്യാവൃത്തിക്കായി പെൺകുട്ടികളെ വിൽക്കൽ, ശൈശവ വിവാഹം തുടങ്ങി പലതരത്തിലുള്ള ചൂഷണങ്ങൾക്കും കുട്ടികൾ ഇരയാകുന്നുണ്ട്.
പീഡനത്തിനു വിധേയരാകുന്ന കുട്ടികളിൽ ചെറിയൊരു ശതമാനം മാത്രമേ നിയമത്തിന്റെയോ ഡോക്ടർമാരുടെയോ മുന്പിൽ സഹായം തേടിയെത്താറുള്ളൂ. ഭൂരിഭാഗം കുട്ടികളും അവർക്കുണ്ടായ ദുരനുഭവങ്ങൾ പുറത്തുപറയാതെ കഠിനമായ മാനസിക സമ്മർദങ്ങൾക്ക് അടിപ്പെട്ട് പഠനത്തിലും പെരുമാറ്റത്തിലും സാരമായ പ്രശ്നങ്ങളുമായി പ്രയാസമനുഭവിക്കുന്നതായി കണ്ടുവരുന്നുണ്ട്. കഠിനമായ മാനസിക പ്രശ്നങ്ങളെത്തുടർന്ന് ഇവരിൽ പലർക്കും പിൽക്കാലത്ത് മനോരോഗ വിദഗ്ധരുടെ ചികിത്സ വേണ്ടിവരാറുമുണ്ട്.
എങ്ങനെ തിരിച്ചറിയാം
ലൈംഗിക പീഡനത്തിന് ഇരകളാകുന്ന കുട്ടികൾ ചില ശാരീരിക-മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ പ്രദർശിപ്പിച്ചുവെന്നതുകൊണ്ടു മാത്രം കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് അനുമാനിക്കരുത്. കാരണം മറ്റു പല രോഗാവസ്ഥകൾ മൂലവും കുട്ടികളിൽ ഇത്തരം ചില ലക്ഷണങ്ങൾ പ്രകടമാകാം. എന്നാൽ പൊടുന്നനെ ഇത്തരം ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിച്ചാൽ, കുട്ടിക്ക് ദുരനുഭവങ്ങളെന്തെങ്കിലും നേരിട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും.
പഠനത്തിൽ പെട്ടെന്ന് മോശമാകുക, പെട്ടെന്നൊരു മാനസികാഘാതമേറ്റതുപോലെ കുട്ടികൾ രക്ഷിതാക്കളുടെ അടുത്തുനിന്ന് അല്പസമയം പോലും മാറി നിൽക്കാൻ വൈമുഖ്യം കാണിക്കുക, പെട്ടെന്ന് ദേഷ്യം വരികയും പൊട്ടിത്തെറിക്കുകയും ചെയ്യുക, മിക്കപ്പോഴും അസ്വസ്ഥരായി കാണപ്പെടുക, ഉറക്കത്തിൽ സ്ഥിരമായി ഞെട്ടി നിലവിളിക്കുകയോ ഉറങ്ങാതിരിക്കുകയോ നല്ല ക്ഷീണമുള്ളതുപോലെ വളരെയധികം സമയം ഉറങ്ങുക, ഭക്ഷണശീലങ്ങളിൽ ക്രമക്കേടുകൾ പ്രകടിപ്പിക്കുക, സ്കൂളിലും സാമൂഹിക ഇടപെടലുകളിലും പ്രശ്നങ്ങളുണ്ടാക്കുക, വിഷാദഭാവമോ വിഷാദരോഗലക്ഷണങ്ങളോ പ്രകടമാക്കുക, ആവർത്തിച്ച് തൊണ്ടയിലോ മൂത്രാശയത്തിലോ അണുബാധയുണ്ടാകുക, സ്കൂളിൽ പോകാൻ മടികാണിക്കുക, ചില മുതിർന്നവരെ കാണുമ്പോൾ ഭയം പ്രകടിപ്പിക്കുക, ഒറ്റയ്ക്കിരിക്കാൻ താത്പര്യം കാണിക്കുക, ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാക്കുക തുടങ്ങിയവയാണു ലക്ഷണങ്ങൾ.
നിയമ സംരക്ഷണം
കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും അവയ്ക്കിരയാകുന്ന കുട്ടികൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനുമായി കേന്ദ്രസർക്കാർ 2012ൽ പാസാക്കിയ നിയമമാണ് പോക്സോ ആക്ട്. കുട്ടികളോട് വളരെയധികം സൗഹാർദം പുലർത്തുന്നതും അവരുടെ ശാരീരികവും മാനസികവുമായ പുനരധിവാസവും കൂടി ഉൾപ്പെടുത്തുന്നതുമായ സമഗ്ര നിയമമാണു പോക്സോ. പോക്സോ നിയമത്തിൽ കുട്ടികൾ എന്നു നിശ്ചയിച്ചിരിക്കുന്നത് 18 വയസ് വരെയുള്ളവരെയാണ്. ആൺകുട്ടികളും പെൺകുട്ടികളും ഭിന്നലിംഗത്തിൽപ്പെട്ട കുട്ടികളും പോക്സോ നിയമത്തിന്റെ പരിരക്ഷയിൽപ്പെടുന്നു.കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നും അശ്ലീല ചിത്രീകരണങ്ങളിൽനിന്നും രക്ഷിക്കുക, അത്തരം കുറ്റകൃത്യങ്ങളിൽ വേഗമേറിയ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക എന്നിവയാണ് പോക്സോ ആക്ടിന്റെ ലക്ഷ്യങ്ങൾ.പോക്സോ ആക്ട് പ്രകാരം 18 വയസിൽ താഴെ പ്രായമുള്ള എല്ലാ വിഭാഗത്തിലുംപെട്ട കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ കുറ്റകരമാണ്. എല്ലാ കുറ്റവാളികൾക്കും ശിക്ഷ ഉറപ്പാക്കുന്നു. കുറ്റവാളി സ്ത്രീയായാലും പുരുഷനായാലും ഏതു പ്രായത്തിലുള്ളവരായാലും ശിക്ഷയിൽ ഇളവുകൾ ഒന്നുമില്ല.
പ്രതിരോധിക്കാം, കൈപിടിച്ചുയർത്താം
സ്വയം സംരക്ഷിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക. നല്ലതും ചീത്തയുമായ സ്പർശനങ്ങളും ഇടപെടലുകളും കുട്ടികളെ പഠിപ്പിക്കാം. ശരീരാവയവങ്ങളെക്കുറിച്ചും അവയിൽ സ്വകാര്യഭാഗങ്ങളെക്കുറിച്ചും ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾക്ക് അറിവ് നൽകണം. സ്വകാര്യഭാഗങ്ങൾ സ്പർശിക്കാനോ കാണാനോ ചിത്രീകരിക്കാനോ ആരേയും അനുവദിക്കരുതെന്നും അതിനാരെങ്കിലും ശ്രമിച്ചാൽ ഉടൻതന്നെ രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കണമെന്നും പറഞ്ഞുകൊടുക്കണം. അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ആരെങ്കിലും സ്പർശിക്കാൻ ശ്രമിച്ചാൽ അല്ലെങ്കിൽ പ്രലോഭിപ്പിച്ചാൽ പ്രതികരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. അസ്വാഭികമായ പെരുമാറ്റം ആരിൽനിന്നെങ്കിലും ഉണ്ടായാൽ ഉടൻ രക്ഷിതാക്കളെ അറിയിക്കണമെന്നു കുട്ടികളെ മനസിലാക്കിക്കൊടുക്കണം. അടുത്താരുമില്ലെങ്കിൽ 1098 എന്ന ചൈൽഡ് ലൈൻ നമ്പറിൽ വിളിച്ചു കാര്യം പറയാൻ കുട്ടിക്ക് അറിവ് നൽകണം.
ചില നിയന്ത്രണങ്ങളും വേണം
കുട്ടികളെ ഫോൺ, കംപ്യൂട്ടർ, സോഷ്യൽ മീഡിയകൾ മുതലായവ ഉപയോഗിക്കാൻ നിശ്ചിതസമയം കുടുംബത്തിൽ എല്ലാവരുടേയും സാന്നിധ്യത്തിൽ മാത്രം അനുവദിക്കുക. കഴിവതും ഇന്റർനെറ്റ് കണക്ഷനുള്ള ഉപകരണങ്ങൾ വീട്ടിൽ എല്ലാവരും പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുക. കുട്ടികളുടെ കിടപ്പുമുറികളിൽ ഇവ ഉപയോഗിക്കാൻ അനുവാദം നൽകാതിരിക്കുക. കുട്ടികൾ ഇന്റർനെറ്റും സോഷ്യൽ മീഡിയകളും മറ്റ് ആപ്പുകളും ഉപയോഗിക്കുന്നത് നിരീക്ഷിക്കുക. സേർച്ച് ഹിസ്റ്ററികൾ മുഖേന ഇതു ചെയ്യാവുന്നതാണ്. ഇത്തരം ഉപകരണങ്ങൾ നൽകുമ്പോൾ ഇവയിൽ പതിയിരിക്കുന്ന അപകടക്കെണികളെക്കുറിച്ച് കുട്ടികൾക്ക് മുൻകൂട്ടി അറിവ് നൽകുക.
സ്കൂളും പരിസരവും കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. സ്കൂളിൽ പോകാനുപയോഗിക്കുന്ന വാഹനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് ഏറ്റവും അവസാനം വീടുകളിൽ എത്തുന്ന കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ. സ്കൂളുകളിലെ ഒഴിഞ്ഞ കോണുകളിലേക്ക് ആരു വിളിച്ചാലും ഒറ്റയ്ക്ക് കൂടെ പോകരുതെന്ന നിർദേശം കുട്ടികൾക്ക് നൽകുക. കുട്ടികൾ സ്കൂൾ വിട്ട് സമയത്തിന് വീട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.
കുട്ടികൾക്കെതിരേ ലൈംഗിക അതിക്രമമുണ്ടായാൽ അവയെ നേരിടുന്നതിനാവശ്യമായ എല്ലാ പരിരക്ഷയും നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇത്തരം കുറ്റങ്ങൾ നടത്തുന്ന പലരുടെയും വിശ്വാസം ഇത്തരം കാര്യങ്ങൾ ആരും പുറത്തുപറയില്ല എന്നാണ്. നിയമത്തിനുമുന്നിൽ ഇത്തരം ഹീനപ്രവൃത്തികൾ ചെയ്യുന്നവരെ കൊണ്ടുവരേണ്ടത് കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത്തരം ആളുകളിൽനിന്നും നമ്മുടെ പിഞ്ചോമനകളെ രക്ഷിക്കുന്നതിനും ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
കടപ്പാട് :ജോബി ബേബി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group